യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്ക് തെറ്റിയെത്തിയ 820 കോടി: സിബിഐ അന്വേഷണം തേടി
Mail This Article
ന്യൂഡൽഹി∙ പൊതുമേഖലാ ബാങ്ക് ആയ യൂക്കോ ബാങ്കിന്റെ ചില അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടു. ഇതിൽ 79% (649 കോടി രൂപ) ഇതുവരെ വീണ്ടെടുത്തു. അന്വേഷണത്തിനായി ബാങ്ക് സിബിഐയുടെ സഹായം തേടി. ശേഷിക്കുന്ന 171 കോടി രൂപ കൂടി വൈകാതെ തിരിച്ചുപിടിക്കുമെന്ന് ബാങ്ക് കഴിഞ്ഞ ദിവസം സ്റ്റോക് എക്സ്ചേഞ്ചുകളിൽ ഫയൽ ചെയ്ത രേഖകളിൽ വ്യക്തമാക്കി. സൈബർ അട്ടിമറി അടക്കമുള്ള സാധ്യതകൾ സിബിഐ പരിശോധിച്ചേക്കും.
തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യൂക്കോ ബാങ്കിൽ ഡിജിറ്റൽ പണമിടപാട് സേവനം (ഐഎംപിഎസ് – ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്) ബുധനാഴ്ച മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഈ മാസം 10 മുതൽ 13 വരെയുള്ള തീയതികളിലാണ് തകരാറുണ്ടായത്. മറ്റു ചില ബാങ്കുകളിലെ ഉപയോക്താക്കൾ യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയച്ചപ്പോൾ ഇടപാട് പരാജയപ്പെട്ടുവെന്ന സന്ദേശം ലഭിച്ചു. പണം തിരികെയെത്തുകയും ചെയ്തു. എന്നാൽ പണം ലഭിക്കേണ്ടിയിരുന്ന യൂക്കോ ബാങ്കിലെ അക്കൗണ്ടിലും ഇതേ തുക എത്തി.
തകരാർ പരിഹരിച്ച് ഐഎംപിഎസ് സേവനം എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് ബാങ്ക് അറിയിച്ചു. സാങ്കേതികപ്പിഴവിനെത്തുടർന്ന് ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ അബദ്ധത്തിൽ ചെന്ന സംഭവത്തിനു പിന്നാലെ തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് എംഡിയും സിഇഒയുമായ എസ്.കൃഷ്ണൻ ഒക്ടോബറിൽ രാജിവച്ചിരുന്നു.