ADVERTISEMENT

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ ഗ്രൂപ്പിന്റേത്. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനിയും കുറച്ചുകാലമായി മുന്നോട്ടുപോകുന്നത്. സമാനമായ പദ്ധതി തന്നെയായിരുന്നു ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും ആവിഷ്‌കരിച്ചത്. എന്നാല്‍ അപ്പോഴായിരുന്നു ഇടിത്തീ പോലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതും അദാനി കമ്പനികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടതും. അതുകഴിഞ്ഞ് അദാനി തകര്‍ന്നടിയുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്താനുള്ള ശ്രമമാണ് നടത്തിയത്. പല പാഠങ്ങളും ഉള്‍ക്കൊണ്ട ഗൗതം അദാനി ഇനി പ്രതിസന്ധികളില്‍ ഉഴലാതിരിക്കാന്‍ പുതിയ തന്ത്രം ആവിഷ്‌കരിക്കുകയാണ്. 

ചില ബിസിനസുകള്‍ വിറ്റൊഴിഞ്ഞ് ഗ്രൂപ്പിന്റെ അടിസ്ഥാന മേഖലകളില്‍ ശ്രദ്ധയൂന്നാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി അദാനി വില്‍മറില്‍ കമ്പനിക്കുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിവിധ ബഹുരാഷ്ട്ര കമ്പനികളുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ ഡീല്‍ യാഥാര്‍ത്ഥ്യമാകാനാണ് സാധ്യത. 

അദാനി വില്‍മറിന്റെ ഭാവി

ഫോര്‍ച്ച്യൂണ്‍ ബ്രാന്‍ഡില്‍ സുപരിചിതമായ ഭക്ഷ്യഎണ്ണകളും പാക്കേജ്ഡ് ഗ്രോസറിയുമെല്ലാം പുറത്തിറക്കുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി വില്‍മര്‍. 43.97 ശതമാനം ഓഹരിയാണ് അദാനിക്ക് ഈ സംരംഭത്തിലുള്ളത്. സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വില്‍മര്‍ ഇന്റര്‍നാഷണലിനും 43.97 ശതമാനം ഓഹരി ഈ കമ്പനിയിലുണ്ട്. തങ്ങളുടെ പക്കലുള്ള മുഴുവന്‍ ഓഹരിയും വിറ്റ് 25,000-30,000 കോടി സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചില ബിസിനസുകള്‍ വിറ്റൊഴിഞ്ഞ് അടിസ്ഥാനസൗകര്യം, ഊര്‍ജം പോലുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പണലഭ്യത കൂട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അദാനി വില്‍മര്‍ വില്‍ക്കുന്നത്. 

adaniwilmar

തിളങ്ങിയ ഓഹരി

അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദാനി വില്‍മര്‍ 2022 ഫെബ്രുവരിയിലായിരുന്നു പ്രാരംഭ ഓഹരി വില്‍പ്പന(ഐപിഒ) നടത്തിയത്. 3,600 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. അതേ വര്‍ഷം അവസാനിച്ചപ്പോള്‍ വമ്പന്‍ നേട്ടമായിരുന്നു കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയത്. 230 രൂപയായിരുന്നു അദാനി വില്‍മറിന്റെ ഇഷ്യുപ്രൈസ്. എന്നാല്‍ 2022 അവസാനമായപ്പോഴേക്കും ഈ എഫ്എംസിജി ബ്രാന്‍ഡ് വ്യാപാരം നടത്തിയത് 600 രൂപയ്ക്ക് മുകളിലെ വിലയിലാണ്. 2022ല്‍ ഐപിഒ നടത്തിയ കമ്പനികളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കമ്പനികളിലും അദാനി വില്‍മറുണ്ടായിരുന്നു. 2022 അവസാനം വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 175 ശതമാനത്തിലധികമായിരുന്നു അദാനി വില്‍മര്‍ ഓഹരി നിക്ഷേപകന് നല്‍കിയ നേട്ടം. എന്നാല്‍ ഇപ്പോള്‍ 317 രൂപ ലെവലിലേക്ക് ഓഹരി വില താഴ്ന്നു.

ആ മോഹങ്ങള്‍ക്ക് തിരിച്ചടി

അദാനി വില്‍മറിലൂടെ എഫ്എംസിജി രംഗത്ത് ആധിപത്യമുറപ്പിക്കാമെന്നായിരുന്നു ഗൗതം അദാനിയുടെ ചിന്ത. എന്നാല്‍ അദാനി വില്‍മറിന്റെ വില്‍പ്പന നടന്നാല്‍ തല്‍ക്കാലത്തേക്കെങ്കിലും ആ മോഹങ്ങളൊന്നും സഫലമാകില്ല. അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യബിസിനസിനെ നയിക്കുന്നത് അദാനി വില്‍മറാണെന്ന് പറയാം. ഏകദേശം 51,879 കോടി രൂപയുടേതാണ് അദാനിയുടെ ഭക്ഷ്യാധിഷ്ഠിത ബിസിനസ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ കമ്പനിയാണ് അദാനി വില്‍മര്‍. സോയബീന്‍, പാം, സണ്‍ഫ്ളവര്‍ തുടങ്ങി നിരവധി തരം എണ്ണകളാണ് ഫോര്‍ച്യൂണ്‍ ബ്രാന്‍ഡില്‍ ഇവര്‍ വിപണിയിലെത്തിക്കുന്നത്. പഞ്ചസാരയും ഗോതമ്പുപൊടിയും ദാലും കടലമാവുമെല്ലാം ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ച് നേട്ടം കൊയ്യാനും ഇവര്‍ ശ്രമിക്കുന്നു. ഇതിനോടൊപ്പം ഹാഫ് കുക്ക്ഡ് ഫ്രൈഡ് റൈസ് ഉള്‍പ്പടെ നിരവധി റെഡി-റ്റു-കണ്‍സ്യൂം ഉല്‍പ്പന്നങ്ങളിലേക്കും വൈവിധ്യവല്‍ക്കരണം നടക്കുന്നു. പഞ്ചാബി കിച്ച്ഡി മിക്സ്, പാവ് ബജി കിച്ച്ഡി മിക്സ് തുടങ്ങി നിരവധി റെഡി റ്റു കുക്ക് ഉല്‍പ്പന്നങ്ങള്‍ ഫോര്‍ച്ച്യൂണ്‍ ബ്രാന്‍ഡിന് കീഴില്‍ വിപണിയിലുണ്ട്.

adani-hindenberg

ഇന്ത്യയില്‍ വില്‍ക്കുന്ന മൊത്തം ആട്ടയില്‍ 12 ശതമാനം മാത്രമാണ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍. അതുപോലെ തന്നെയാണ് പഞ്ചസാരയുടെയും പള്‍സസിന്റെയുമെല്ലാം സ്ഥിതി. ഇവയെല്ലാം 90 ശതമാനത്തിലധികവും വില്‍പ്പന നടക്കുന്നത് ലൂസ് ആയാണ്. ഈ വിപണിയിലേക്ക് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് മേധാവിത്തം നേടാനാണ് അദാനി വില്‍മറിന്റെ ശ്രമം. രാജ്യത്ത് അരിയുടെ പ്രതിഓഹരി ഉപഭോഗം 55 കിലോഗ്രാമും ഗോതമ്പിന്റേത് 60 കിലോഗ്രാമും പഞ്ചസാരയുടേത് 24 കിലോഗ്രാമുമാണ്. ഈ രംഗത്തെല്ലാം ബ്രാന്‍ഡ് അവബോധം സൃഷ്ടിച്ച് കൂടുതല്‍ ബിസിനസ് നേടുകയെന്ന പദ്ധതിയിലായിരുന്നു അദാനി വില്‍മറിന്റെ പുതിയ ചുവടുകള്‍. 

5,500 ഓളം വിതരണക്കാരുള്ള കമ്പനിയുടെ 2023 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 55,262 കോടി രൂപയായിരുന്നു. 607 കോടി രൂപയാണ് അറ്റാദായം.

English Summary:

Adani Planning to Sell Wilmar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com