ADVERTISEMENT

കൊച്ചി ∙ ആഫ്രിക്കൻ രാജ്യങ്ങളിലെ ഖനികളിൽ സ്വർണം തേടി മലയാളികൾ പോകുമ്പോൾ അവിടെ ‘സ്വർണം’ വിരിയിച്ച് മലയാളിയുടെ കമ്പനി. റുവാണ്ടയിൽ 1000 ഏക്കറിലെ ജമന്തിപ്പൂപ്പാടത്തിലെ പൂക്കളെത്തുന്നത് കോലഞ്ചേരിയിലെ സിന്തൈറ്റ് ഫാക്ടറിയിലേക്കാണ്. 1992ൽ തമിഴ്നാട്ടിലെ സത്യമംഗലത്താണ് സിന്തൈറ്റ് കമ്പനി മാരിഗോൾഡ് കൃഷി വ്യവസായടിസ്ഥാനത്തിൽ ആരംഭിച്ചത്. 

എന്നാൽ കോവിഡിനു ശേഷം ആഫ്രിക്കൻ മാരിഗോൾ‍ഡിലേക്ക് വിത്ത് മാറ്റിയെറിഞ്ഞ വിജയകഥ കമ്പനിക്കും പുതിയ ചരിത്രമായി. ഇന്ത്യയിൽ ഒരു ഹെക്ടറിൽ 15 ടൺ ജമന്തിപ്പൂക്കൾ കിട്ടുമ്പോൾ ആഫ്രിക്കയിൽ ഇത്രയും സ്ഥലത്തു നിന്ന് 30 ടൺ പൂക്കൾ കിട്ടും.

വിശുദ്ധമേരിക്ക് സ്വർണത്തിന്റെ വഴിപാട് നൽകാൻ കഴിയാത്ത ആഫ്രിക്കയിലെ പാവപ്പെട്ട മനുഷ്യർ സ്വർണനിറമുള്ള ജമന്തിപ്പൂക്കൾ സമർപ്പിച്ച് പ്രാർഥന നടത്തിയെന്നതാണ് ആഫ്രിക്കൻ മാരിഗോൾഡിന്റെ ഒരിക്കലും വാടാത്ത ‘ഗോൾഡൻ’ ചരിത്രം.

‘2018ൽ യുഎൻഡിപി പദ്ധതിയുടെ ഭാഗമായി മുളക് കൃഷി ചെയ്യാനാണ് ഞങ്ങൾ റുവാണ്ടയിലെത്തുന്നത്. നല്ല സൂര്യപ്രകാശമുള്ള മേഖലയാണിത്. വെള്ളം, മികച്ച തൊഴിൽസാഹചര്യം എല്ലാം ഒരുക്കി റുവാണ്ട വിളിച്ചു. മുളകിനെക്കാൾ മികച്ച ഫലം ജമന്തി തരുമെന്ന് മനസ്സിലാക്കിയാണ് 2020 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പൂക്കൃഷി തുടങ്ങിയത്. 2022 മുതൽ വ്യവസായാടിസ്ഥാനത്തിലേക്ക് വ്യാപിപ്പിച്ചു. 2023ൽ പൂക്കൾ പെല്ലറ്റാക്കി കേരളത്തിലേക്കയയ്ക്കാൻ ഫാക്ടറി തുടങ്ങി’ –സിന്തൈറ്റ് ജോയിന്റ് മാനേജിങ് ഡയറക്ടർ അജു ജേക്കബ് പറയുന്നു.

ജമന്തി കൃഷി ചെയ്താൽ അൻപതാം ദിവസം പൂക്കൾ വിടരും. 100 ദിവസം കൊണ്ട് പൂക്കൾ മുഴുവനും പറിക്കണം. ജമന്തിപ്പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലൂട്ടീന് ( പൂവിന് മഞ്ഞനിറം കൊടുക്കുന്ന പിഗ്‌മെന്റ്) ആഗോള മരുന്നുവിപണിയിലും ഭക്ഷ്യരംഗത്തും വലിയ ഡിമാൻഡാണ്. പ്രായമായവരിലുണ്ടാകുന്ന കണ്ണുരോഗങ്ങൾക്ക് ഫലപ്രദമായ മരുന്നിന്റെ പ്രധാന ഘടകമാണ് ലൂട്ടീൻ. കോഴിത്തീറ്റയിലും ഉപയോഗിക്കുന്നുണ്ട്. 

ചൈനയ്ക്ക് ലൂട്ടീൻ വിപണിയിൽ ആധിപത്യമുണ്ടെങ്കിലും  മലിനീകരണവും കീടനാശിനികളുടെ സാന്നിധ്യവും ചൈനീസ് പൂക്കളിൽ നിന്നെടുക്കുന്ന സത്തയുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട്.

 2024 ൽ റുവാണ്ടയിൽ തന്നെ പൂക്കൾക്കായി എക്സ്ട്രാക്ഷൻ ഫാക്ടറി തുടങ്ങാനാണ് സിന്തൈറ്റിന്റെ പ്ലാൻ.

English Summary:

Marigold Cultivation in Africa by Synthite Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com