ADVERTISEMENT

മെട്രോ, ടാക്സി, ഓട്ടോ, ബസ്, വിമാനം തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളും വാണിജ്യസേവനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്നതിന് ശ്രമം. സംസ്ഥാനത്തെ ഓപ്പൺ മൊബിലിറ്റി ശൃംഖല വിപുലപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) സംരംഭമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) സംസ്‌ഥാന ഗതാഗത വകുപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. യാത്രക്കാരെയും ഓട്ടോ–ടാക്സി ഡ്രൈവർമാരെയും ചൂഷണം ചെയ്യാത്ത സംവിധാനമായിരിക്കും ഇതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മെട്രോ ഉൾപ്പടെ എല്ലാ ഗതാഗത സംവിധാനങ്ങളെയും ഉൾപ്പെടുത്തി രണ്ട് വർഷം മുമ്പ് കൊച്ചിയിൽ തുടങ്ങിയ കൊച്ചി മൊബിലിറ്റി നെറ്റ്വർക്ക് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പ് വയ്ക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് എന്ന പേരിൽ ആരംഭിച്ച പദ്ധതി സംസ്‌ഥാന വ്യാപകമായി നടപ്പാക്കുകയും കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് (KOMN) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്യും.  ഈ പദ്ധതി കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ഗതാഗത മാർഗ്ഗങ്ങളെയും ഒ എൻ ഡി സി നെറ്റ്‌വർക്കുമായി  സംയോജിപ്പിക്കുകയും ഉപയോക്തൃ-സൗഹൃദ ബയർ, സെല്ലർ ആപ്പുകൾ വഴി എല്ലാ ഗതാഗത മാർഗ്ഗങ്ങളിലേക്കും താങ്ങാനാവുന്നതും സൗകര്യപ്രദവുമായ സേവനം ഉറപ്പാക്കുകയും ചെയ്യും.

ഇടനിലക്കാരെ ഒഴിവാക്കി  ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാൻ ഡ്രൈവർമാരെ അനുവദിക്കുന്ന കൊച്ചിയിലെ യാത്രി ക്യാബ്, ഓട്ടോ ബുക്കിങ് ആപ്പ് എന്നിവ ഇതിനുദാഹരണങ്ങളാണ്. അതുവഴി ഉപയോക്താക്കൾക്ക് കുറഞ്ഞ തുക നൽകിയാൽ മതി. ഡ്രൈവർമാർക്ക് കൂടുതൽ സമ്പാദിക്കാനും കഴിയും. അയ്യായിരത്തിലേറെ ഡ്രൈവർമാരും രണ്ടു ലക്ഷം ഉപഭോക്താക്കളുമായി ഈ ആപ്പിന് 180000 ട്രിപ്പുകൾ പൂർത്തിയാക്കാനും കമ്മീഷനുകളില്ലാതെ നാലര കോടി രൂപ ഡ്രൈവർമാർക്ക് സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആൻറണി രാജു, വ്യവസായ മന്ത്രി പി. രാജീവ്, കെ.ബാബു എം എൽ എ, കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ്‌ ബെഹ്‌റ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, എഫ് ഐ ഡി ഇ സി.ഇ.ഒ സുജിത് നായർ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്‌ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, ഒ എൻ ഡി സി സി.ബി ഒ ഷിറീഷ് ജോഷി എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവച്ചു.

English Summary : ONDC - MVD MOU Signed

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com