അവധിക്കാലത്ത് യാത്രകൾ തകൃതിയിൽ
Mail This Article
കൊച്ചി∙ പൂജാ, ദീപാവലി അവധിക്കാലത്ത് കേരളത്തിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളും ഹൗസ്ഫുൾ. പൂജാ അവധിയുടെ ദിവസങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികളില്ലാത്ത സ്ഥിതിയായിരുന്നു. ദീപാവലി അവധിക്കാലത്തേക്കും ഡിസംബർ–ജനുവരി പീക്ക് സീസണിലും ബുക്കിങ് വന്നു കുമിയുകയാണ്. വരുന്നവരിൽ ബഹുഭൂരിപക്ഷവും വിദേശികളല്ല, മറ്റു സംസ്ഥാനക്കാരും കേരളത്തിൽ നിന്നു തന്നെയുള്ളവരുമാണെന്നതാണ് പ്രത്യേകത.
കേരളം കാണുന്ന ആഭ്യന്തര സഞ്ചാരികളിൽ 72% മലയാളികൾ തന്നെയാണ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് 18% പേർ.
2022ൽ കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികൾ 1.88 കോടിയാണ്. ഇക്കൊല്ലം ജൂൺ വരെ1.06 കോടി ആളുകളെത്തി. വർഷാവസാനത്തോടെ 2 കോടി കടക്കുമെന്നാണ് അനുമാനം.
ആഭ്യന്തര സഞ്ചാരികൾ കൂടാനുള്ള കാരണങ്ങൾ
വിദേശ രാജ്യങ്ങളിലേക്ക് വീസ കിട്ടാൻ കാലതാമസം വരികയും വിമാന നിരക്കുകൾ മൂന്നിരട്ടിയായി വർധിക്കുകയും ചെയ്തതോടെ ഇന്ത്യയ്ക്കകത്തു തന്നെ സഞ്ചരിക്കുന്ന പ്രവണത വർധിച്ചു.
മലയാളികൾ തന്നെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതും കൂടി. വിദേശ രാജ്യങ്ങളിൽ നിന്ന് അവധിക്കു വരുന്നവർ കുടുംബമൊത്ത് വിനോദയാത്രകൾക്ക് പോകുന്നു.
റിമോട്ട് വർക്കിങ്– ‘വർക്കേഷൻ’ വ്യാപകമാകയി. വെക്കേഷൻ കേന്ദ്രങ്ങളിൽ ലാപ്ടോപ്പുമായി പോയി വർക് ചെയ്യുന്നതാണ് വർക്കേഷൻ.
വിദേശികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ. കഴിഞ്ഞ വർഷം ജൂൺ വരെ 1,05960. ഇക്കൊല്ലം ജൂൺ വരെ 2,87730. കോവിഡ് കാലത്തിനു മുൻപ് വർഷം 10 ലക്ഷത്തിലേറെ വിദേശികൾ വന്നിരുന്നതാണ്.