ഇൻഫ്ലുവെൻസർ മാർക്കറ്റിങ്: കുറഞ്ഞ ചെലവിൽ കൂടുതൽ വിൽപന
Mail This Article
യുട്യൂബ്, ഇൻസ്റ്റഗ്രാം പോലുള്ള നവമാധ്യമങ്ങളിൽ വിശ്വാസ്യത നേടിയെടുത്ത വ്ലോഗർമാരിലൂടെ സംരംഭത്തെ/ബ്രാൻഡിനെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന രീതിയാണ് ഇൻഫ്ലുവെൻസർ മാർക്കറ്റിങ്. വ്ലോഗർ ഉൽപന്നം/സേവനം ഉപയോഗിച്ചശേഷം അവലോകനം നടത്തുകയാണ് ചെയ്യുക. എന്നാൽ, ഇത്തരം പ്രമോഷനായി ഇൻഫ്ലുവെൻസർമാരെ തിരഞ്ഞെടുക്കുന്നതിൽ പല കാര്യങ്ങളും ശ്രദ്ധിക്കണം.
1. ഇൻഫ്ലുവെൻസറുടെ മേഖല
സംരംഭത്തിന്റെ പ്രവർത്തനമേഖലയിൽനിന്നു തന്നെയുള്ള ഇൻഫ്ലുവെൻസറെ വേണം സമീപിക്കാൻ. ഒരു ലാപ്ടോപ്-മൊബൈൽ ഷോപ്പിന്റെ പ്രചാരണത്തിന് ആ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ഒരാൾ വേണം. മറിച്ച് കൂടുതൽ പേർ പിന്തുടരുന്നുവെന്നതുകൊണ്ട് സംരംഭത്തിന്റെ മേഖലയുമായി ബന്ധമില്ലാത്ത ഇൻഫ്ലുവെൻസറെ ഏൽപിച്ചാൽ വിജയസാധ്യത തീരെക്കുറവാകും. മേൽസൂചിപ്പിച്ച ഉദാഹരണത്തിൽ, ഓട്ടമൊബീൽ വ്ലോഗറായ ബൈജു എൻ. നായരോ ഫുഡ് വ്ലോഗറായ മൃണാൾ ദാസോ നടത്തുന്ന ക്യാംപെയ്നുകളെക്കാൾ ഫലം കിട്ടുക, ഇവരെക്കാളും സബ്സ്ക്രൈബേഴ്സ് കുറവുള്ള, എന്നാൽ കംപ്യൂട്ടർ– ലാപ്ടോപ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്ലോഗർ മുഖേനെയുള്ള ക്യാംപെയ്നായിരിക്കും.
2. ചെലവ് നിയന്ത്രിക്കാം
പല പ്രമുഖ ഇൻഫ്ലുവെൻസർമാരും പ്രചാരണപരിപാടികൾക്ക് വലിയ തുക ഈടാക്കുന്നുവെന്നതാണ് സംരംഭകരുടെ പരാതി. നിശ്ചിത സ്ഥലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്ലോഗർമാരെ സമീപിക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം. ഉദാഹരണത്തിന്, തിരുവനന്തപുരത്തെ റസ്റ്ററന്റിനായി അവിടത്തെ ഭക്ഷണശാലകളെ കേന്ദ്രീകരിച്ച് വ്ലോഗ് ചെയ്യുന്നവരെ സമീപിക്കുന്നതാണു നല്ലത്, കേരളം മുഴുവനായി വ്ലോഗ് ചെയ്യുന്നവരെക്കാൾ കുറഞ്ഞ ചെലവിൽ കാര്യം നടക്കും. സംരംഭത്തോടു ഭൗമശാസ്ത്രപരമായി അടുത്തുള്ള ഉപഭോക്താക്കളിലേക്കു വേഗം എത്താനുമാകും. എന്നാൽ, സംരംഭം സംസ്ഥാനത്തുടനീളമോ ഒന്നിലധികം ജില്ലകളിലോ ഉണ്ടെങ്കിൽ ഈ രീതി ഫലപ്രദമാകില്ല.
3. ഏത് പ്ലാറ്റ്ഫോം തിരഞ്ഞെടുക്കണം
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അതിപ്രസരമുള്ള ഇക്കാലത്തു പ്രചാരണത്തിന് ഏതു പ്ലാറ്റ്ഫോം തിരഞ്ഞെടുക്കണമെന്നത് ആശയക്കുഴപ്പമുണ്ടാക്കാം. നിങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കൾ ഏതു പ്ലാറ്റ്ഫോമാണു കൂടുതൽ ഉപയോഗിക്കുന്നതെന്നു നോക്കി വേണം അതുചെയ്യാൻ. ചെറുപ്പക്കാരെ ടാർഗറ്റ് ചെയ്യുന്നവയ്ക്ക് ഇൻസ്റ്റഗ്രാം തിരഞ്ഞെടുക്കാം. ഇത്തരത്തിൽ പലതും വിലയിരുത്തിവേണം മുന്നോട്ടു പോകാൻ.
4. വിശ്വാസ്യതയും (കു)പ്രസിദ്ധിയും
ഇൻഫ്ലുവെൻസറുടെ വിശ്വാസ്യതയ്ക്കും പ്രസിദ്ധിക്കും കാതലായ സ്ഥാനമുണ്ടിവിടെ. കുപ്രസിദ്ധിയാർജിച്ച ഇൻഫ്ലുവൻസർ മുഖേന പ്രചാരണം നടത്തിയാൽ ദുഷ്പേരാകും ഫലം. മാത്രമല്ല, നിയമനടപടികളും നേരിടേണ്ടി വന്നേക്കാം.
ഓഗസ്റ്റ് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.
English Summary: Factors To Consider When Planning Influencer Marketing