27.50 രൂപയ്ക്ക് ഭാരത് ആട്ട
Mail This Article
ന്യൂഡൽഹി∙ കിലോയ്ക്ക് 27.50 രൂപ വിലയിൽ ഭാരത് ആട്ട എന്ന പേരിൽ കേന്ദ്രസർക്കാർ ഗോതമ്പ്പൊടി വിപണിയിലിറക്കി. ദീപാവലിക്കാലത്ത് വിലക്കയറ്റം തടയാനുദ്ദേശിച്ചാണിത്. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയും 800 മൊബൈൽ വാനുകൾ വഴിയും രണ്ടായിരത്തോളം വിതരണ കേന്ദ്രങ്ങൾ വഴിയും ഇതു നൽകും. നിലവിൽ 36–70 രൂപയാണ് ഒരു കിലോ ഗോതമ്പുപൊടിയുടെ വിപണി വില. നിലവാരത്തിനും സ്ഥലത്തിനും അനുസരിച്ചു വില വ്യത്യാസമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ 18,000 ടൺ ‘ഭാരത് ആട്ട’ കിലോഗ്രാമിന് 29.50 രൂപ വച്ച് വിൽപന നടത്തിയിരുന്നു. ഭാരത് ആട്ട വിപണനത്തിനുള്ള 100 മൊബൈൽ വിൽപന കേന്ദ്രങ്ങൾ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഇതിനായി എഫ്സിഐയിൽ നിന്ന് കിലോഗ്രാമിന് 21.50 രൂപ വച്ച് 2.5ലക്ഷം ടൺ ഗോതമ്പ് നാഫെഡിനും മറ്റും നൽകുമെന്ന് മന്ത്രി പറഞ്ഞു.