ADVERTISEMENT

ജൂനിയർ എൻജിനീയർ തസ്തികയിൽ 670 രൂപ ശമ്പളത്തിൽ 58 വർഷം മുൻപ് ജോലിക്കെടുത്ത പയ്യൻ കമ്പനിക്ക് പതിനായിരമല്ല ലക്ഷം ഇരട്ടി മുതലായതിന് ഒരുദാഹരണമേയുള്ളു. അനിൽ മണിഭായ് നായിക്! ഗുജറാത്തി! 81–ാം വയസ്സിൽ എൽ ആൻഡ് ടി ചെയർമാനായി വിരമിച്ച എ.എം. നായിക്, സ്വയം എംപ്ലോയീസ് ട്രസ്റ്റ് ചെയർമാനായി അവരോധിച്ചിരിക്കുകയാണ്.

എൽ ആൻഡ് ടിയിൽ മാത്രമല്ല യുഎസ് ഉൾപ്പെടെ ലോകമാകെ കമ്പനികളിൽ സിഇഒയുടെ ദീർഘദൂര ഓട്ടം പുതിയ ട്രെൻഡാണത്രെ. വൻ ബഹുരാഷ്ട്ര കമ്പനികളുടെ മേധാവിയായാൽ വർഷം 100 കോടിയെങ്കിലും പലവഹകളിൽ കിട്ടും. അങ്ങനെ രണ്ടോ മൂന്നോ കൊല്ലം പോരേ വിരമിച്ചിട്ട് ലോകമാകെ കറങ്ങി സുഖിക്കാൻ? പക്ഷേ പെപ്സികോ ചെയർമാനായ ഇന്ദ്ര നൂയി 12 വർഷം സ്ഥാനത്ത് ഇരുന്ന് പെപ്സിയെ ഉയരങ്ങളിലെത്തിച്ചു. എ.എം. നായിക് എംഡിയും ചെയർമാനുമായി 24 കൊല്ലം ഇരുന്നിട്ടാണ് വിരമി...ഇല്ല, പിന്നെയും വേറൊരു തസ്തികയിൽ തുടരുകയാണ്...!

നായിക് എൽ ആൻഡ് ടിയിൽ ചേർന്നത് 1965ൽ. അടുത്ത 21 വർഷം ഒരു ദിവസം പോലും വീക്കിലി ഓഫ് എടുത്തിട്ടില്ലത്രെ. ഓഫിസിലെ മേശപ്പുറത്ത് കിടന്നുറങ്ങും! കുടുംബത്തിന്റെ കാര്യം കഷ്ടമായിരുന്നെന്ന് നായിക് തന്നെ കുമ്പസാരിക്കുന്നു. 1999ൽ എംഡി ആവുമ്പോൾ കമ്പനിയുടെ വാർഷിക വിറ്റുവരവ് 5000 കോടി. 25 കൊല്ലം കഴിയുമ്പോൾ 1.83 ലക്ഷം കോടി! കെട്ടിട നിർമാണ–ഹെവി എൻജിനീയറിങ് രംഗങ്ങളിൽ നിന്ന് ഐടിയിലേക്കും മറ്റും വൈവിധ്യവൽക്കരിച്ചു.

ഇതിലൊരു ‘ഡൗൺ സൈഡ്’ ഉണ്ടെന്ന് എൽ ആൻഡ് ടി വെറ്ററൻമാർ പറയുന്നു. താഴെയുള്ള പലരുടെയും കരിയർ ‘മെസ്ഡ് അപ്’. ഒരിക്കലും മാറാത്ത മേധാവിക്ക് താൽപര്യമുള്ള കുറച്ചു പേർക്കു മാത്രമേ രക്ഷയുള്ളു. മിക്ക കമ്പനികളിലും ഒന്നൊന്നര ചെയർമാൻ കുറെക്കാലം കഴിയുമ്പോൾ പുതിയ അടവെടുക്കും. എംഡിയെ അധികാരമേൽപ്പിച്ച് ‘നോൺ എക്സിക്യൂട്ടീവ് ചെയർമാൻ’ എന്ന തസ്തികയിലേക്ക് മാറുന്നതായി അഭിനയിക്കും. കടിഞ്ഞാൺ ചെയർമാന്റെ കയ്യിൽ തന്നെ തുടരും. സകലതിലും ഇടപെടും. നായിക്കും അതു ചെയ്തു.

സ്വന്തം കമ്പനിയുടെ ചെയർമാനായി ഏറ്റവും കാലം തുടർന്നത് വാറൻ ബഫറ്റാണ് –53 വർഷമായി. ജെപി മോർഗൻ ചേസ് ബാങ്കിന്റെ ജാമി ഡിമോൺ, അഡോബിയുടെ ശന്തനു നാരായൺ, സ്റ്റാർ ബക്ക്സിന്റെ ഹോവാർഡ് ഷുൾസ്...താഴെയുള്ള സകലരും റിട്ടയർ ചെയ്തു പോകുന്നതു കണ്ടു കണ്ടങ്ങിരിക്കുന്നു.

ഒടുവിലാൻ∙ എ.എം.നായിക് പല കമ്പനി സ്ഥാപനങ്ങൾക്കും സ്വന്തം പേരും നൽകി. ഗുജറാത്ത് ഹസീറയിൽ എ.എം.നായിക് ഹെവി എൻജിനീയറിങ് കോംപ്ലക്സ്! മുംബൈ കോർപറേറ്റ് ആസ്ഥാനത്തിന് പേര് നായിക് ടവർ!!

English Summary:

Business boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com