പ്രവചനങ്ങളുടെ കാര്യം ഇത്രേ ഉള്ളു
Mail This Article
കഴിഞ്ഞ വർഷം ഇതേ സമയത്ത് ലോകാവസാന പ്രവചനങ്ങളായിരുന്നു! സാമ്പത്തിക മാന്ദ്യം അമേരിക്കയേയും യൂറോപ്പിനേയും വിഴുങ്ങും, വിലക്കയറ്റം താങ്ങാൻ പറ്റാതാകും...!! ഇന്ത്യയെ മാത്രമല്ല കേരളത്തെ വരെ അതെങ്ങനെയെല്ലാം ബാധിക്കാം എന്ന വിശകലനങ്ങളും വന്നു. അവിടെ മാന്ദ്യം വന്നാൽ ഇവിടെ ഐടി രംഗം തളരുമെന്നും കയറ്റുമതി ഇടിയുമെന്നും മറ്റും രണ്ടും രണ്ടും കൂട്ടി അഞ്ചും പത്തുമാക്കി പലരും പറഞ്ഞു.
ഒടുവിലെന്തായി? അമേരിക്കയിൽ സാമ്പത്തിക വളർച്ചയാണ്. റിസഷന്റെ പൊടി പോലുമില്ല. തൊഴിലില്ലായ്മ തീരെ കുറഞ്ഞു, വേതന നിരക്കുകൾ കൂടി. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ ലാഭം പ്രതീക്ഷിച്ചതിലേറെ. പലിശ നിരക്ക് കുറയ്ക്കാൻ പോകുന്നെന്ന സൂചന വന്നതോടെ ഓഹരി വിലകളും കൂടി!
പ്രവചനങ്ങളുടെ പ്രത്യേകത എന്താന്നു വച്ചാൽ–വൻ ദുരന്തവും തകർച്ചയും പ്രവചിച്ചാൽ ഏറ്റെടുക്കാനാളുണ്ട്. പകരം പുരോഗതി പ്രവചിച്ചാൽ ആർക്കും അത്ര വിശ്വാസം വരുകേല. ഇനി പുതിയൊരു ദുരന്തം വാതിൽക്കലെത്തിയെന്നാണ് വിശകലന പടുക്കൾ പറയുന്നത്– ട്രംപ്!
ഇന്ന് ഇലക്‌ഷൻ നടന്നാൽ ആര് വരും? ഇങ്ങനെയൊരു ചോദ്യം അമേരിക്കയിലാകെയുണ്ട്. അഭിപ്രായ വോട്ടെടുപ്പിൽ ബൈഡനേക്കാൾ ട്രംപ് വളരെ മുന്നിലാണത്രെ. റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറികളിലും ട്രംപിന്റെ അടുത്തെങ്ങും ആരുമില്ല. പണക്കാർ ഭൂരിപക്ഷമായ അമേരിക്കയിൽ സാമ്പത്തികമായി വളരുമോ എന്നതാണ് എല്ലാവരും നോക്കുക. പക്ഷേ ട്രംപ് വന്നാൽ ലോക ബിസിനസ് രംഗത്തിന് എന്ത് സംഭവിക്കും?
അവിടെയാണ് ചങ്കിൽ ഇടിവെട്ടുന്നത്. ഇറക്കുമതി ചെയ്യുന്ന സകലതിനും ട്രംപ് ചുങ്കം കൊണ്ടുവരും. ഏതെന്ന വ്യത്യാസമില്ലാതെ സർവതിനും 10% ചുങ്കം പറയുന്നുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നേരത്തേ ട്രംപ് ചുങ്കം ഏർപ്പെടുത്തിയിരുന്നു. തൊഴിൽ സംരക്ഷിക്കാൻ ചുങ്കം കൂട്ടണമെന്നത് 66% അമേരിക്കക്കാരുടേയും ആവശ്യമാണ്.
ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപന്നത്തിന് ഏതെങ്കിലും രാജ്യം വൻ ചുങ്കം അടിച്ചാൽ അതേ രാജ്യത്തിന്റെ സർവ ഉൽപന്നത്തിനും അതേ നിരക്ക് അമേരിക്കയും അടിക്കുമെന്നാണ് ട്രംപ് പറയുന്നത്. അതായത് ഫ്രീട്രേഡ് (സ്വതന്ത്ര വാണിജ്യം) പഴങ്കഥയാവും.
ആദായനികുതി നിരക്കുകളിൽ കൂടുതൽ ഇളവ് വരുമെന്നതിൽ ആർക്കും സംശയമില്ല. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വൻ ബിസിനസുകളിൽ നിന്നു ശതകോടികൾ നേടിയിട്ടും ട്രംപ് 5 ശതമാനത്തിൽ താഴെയാണ് ടാക്സ് കൊടുക്കുന്നത്. അമേരിക്കൻ ടാക്സ് കോഡിലെ സർവ പഴുതുകളും ഉപയോഗിക്കും. ബാക്കിയുള്ളവർ 37% വരെ കൊടുക്കുന്നു!! ഇവിടെയും ഏതാണ്ടതുപോലെ.
ഒടുവിലാൻ∙ ബൈഡന് വയസ്സായെന്ന് വോട്ടർമാരിൽ 71% പേരും കരുതുന്നു. ട്രംപിന് വയസ്സായെന്നു കരുതുന്നവർ 40% പോലുമില്ല. ബൈഡന് 80, ട്രംപിന് 77!!!