ADVERTISEMENT

ന്യൂഡൽഹി ∙ ഇൻഷുറൻസ് പോളിസിയിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾക്കപ്പുറമുള്ള ആവശ്യം ഉന്നയിക്കാൻ ഇൻഷുറൻസ് എടുത്തയാൾക്കു കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോളിസി നിബന്ധനകൾ പൂർണമായും വായിച്ചിരിക്കണമെന്നും നിർദേശിച്ചു. കരാറിലെ ഏതെങ്കിലും വ്യവസ്ഥ അവ്യക്തമെങ്കിൽ ഇതു പുറപ്പെടുവിച്ച കമ്പനിക്കെതിരായി വ്യാഖ്യാനിക്കാമെന്ന സമീപകാല വിധി ഇൻഷുറൻസിന്റെ കാര്യത്തിൽ ബാധകമാകില്ലെന്നും കോടതി പറഞ്ഞു. ഇൻഷുറൻസ് കരാറുകളിലെ ഉഭയകക്ഷി സ്വഭാവം ചൂണ്ടിക്കാട്ടിയാണിത്.

ഗുരുഗ്രാമിൽ അപകടത്തിൽപെട്ട ബിഎംഡബ്ല്യു കാർ വീണ്ടെടുക്കാൻ കഴിയാത്തവിധം തകർന്നതിനാൽ കാർ മാറ്റി നൽകണമെന്ന ഉടമയുടെ ആവശ്യവുമായി ബന്ധപ്പെട്ട കേസിലാണ് ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണങ്ങൾ.

ബജാജ് ജനറൽ ഇൻഷുറൻസ് പോളിസിയും ബിഎംഡബ്ല്യു സെക്യൂർ അഡ്വാൻസ് പോളിസിയും വാഹനത്തിനുണ്ടായിരുന്നു. ഇൻഷുർ ചെയ്ത മൂല്യത്തിന്റെ 75% അധികം കാറിനു കേടുപാടുണ്ടായാൽ പുതിയ വാഹനത്തിന് അർഹതയുണ്ടെന്നായിരുന്നു ഉടമയുടെ വാദം. ഇതു സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബജാജും ബിഎംഡബ്ല്യുവും സുപ്രീം കോടതിയെ സമീപിച്ചു. വാഹനം നന്നാക്കുന്നതോ മാറ്റി നൽകുന്നതോ ഇൻഷുറൻസ് വ്യവസ്ഥയിലെ ഓപ്ഷൻ മാത്രമാണെന്നും പുതിയ കാർ അവകാശപ്പെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ ഇൻഷുറൻസ് കമ്പനിയും വാഹന കമ്പനിയും നൽകുന്ന സേവനത്തിൽ പോരായ്മയുണ്ടെന്നു വ്യക്തമാക്കിയ കോടതി, വാഹന ഉടമയ്ക്ക് 25.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. വാഹനത്തിന്റെ മൂല്യത്തിൽ വന്ന വ്യത്യാസമായി ഉടമയ്ക്ക് 3.74 ലക്ഷം രൂപ അധികമായി നൽകണമെന്നും ഉത്തരവിലുണ്ട്.

English Summary:

The Supreme Court said that insurance claim demand beyond the terms cannot be made

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com