ക്രിസ്മസ് കാലത്ത് സപ്ലൈകോ ഔട്‌ലെറ്റുകൾ കാലിയാകും
Mail This Article
തിരുവനന്തപുരം∙ കുടിശിക കിട്ടാത്തതിനെത്തുടർന്നു വിതരണക്കമ്പനികൾ കൂട്ടത്തോടെ നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ ക്രിസ്മസ് സീസണിൽ സപ്ലൈകോ ഔട്‌ലെറ്റുകൾ കാലിയാകും. കഴിഞ്ഞ 14നു തുറന്ന ടെൻഡറിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാൻ ഒരു കമ്പനി പോലും തയാറായില്ല. അടുത്ത ടെൻഡർ വിളിക്കാൻ ഇതുവരെ നടപടി തുടങ്ങിയില്ല. 10 ദിവസം മുൻപു നോട്ടിസ് നൽകുകയും ടെൻഡറിനു ശേഷം ആദ്യഗഡു വിതരണത്തിന് 15 ദിവസം സമയം നൽകുകയും വേണം. ഈ നിലയ്ക്ക്, ഡിസംബറിലെ ടെൻഡറിൽ ഏതെങ്കിലും കമ്പനി സബ്സിഡി സാധനം നൽകാൻ തയാറായാലും ക്രിസ്മസിനു മുൻപു സപ്ലൈകോ ഔട്‌ലെറ്റിൽ എത്താൻ സാധ്യതയില്ല. ക്രിസ്മസ്– പുതുവത്സര വിൽപന മേളയും ഉപേക്ഷിക്കേണ്ടിവരും. ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം 738.94 കോടി രൂപയാണ് കുടിശിക ഇനത്തിൽ കമ്പനികൾക്കു നൽകാനുള്ളത്.
അരി, പഞ്ചസാര, മുളക് എന്നിവയ്ക്കാണ് സപ്ലൈകോ സബ്സിഡി നൽകി വിൽക്കുന്ന 13 ഇനങ്ങളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത്. കഴിഞ്ഞ രണ്ടു ടെൻഡറുകളിൽ അരിയും പഞ്ചസാരയും നൽകാൻ കമ്പനികൾ തയാറായിട്ടില്ല. ഇതിനു പുറമേയാണു നവംബറിലെ ടെൻഡറിൽ സബ്സിഡി സാധനങ്ങൾ നൽകുന്നതിൽനിന്നു കമ്പനികൾ കൂട്ടത്തോടെ വിട്ടുനിന്നത്. വിപണിവില അധികമായതിനാൽ മുളക് കഴിഞ്ഞ മൂന്നു മാസവും സപ്ലൈകോ ടെൻഡറിൽ ഉൾപ്പെടുത്തിയില്ല.
നവംബറിലെ ടെൻഡറിൽ 90% കമ്പനികൾ വിട്ടുനിന്നപ്പോൾ വെള്ളക്കടല, ഗ്രീൻപീസ് തുടങ്ങിയ സബ്സിഡി ഇതര സാധനങ്ങൾക്കു മറ്റുള്ളവർ ക്വോട്ട് ചെയ്തിരുന്നു. ഇതിൽ പകുതിയും വിതരണം ചെയ്തിട്ടില്ല.
വിതരണം പൂർത്തിയായി ഒരു മാസത്തിനകം കമ്പനികൾക്കു പണം നൽകുന്നതായിരുന്നു ഒരു വർഷം മുൻപു വരെ സപ്ലൈകോയുടെ രീതി. എന്നാൽ ഏഴു മാസമായി സബ്സിഡി സാധനങ്ങളുടെ കാര്യത്തിൽ ഈ ഉറപ്പു പാലിക്കാൻ സപ്ലൈകോയ്ക്കു കഴിയുന്നില്ല. ഓഡിറ്റ് ചെയ്ത കണക്കു പ്രകാരം സംസ്ഥാന സർക്കാർ 1137.85 കോടിയും കേന്ദ്രസർക്കാർ 691.97 കോടി രൂപയും സപ്ലൈകോയ്ക്കു നൽകാനുണ്ട്. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിന്റെ കുടിശിക 150 കോടി രൂപ നൽകുമെന്ന് ആഴ്ചകൾക്കു മുൻപു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഈ തുകയും കൈമാറിയില്ല.
കരാറുകാർ വിട്ടുനിന്ന വിഷയത്തിൽ പ്രതികരണത്തിനായി സപ്ലൈകോ സിഎംഡിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കേരളത്തിൽ ഇല്ലെന്നാണു വിവരം ലഭിച്ചത്. സാധനങ്ങൾ വാങ്ങാൻ ചുമതലയുള്ള പർച്ചേസ് മാനേജരെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല.