ഇ–റുപ്പി 80 നഗരങ്ങളിലേക്ക്
Mail This Article
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം (ഇ–റുപ്പി) രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലായിട്ടാണ് പരീക്ഷണം തുടങ്ങിയത്. കേരളത്തിലടക്കം പലർക്കും, ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. എസ്ബിഐ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്.
പൈലറ്റ് പദ്ധതിയിൽ ഉപയോക്താക്കളുടെ എണ്ണം ക്രമേണ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണം. ഇ–റുപ്പി വോലറ്റ് ഉപയോഗിച്ച് കടകളിൽ നിന്ന് സാധനം വാങ്ങാൻ കഴിയും. വ്യാപാര സ്ഥാപനങ്ങളിലെ യുപിഐ ക്യുആർ കോഡുകൾ (മെർച്ചന്റ് ക്യുആർ) സ്കാൻ ചെയ്ത് പണമടയ്ക്കാം. ഇ–റുപ്പി വോലറ്റുള്ള മറ്റൊരു വ്യക്തിക്ക് നേരിട്ടും അയയ്ക്കാം. ഒരിടപാടിൽ 10,000 രൂപ വരെ അയയ്ക്കാം. 1 ലക്ഷം രൂപ വരെ ഒരു സമയം വോലറ്റിൽ സൂക്ഷിക്കാം.
എന്താണ് ഇ–റുപ്പി?
റിസർവ് ബാങ്ക് നിലവിൽ അച്ചടിച്ച കറൻസി നോട്ട് ആണല്ലോ പുറത്തിറക്കുന്നത്. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഒരു ഡിജിറ്റൽ കറൻസിയുണ്ടെങ്കിലോ? ഇതിനെയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അഥവ ഇ–റുപ്പി എന്നു വിളിക്കുന്നത്. എന്നു കരുതി പ്രിന്റ് ചെയ്ത കറൻസി നിർത്തുമെന്ന് അർഥമില്ല. യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റിൽ പണം ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പോകുന്നത്. എന്നാൽ സിബിഡിസിയിൽ ബാങ്കുകൾ തമ്മിലുള്ള കൈമാറ്റമില്ല. സെൻട്രൽ ബാങ്ക് ആയ ആർബിഐ മാത്രമാണ് മധ്യത്തിൽ.
ഒരു ഇ–റുപ്പി വോലറ്റിൽ നിന്ന് മറ്റൊരു വോലറ്റിലേക്കായിരിക്കും കൈമാറ്റം.
അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഇവ.
റജിസ്ട്രേഷൻ എങ്ങനെ?
ബാങ്കിന്റെ ക്ഷണം ലഭിച്ചവർക്ക് മാത്രമേ അതത് ബാങ്കുകളുടെ ഇ–റുപ്പി ആപ്പിൽ റജിസ്റ്റർ ചെയ്യാനാകൂ. ഇതിനായി ഇ–മെയിൽ, എസ്എംഎസ് പരിശോധിക്കുക. ക്ഷണമുണ്ടെങ്കിൽ ആപ് ഇൻസ്റ്റാൾ ചെയ്ത് മൊബൈൽ നമ്പർ നൽകി റജിസ്റ്റർ ചെയ്യുക. ബാങ്ക് അക്കൗണ്ടിൽ നിന്ന് നിശ്ചിത തുക ഇതിലേക്ക് ലോഡ് ചെയ്യാം. പ്രിന്റഡ് കറൻസിക്ക് സമാനമായി ഇഷ്ടമുള്ള തരം കറൻസിയും, ആവശ്യമെങ്കിൽ നാണയവും തിരഞ്ഞെടുക്കാം.