ADVERTISEMENT

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പച്ചമലയാളത്തിൽ എഴുതിയാൽ സെക്കൻഡുകൾ കൊണ്ട്  മുല്ലപ്പൂക്കൾക്കിടയിൽ നിൽക്കുന്ന പെൺകുട്ടിയുടെ തെളിമയുള്ള ചിത്രം സൃഷ്ടിച്ചു നൽകും എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഐഎ) സാങ്കേതിക വിദ്യയെ ഇംഗ്ലിഷ് ഭാഷയുടെ ചട്ടക്കൂടിൽ നിന്ന് പുറത്തുകൊണ്ടുവന്ന് പ്രാദേശിക തലത്തിലേക്ക് എത്തിക്കുകയാണ് ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ. ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന എഐ ടൂളുകൾ ഇംഗ്ലിഷ് ഭാഷ അറിയാത്തവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ ഉപയോഗിക്കാവുന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ നിർമിച്ചിരിക്കുകയാണ് ട്രിഡ്സ് (Tridz) സ്റ്റാർട്ടപ്. കോഴിക്കോടും ബെംഗളൂരുവുമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഇൻഡിക്എഐ (indicai.in) വെബ്സൈറ്റിലൂടെ ഇന്ത്യയിലെ ഏതു പ്രാദേശിക ഭാഷയിലും നമുക്ക് ആവശ്യമുള്ള വിവരങ്ങളും ചിത്രങ്ങളും എഐ ടൂൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കാം.

tridz2

പ്രാദേശിക ഭാഷയിൽ നൽകുന്ന നിർദേശങ്ങളിലൂടെ എഐ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ സഹായിക്കുന്ന ആദ്യ വെബ്സൈറ്റാണ് ഇതെന്ന് കമ്പനി സ്ഥാപകനും സോഫ്റ്റ്‌വെയർ ആർക്കിടെക്ടുമായ സഫ്‌വാൻ എരൂത്ത് പറഞ്ഞു.

1386041138

സഫ്‌വാനൊപ്പം സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ഷെഹ്‌സാദ് ബിൻ ഷാജഹാൻ, മുനീബ് മുഹമ്മദ്, പ്രോഡക്ട് ഡിസൈനർ നിഹാൽ എരൂത്ത് എന്നിവർ ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ഇന്ത്യൻ പശ്ചാത്തലം

tridz1

ഇപ്പോഴുള്ള സൈറ്റുകളിൽ ജനറേറ്റ് ചെയ്യുന്ന കേരള പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ പാശ്ചാത്യ കേന്ദ്രീകൃതവും സ്ഥിരസങ്കൽപങ്ങളിൽ കുടുങ്ങിക്കിടക്കുന്നവയുമാണ്. ഇതു മറികടക്കാൻ ഓപ്പൺ സോഴ്സ് എഐ മോഡലുകളെ കൂടുതൽ ഇന്ത്യൻ പശ്ചാത്തല ഡേറ്റ ഉപയോഗിച്ച് നവീകരിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ഓപ്പൺ എഐ പോലുള്ള ആഗോള സൈറ്റിൽ പരിമിതമായി മാത്രം ലഭിക്കുന്ന ഇന്ത്യയെയും കേരളത്തെയും കുറിച്ചുള്ള പ്രാദേശികമായ വിവരങ്ങൾ ഇതിൽ പരമാവധി ഉൾപ്പെടുത്താനും ശ്രമം നടക്കുകയാണ്.

tridz

ഒന്നിലധികം ഓപ്പൺ സോഴ്‌സ് എഐ മോഡലുകൾ സംയോജിപ്പിച്ചാണ് എഐ ആർട്ട്‌ സൃഷ്ടിക്കാൻ കഴിയുന്ന ടൂൾ നിർമിച്ചിട്ടുള്ളത്. എഐ ടെക്സ്റ്റ്‌ നൽകുന്നത് ഓപ്പൺ എഐയുടെ ഡേറ്റയും മെഷീൻ ട്രാൻസ്‌ലേഷനും ഉപയോഗപ്പെടുത്തിയിട്ടാണ്. നമ്മൾ നൽകുന്ന വിവരങ്ങൾ ട്രാൻസ്‌ലേഷൻ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി ലഭിക്കും. രേഖാചിത്രം പോലുള്ളവ നിർമിക്കാനും ഇതുവഴി സാധിക്കും. ലോഗിൻ ചെയ്ത് ചെറിയ തുക നൽകി ഏതൊരാൾക്കും സൈറ്റ് ഉപയോഗിക്കാം.

English Summary : AI Tool in Local Language

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com