ചില കുടുംബ ബജറ്റ് മാതൃകകൾ
Mail This Article
കേരള സമൂഹത്തിൽ മൂന്നിൽ രണ്ടും ഇടത്തരം, സാമ്പത്തിക സ്ഥിതിയുള്ള മധ്യവർഗ കുടുംബങ്ങളാണെന്നു പറയാം. ഇവരിൽ തന്നെ ലോവർ മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് എന്നിങ്ങനെയുള്ള തരംതിരിവും പ്രത്യേകതകളും പ്രകടമാണ്. മധ്യവർഗകുടുംബങ്ങളെ അടിസ്ഥാനമാക്കി ശരാശരി മാതൃകകളും ഉദാഹരണങ്ങളിലും കൂടി കുടുംബ ബജറ്റുകൾ എങ്ങനെ ലളിതമായി തയാറാക്കാമെന്ന് മനസ്സിലാക്കാം.
ഇടത്തരം കുടുംബങ്ങളെ അടുത്തറിയാം
ഇപ്പോഴത്തെ വില നിലവാര സ്ഥിതി കണക്കിലെടുക്കുമ്പോൾ 5 ലക്ഷം മുതൽ 30 ലക്ഷം വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളെയാണ് പൊതുവേ ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ളവരിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇതിൽത്തന്നെ 5 ലക്ഷം മുതൽ 15 ലക്ഷം വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളെ ലോവർ മിഡിൽ ക്ലാസ് എന്നും 30 ലക്ഷം വരെ അപ്പർ മിഡിൽ ക്ലാസ് എന്നും തരം തിരിക്കാം. ഭർത്താവ് മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങൾ, ഭർത്താവും ഭാര്യയും ജോലി ചെയ്യുന്ന കുടുംബങ്ങൾ, മുതിർന്ന കുട്ടികൾ കൂടി ജോലി ചെയ്യുന്ന കുടുംബങ്ങൾ എന്നിങ്ങനെയും തരംതിരിവാകാമെങ്കിലും ലളിതമായി കുടുംബ ബജറ്റ് മാതൃക മനസിലാക്കാൻ ലോവർ മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് എന്നിങ്ങനെ പരിഗണിക്കാവുന്നതും ഓരോ കുടുംബത്തിന്റെയും പ്രത്യേകതകളനുസരിച്ച് ബജറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രയോഗത്തിൽ വരുത്താവുന്നതുമാണ്. ഇടത്തരക്കാരിൽതന്നെ ഉൾപ്പെടുമെങ്കിലും ന്യൂജെൻ കുടംബങ്ങൾക്കു പ്രത്യേകതകൾ പലതുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും 35നു താഴെ പ്രായവും കംപ്യൂട്ടർ, സെയിൽസ്, പ്രഫഷനൽ മേഖലകളിലും മറ്റും ജോലി ചെയ്യുന്ന ന്യൂജെൻ ജീവിതം നയിക്കുന്നവരുടെ കുടുംബ ബജറ്റിന് വേറിട്ടൊരു സമീപനം ആവശ്യമാണ്.
വരുമാന പ്രതീക്ഷകൾ
ഓരോ കുടുംബവും പ്രതീക്ഷിക്കുന്ന വരുമാനം രേഖപ്പെടുത്തുകയാണല്ലോ കുടുംബബജറ്റിന്റെ ആദ്യപടി.
മൂന്ന് തരം ഇടത്തരം കുടുംബങ്ങളിൽ പൊതുവേ പ്രതീക്ഷിക്കാവുന്ന പണം വരുന്ന മാർഗങ്ങൾ ഏകദേശ ശതമാനക്കണക്കിൽ പട്ടിക-1 ൽ സൂചിപ്പിക്കുന്നു. ബജറ്റ് തയാറാക്കുമ്പോൾ അവരവരുടെ പ്രത്യേകതകൾ അനുസരിച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂടി വിവിധ മാർഗങ്ങളിലായി ലഭിക്കാവുന്ന വരുമാനത്തുകയാണ് രേഖപ്പെടുത്തേണ്ടത്.
പട്ടികയിൽ നൽകിയിരിക്കുന്ന ശതമാനങ്ങൾ പൊതു സൂചകമായി മാത്രം എടുത്ത് യഥാർഥ തുകകൾ ബജറ്റിൽ ചേർക്കുക.
പട്ടിക-1: വ്യത്യസ്ത മധ്യവർഗ കുടുംബങ്ങളിലെ വരുമാന പ്രതീക്ഷകൾ
പണം ചെലവിടുന്ന വഴികൾ
ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ, മുൻകാല അനുഭവങ്ങൾ എന്നിവ അടിസ്ഥാനമാക്കി ചെലവിനങ്ങളുടെ മതിപ്പു കണക്ക് ഉണ്ടാക്കിയെടുക്കുകയാണ് ഇനി വേണ്ടത്. പണം കൊടുക്കേണ്ടതും ചെലവിടേണ്ടതുമായ എല്ലാ ചെലവനുമാനങ്ങളും തരംതിരിച്ച് പട്ടിക-2 മാതൃകയിൽ തയാറാക്കാം.
പട്ടിക-2: വ്യത്യസ്ത മധ്യവർഗ കുടുംബങ്ങളിലെ ചെലവുകളുടെ മതിപ്പു കണക്ക്
അയവുള്ള മുന്നാലോചനകൾ
പട്ടികകളിൽ സൂചിപ്പിച്ചിട്ടുള്ള ശതമാനങ്ങൾ ബജറ്റുകൾ തയാറാക്കി തുടങ്ങുമ്പോഴുള്ള മാർഗനിർദേശങ്ങൾക്കായി ഉപയോഗിച്ചു തുടങ്ങാം. ഓരോ മാസവും ഓരോ ഇനങ്ങളിലും യഥാർഥത്തിൽ ചെലവായ തുകകൾ രേഖപ്പെടുത്തി അവലോകനം ചെയ്ത് തൊട്ടുത്തമാസത്തെ ബജറ്റിന് അടിസ്ഥാനമാക്കണം. ഇത്തരത്തിൽ തുടർച്ചയായ അവലോകനത്തോടെയും കുടുംബാംഗങ്ങളുടെയെല്ലാം പങ്കാളിത്തത്തോടെയും വരും മാസങ്ങളിലെ ബജറ്റ് കൂടുതൽ പ്രായോഗികവും യാഥാർഥ്യബോധത്തോടെ അയവുള്ളതുമാക്കി മാറ്റിയെടുക്കാൻ സാധിക്കണം.
(തുടരും)