സിംഗൂർ പ്ലാന്റ്: ടാറ്റയ്ക്ക് 766 കോടി നഷ്ടപരിഹാരം
Mail This Article
ന്യൂഡൽഹി∙ പശ്ചിമ ബംഗാളിലെ സിംഗൂരിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന നാനോ കാർ പ്ലാന്റിന് ടാറ്റ മോട്ടോഴ്സിന് 766 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും.
സിംഗൂരിലെ നിർമാണ യൂണിറ്റിനുണ്ടായ നഷ്ടങ്ങൾ കണക്കിലെടുത്ത് 3 അംഗ ആർബിട്രൽ ട്രൈബ്യൂണലിന്റേതാണ് തീരുമാനം. വെസ്റ്റ് ബംഗാൾ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ബോർഡ് 758.78 കോടി രൂപയും 2016 സെപ്റ്റംബർ 1 മുതലുള്ള 11 ശതമാനം പലിശയും (ആകെ 1355.4 കോടി) നൽകണം. പ്രശ്നങ്ങളെ തുടർന്ന് 2008 ൽ സിംഗൂരിലെ പ്ലാന്റിൽ നിന്ന് ടാറ്റയുടെ ചെറുകാറായ നാനോയുടെ നിർമാണം ഗുജറാത്തിലേക്കു മാറ്റേണ്ടതായി വന്നിരുന്നു.
ഏതാണ്ട് 1000 കോടിയോളം രൂപ ടാറ്റ സിംഗൂരിൽ നിക്ഷേപിച്ചതിനുശേഷമാണ് പ്ലാന്റ് സ്ഥാപിച്ച ഭൂമി വയലായിരുന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധമുണ്ടാകുന്നത്. നഷ്ടപരിഹാരത്തിനുള്ള ഉത്തരവു ലഭിച്ചതോടെ കേസ് അവസാനിപ്പിക്കുന്നതായും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.