വേൾഡ് ചില്ലി ടൂറിൽ കേരളത്തിന്റെ എരിവും
Mail This Article
കൊച്ചി ∙ എരിവിന്റെ ലോകവേദിയിൽ മലയാളത്തിന്റെ ചെമ്മീൻ റോസ്റ്റിന് കയ്യടി. എരിവുള്ള മുളക് കറികളിൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ ഷെഫുമാരെ ക്ഷണിച്ച് ചൈനയ്ക്കു സമീപം മെക്കാവുവിൽ നടത്തിയ വേൾഡ് ചില്ലി ടൂറിലാണ് ചാലക്കുടി സ്വദേശിയും 8 തവണ മിഷലിൻ ഷെഫ് ബഹുമതി ജേതാവുമായ ജസ്റ്റിൻ പോൾ കേരളത്തിന്റെ ചെമ്മീൻ റോസ്റ്റ് പരീക്ഷിച്ചത്. ഇന്ത്യൻ മുളകിനെ പ്രതിനിധീകരിച്ച് ആന്ധ്രയിലെ ഗുണ്ടൂർ മുളകാണ് പാചകത്തിന് ഉപയോഗിച്ചത്.
മെക്കാവുവിലെ വെയ്ൻ ഹോട്ടലാണ് ചില്ലിടൂറിന് വേദിയൊരുക്കിയത്. മെക്സിക്കോ,തായ്‌ലൻഡ്, മൊസാംബിക്, തുർക്കി, പെറു എന്നീ രാജ്യങ്ങളിലെ മുളക് ചേർത്തുള്ള പാചക പരീക്ഷണങ്ങളാണ് ചില്ലി ടൂറിൽ അരങ്ങേറിയത്.മുളക് കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുമാണിതെല്ലാം. ചൈനയിൽ തന്നെ മുളക് കാര്യമായി ഉപയോഗിക്കുന്ന ഷെൻച്വാൻ,ഹുനാൻ പ്രവിശ്യകളും ചില്ലി ടൂർ മത്സരത്തിൽ പങ്കെടുത്തു. കുരുമുളകിന്റെ പലതരം വകഭേദങ്ങളും കാന്താരിയുടെ വ്യത്യസ്തകളും തീൻമേശയിൽ എരിവുപടർത്തി.
‘കേരള പൊറോട്ടയും ചെമ്മീൻ റോസ്റ്റുമാണ് ഞാൻ പാചകം ചെയ്തത്. ഗുണ്ടൂർ ചില്ലി പേസ്റ്റിന്റെ പ്രത്യേകത അതിന്റെ കടുത്ത ചുവന്ന നിറവും വേവിച്ചുകഴിഞ്ഞാൽ കടുത്ത സ്പൈസി സ്വഭാവം ഇല്ലാതാകുന്നുവെന്നതുമാണ്. സ്പൈസി ഭക്ഷണത്തോട് ലോകത്തിനുള്ള താൽപര്യം വർധിച്ചുവരുകയാണ്’ –ചാലക്കുടി താക്കോൽക്കാരൻ കുടുംബാംഗമായ ജസ്റ്റിൻ പോൾ പറഞ്ഞു. മെക്കാവുവിലെ വെനീഷ്യൻ ഹോട്ടലിലെ ഇന്ത്യൻ റസ്റ്ററന്റായ ഗോൾഡൻ പീക്കോക്കിൽ ഷെഫായിരിക്കുമ്പോഴാണ് ജസ്റ്റിന് മിഷലിൻ ബഹുമതികൾ ലഭിച്ചത്.