ലോക്കൽ ബിസിനസ് ലിസ്റ്റിങ്, കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും
Mail This Article
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം റോബട്ടിനോടു, സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചു ചോദിക്കുന്നൊരു രംഗമുണ്ട്.
ഇ-മെയിലോ ഫെയ്‌സ്ബുക് അക്കൗണ്ടോ ഒന്നും തന്നെയില്ലാത്ത സൈജു കുറുപ്പിന്റെ കഥാപാത്രം ഈ ഭൂമിയിലേ ഇല്ല എന്നാണ് റോബട് നൽകുന്ന മറുപടി. ഇങ്ങനെ തന്നെയാണ് ലോക്കൽ ബിസിനസ് ലിസ്റ്റിങ്ങിൽ സാന്നിധ്യമില്ലാത്ത ലഘുസംരംഭങ്ങളുടെയും അവസ്ഥ. അങ്ങനെയൊന്ന് നിലവിലില്ല!
എന്താണ് ലോക്കൽ ബിസിനസ് ലിസ്റ്റിങ്?
സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പേര്, വിലാസം, ഗൂഗിൾ മാപ് ലൊക്കേഷൻ, ഫോൺ നമ്പർ, വെബ്‌സൈറ്റ്, പ്രവർത്തന സമയം, മറ്റു പ്രസക്തമായ വിശദാംശങ്ങൾ എന്നിവ നൽകുന്ന ഒരു ഓൺലൈൻ പ്രൊഫൈലാണിത്. ഉപഭോക്താക്കളെ ജിപിഎസ് സഹായത്തോടെ സ്ഥാപനങ്ങളെ/ ബിസിനസുകളെ കണ്ടെത്താൻ സഹായിക്കുകയാണു പ്രാഥമിക ലക്ഷ്യം.
ഒരു സ്ഥലത്തേക്ക് ആദ്യമായി യാത്ര ചെയ്യുന്നയാൾക്ക് അവിടത്തെ റസ്റ്ററന്റുകളെക്കുറിച്ചു ധാരണയുണ്ടാകണം എന്നില്ല. അപ്പോൾ ഗൂഗിളിൽ ‘restaurants near <me/സ്ഥലത്തിന്റെ പേര്>’ എന്നു തിരഞ്ഞാൽ ഒരു നിശ്ചിത പരിധിക്കുള്ളിലുള്ള റസ്റ്ററന്റുകളുടെ വിവരങ്ങൾ ലഭിക്കും. ലോക്കൽ ബിസിനസ് ലിസ്റ്റിങ് ചെയ്തിട്ടുള്ള റസ്റ്ററന്റുകളുടെ വിവരങ്ങൾ ആകും ഇങ്ങനെ വരിക. ലിസ്റ്റ് ചെയ്തില്ലെങ്കിൽ ഇങ്ങനെയൊരു സംരംഭം പ്രവർത്തിക്കുന്നുണ്ട് എന്നു പോലും ആരുമറിയില്ല.
ഏതാണു മികച്ചത്?
ഗൂഗിൾ മൈ ബിസിനസ് ഈ രംഗത്തെ കുത്തകയാണെന്നുതന്നെ പറയാം. ഗൂഗിൾ മാപ്പുമായി ചേർന്നു മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നതും പ്രീതി കൂട്ടുന്നു.
ലിസ്റ്റ് ചെയ്യാൻ എന്തു ചെലവു വരും?
ഗൂഗിൾ മൈ ബിസിനസ് തീർത്തും സൗജന്യമാണ്. ഇതിനായി ഗൂഗിൾ മൈ ബിസിനസ് പേജിൽ കയറി (https://www.google.com/business/) ജി–മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ശേഷം സംരംഭത്തിന്റെ പേര്, വിഭാഗം, കൃത്യമായ ലൊക്കേഷൻ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ നൽകുക. ഗൂഗിളിന്റെ പരിശോധനകൂടി കഴിഞ്ഞാൽ സംരംഭം ലിസ്റ്റ് ചെയ്യപ്പെടും. ഇതിനു പ്രത്യേകം രേഖകളൊന്നും ആവശ്യമില്ലെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ ഫോൺ നമ്പർ ഉൾപ്പെടുത്തണമെങ്കിൽ സംരംഭവുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകൾ നൽകേണ്ടിവരും.
എന്തൊക്കെ ശ്രദ്ധിക്കണം?
ചിത്രങ്ങളും വിഡിയോകളും നൽകാനുള്ള അവസരം ലോക്കൽ ബിസിനസ് ലിസ്റ്റിങ്ങിലുണ്ട്. നിലവാരമുള്ള മികച്ച ചിത്രങ്ങൾ നൽകുക. വിവരങ്ങളെല്ലാം കൃത്യമെന്ന് ഉറപ്പാക്കണം. ഉപഭോക്താവിന് റേറ്റിങ്ങും നിരൂപണവും നൽകാനുള്ള അവസരം ഇത്തരം ലിസ്റ്റിങ്ങുകളിലുണ്ട്. അതുകൊണ്ടുതന്നെ മികച്ച സേവനം അനിവാര്യമാണ്. ഒപ്പം ബിസിനസ് ലിസ്റ്റിങ് പ്രൊഫൈലിൽ വരുന്ന പരാതികൾക്കു കൃത്യമായ മറുപടി നൽകുകയും പരിഹാരം കാണുകയും വേണം •
മനോരമ സമ്പാദ്യം ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്.