ജിഎസ്ടി വരുമാനത്തിലും സംസ്ഥാനത്ത് വളർച്ചാ മുരടിപ്പ്
Mail This Article
കൊച്ചി∙ രാജ്യം ജിഎസ്ടി വരുമാനത്തിൽ വലിയ വളർച്ച കൈവരിക്കുമ്പോഴും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വരുമാന വളർച്ചാ നിരക്കിൽ കാര്യമായ പുരോഗതിയില്ലെന്ന് കണക്കുകൾ. ജിഎസ്ടി വകുപ്പിന്റെ ഒക്ടോബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ മുൻ വർഷം ഇതേമാസവുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനമാണു വർധന. ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനവുമാണിത്. ഏപ്രിൽ–ഒക്ടോബർ കാലയളവിൽ ശരാശരി വരുമാന വളർച്ച 11 ശതമാനവുമാണ്. അതേസമയം, ഇക്കാലയളവിലെ കേരളത്തിന്റെ നികുതി വരുമാന വർധന 5% മാത്രമാണ്. 29% വരെ വളർച്ച കൈവരിച്ച സംസ്ഥാനങ്ങളുണ്ട്. കലാപബാധിത മണിപ്പുരും ഹിമാചൽ പ്രദേശും മാത്രമാണ് ജിഎസ്ടി വരുമാനത്തിൽ കേരളത്തിനു പിന്നിലുള്ളത്.
ജിഎസ്ടി, ഉൽപന്നങ്ങൾ വിൽക്കുന്നിടത്തു പിരിക്കുന്ന നികുതി (ഡെസ്റ്റിനേഷൻ ബേസ്ഡ് ടാക്സ്) ആയതിനാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം ദേശീയ വളർച്ചയെക്കാൾ വളരെ താഴെയാകുന്നത് സംസ്ഥാനത്തെ നികുതി പിരിവു സംവിധാനത്തിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണ്. കൃത്യമായി നികുതി പിരിവു നടക്കുന്നെന്ന വാദം സർക്കാർ ഉയർത്തിയാൽ അതിനനുസരിച്ചുള്ള വളർച്ച കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്ഡിപി) പ്രതിഫലിക്കുകയും വേണം.
അതേസമയം, കേരളത്തിൽ അന്തർ സംസ്ഥാന വാങ്ങലുകൾ കൂടുതലുള്ളതാണ് കണക്കുകളിൽ വരുമാനം കുറഞ്ഞതായി കാണുന്നതിന്റെ കാരണമെന്ന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഐജിഎസ്ടി വരുമാനം കൂടി ലഭിക്കുമ്പോൾ വരുമാനം ഉയർന്നേക്കും.
വില കുറച്ചു കാണിക്കലും ബില്ലിൽ നടത്തുന്ന തട്ടിപ്പുകള്‍ കൂടുന്നതും നികുതി വരുമാനത്തെ ബാധിക്കുന്നുണ്ട്.
സംസ്ഥാനങ്ങളും ജിഎസ്ടി വളർച്ചാ നിരക്കും
സിക്കിം– 29%
അരുണാചൽ പ്രദേശ്–24 %
ഛത്തീസ്ഗഡ് –19%
മിസോറം –18%
മധ്യപ്രദേശ്–17%
മേഘാലയ– 17%
അസം –17%
ഒഡീഷ –15%
പഞ്ചാബ്– 15%
മഹാരാഷ്ട്ര 14%
ഗോവ–14%
രാജസ്ഥാൻ– 13%
ആന്ധ്ര–12%
കർണാടക–12%
ജമ്മു ആൻഡ് കശ്മീർ– 12%
ഹരിയാന–11%
തെലങ്കാന–10%
ഉത്തർപ്രദേശ്–10%
ഗുജറാത്ത്–10%
ബിഹാർ–10%
ഛാർഖണ്ഡ് – 10%
നാഗാലാൻഡ്–10%
തമിഴ്നാട്–9%
ത്രിപുര–9%
ഉത്തരാഖണ്ഡ്–8%
പശ്ചിമ ബംഗാൾ–7%
കേരളം –5%
ഹിമാചൽപ്രദേശ്– –2%
മണിപ്പുർ– –19%