പൂട്ടാൻ 21 ദിവസം: കെടിഡിഎഫ്സിക്ക് റിസർവ് ബാങ്ക് നോട്ടിസ്
Mail This Article
കൊച്ചി∙ സംസ്ഥാന ഗതാഗത വികസന ധനകാര്യ കോർപറേഷൻ (കെടിഡിഎഫ്സി) അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ്. സ്ഥിര നിക്ഷേപം മടക്കി കൊടുക്കാത്തതുൾപ്പെടെയുള്ള പരാതികൾക്കു 21 ദിവസത്തിനകം മറുപടി നൽകാതിരുന്നാൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് എംഡിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് നേരത്തേ കെടിഡിഎഫ്സിയെ റിസർവ് ബാങ്ക് വിലക്കിയിരുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനമായ കെടിഡിഎഫ്സിയുടെ ലൈസൻസ് റദ്ദാക്കേണ്ടി വരുമെന്നും അറിയിച്ചു. അറിയിപ്പ് കിട്ടിയിട്ടും സംസ്ഥാന ധനവകുപ്പിൽ നിന്നു യാതൊരു സഹായ നടപടിയും ഉണ്ടായില്ല.
നിലവിൽ 490 കോടിയുടെ നിക്ഷേപങ്ങളാണ് കെടിഡിഎഫ്സി മടക്കിക്കൊടുക്കാനുള്ളത്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നിക്ഷേപകരുടെ കേസുമുണ്ട്. കെഎസ്ആർടിസിക്കു നൽകിയ വായ്പകൾക്കു തിരിച്ചടവില്ലാത്തതിനാൽ നിക്ഷേപങ്ങൾ മടക്കിക്കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് കെടിഡിഎഫ്സി റിസർവ് ബാങ്കിനെ അറിയിക്കുകയും ചെയ്തിരുന്നു. എല്ലാ കെഎസ്ആർടിസി വായ്പകളും നിഷ്ക്രിയ ആസ്തികളായി (എൻപിഎ) മാറിയെന്ന് നോട്ടിസിൽ പ്രത്യേകം കുറ്റപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഗാരന്റിയുള്ള വായ്പകളാണെല്ലാം.
ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് കമ്പനിയുടെ ആസ്തിമൂല്യം പൂർണമായി ഇല്ലാതായിരിക്കുകയാണെന്ന് ആർബിഐ നിയമത്തിലെ 45–1എ വകുപ്പ് അനുസരിച്ചുള്ള നോട്ടിസിൽ പറഞ്ഞു. സ്ഥിരനിക്ഷേപം തിരികെ കിട്ടിയില്ലെന്ന് ഒട്ടേറെപ്പേരിൽ നിന്നു പരാതിയും ലഭിച്ചു. ശ്രീരാമകൃഷ്ണാ മിഷനിലെ നിധി കേജ്‌രിവാളിന്റെ പരാതി 29 കോടിയുടെയും അമിതേഷ് പന്തിന്റെ പരാതി 19.3 കോടിയുടെയും നിക്ഷേപം തിരിച്ചു കിട്ടിയില്ലെന്നാണ്.
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുടെ നിക്ഷേപങ്ങൾ കെടിഡിഎഫ്സിക്കു മടക്കിക്കൊടുക്കാൻ കഴിയുന്നില്ല.