97 ശതമാനത്തിലധികം 2000 നോട്ടുകൾ തിരിച്ചെത്തി: ആർബിഐ
Mail This Article
ന്യൂഡൽഹി∙ പ്രചാരത്തിലുണ്ടായിരുന്ന 97 ശതമാനത്തിലധികവും 2000 രൂപാ നോട്ടുകൾ ബാങ്കിങ് സംവിധാനത്തിലേക്കു തിരിച്ചെത്തിയതായി ആർബിഐ. ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം പൊതുജനങ്ങളുടെ പക്കലുള്ളത് 10,000 കോടി രൂപയുടെ മൂല്യമുള്ള 2000 നോട്ടുകളാണ്. കഴിഞ്ഞ മേയ് 19 നാണ് റിസർവ് ബാങ്ക് 2000 കറൻസികൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന കറൻസികളാണുണ്ടായിരുന്നത്. ഇനിയും നോട്ടുകൾ മാറ്റിയെടുക്കാത്തവർക്ക് രാജ്യത്തെ 19 ആർബിഐ ഇഷ്യു ഓഫിസുകളിൽ ഇവ നിക്ഷേപിക്കാനും മാറ്റിയെടുക്കാനുമുള്ള അവസരമുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് ആർബിഐയുടെ ഇഷ്യു ഓഫിസുള്ളത്.
പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. നിക്ഷേപത്തിന് പരിധിയില്ല. 19 ആർബിഐ ഇഷ്യു ഓഫിസുകൾ: തിരുവനന്തപുരം (ബേക്കറി ജംക‍്ഷൻ), അഹമ്മദാബാദ്, ബെംഗളൂരു, ബേലാപുർ, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുർ, ജമ്മു, കാൻപുർ, കൊൽക്കത്ത, ലക‍്നൗ, മുംബൈ, നാഗ്‍പുർ, ന്യൂഡൽഹി, പട്ന. പല ആർബിഐ ഓഫിസിലുകളിലും നിലവിൽ നീണ്ട ക്യൂ ദൃശ്യമാണ്. പോസ്റ്റ് ഓഫിസുകളിലൂടെ ആർബിഐ ഇഷ്യു ഓഫിസുകളിലേക്ക് നോട്ടുകൾ അയച്ചും മാറ്റിയെടുക്കാനാകും. ഈ സൗകര്യം പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ആർബിഐ ആവശ്യപ്പെട്ടു.