എഐ രംഗത്ത് മൈക്രോസോഫ്റ്റും ഗൂഗിളും നേർക്കുനേർ
Mail This Article
ന്യൂഡൽഹി∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) രംഗത്ത് ഓപ്പൺഎഐയുടെ 'ചാറ്റ്ജിപിടി'ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് എഐ സംവിധാനമായ 'ജെമിനി' ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പിനേക്കാൾ (ജിപിടി–4) ബഹുദൂരം മുന്നിലാണിതെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ചാറ്റ് ജിപിടി പുറത്തിറങ്ങി ഒരു വർഷം തികഞ്ഞതിനു പിന്നാലെയാണ് ഗൂഗിളിന്റെ സുപ്രധാനമായ പ്രഖ്യാപനം. ചാറ്റ് ജിപിടിക്ക് ബദലായി 'ഗൂഗിൾ ബാർഡ്' എന്ന എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നെങ്കിലും അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്മൈൻഡ് ആണ് ജെമിനിക്കു പിന്നിൽ. ജോലികളുടെ സങ്കീർണത അനുസരിച്ച് അൾട്ര, പ്രോ, നാനോ എന്നിങ്ങനെ 3 തരത്തിലായിരിക്കും ജെമിനിയുടെ സേവനം ലഭ്യമാവുക. അതിസങ്കീർണമായ ജോലികൾ നിർവഹിക്കാനാണ് അൾട്ര.
ജെമിനിയുടെ പ്രത്യേകതകൾ
ജെമിനിക്ക് ടെക്സ്റ്റ്, കംപ്യൂട്ടർ കോഡ്, ഓഡിയോ, ഇമേജ്, വിഡിയോ എന്നിവയെല്ലാം മനസ്സിലാക്കി അതിനോട് പ്രതികരിക്കാനാകും. ഉദാഹരണത്തിന് രണ്ട് ചിത്രങ്ങൾ ചേർത്തുവച്ചാൽ അവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാം. ഉത്തരപ്പേപ്പർ സ്കാൻ ചെയ്തു നൽകിയാൽ വിധിനിർണയം നടത്താൻ വരെ കഴിവുണ്ട്. വിഡിയോ ഫുട്ടേജുകളിലെ ഓരോ സീനും മനസ്സിലാക്കി അതിനോട് പ്രതികരിക്കാനാകും. അതിസങ്കീർണമായ കംപ്യൂട്ടർ കോഡുകൾ പോലും സൃഷ്ടിക്കും. ചാറ്റ് ജിപിടി സ്രഷ്ടിച്ച ഓപ്പൺഎഐ കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപകരെന്ന നിലയിൽ നിലവിൽ മൈക്രോസോഫ്റ്റിനാണ് എഐ രംഗത്ത് തലപ്പൊക്കം. ജെമിനിയുടെ വരവോടെ ടെക് രംഗത്തെ പ്രമുഖ കമ്പനികളായ മൈക്രോസോഫ്റ്റും ഗൂഗിളും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം. ടെക് മേഖലയിൽ വർഷങ്ങളായുള്ള ആധിപത്യവും ഡേറ്റയും ജെമിനിയെ മെച്ചപ്പെടുത്താൻ ഗൂഗിളിനെ സഹായിച്ചേക്കും. ജെമിനിയെ നേരിടാൻ കൂടി പര്യാപ്തമായ തരത്തിലായിരിക്കും ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പിന്റെ വരവെന്നാണ് സൂചന.
ജെമിനി പരീക്ഷിക്കാം
ഗൂഗിളിന്റെ നിലവിലുള്ള എഐ ചാറ്റ്ബോട്ട് ആയ 'ഗൂഗിൾ ബാർഡ്' (bard.google.com) ഉപയോഗിച്ചോ ഗൂഗിൾ പിക്സൽ 8 ഫോൺ ഉപയോഗിച്ചോ ജെമിനി ചെറിയ തോതിൽ പരീക്ഷിക്കാം. പൂർണതോതിൽ അടുത്ത വർഷം പ്രതീക്ഷിക്കാം. 'ബാർഡ് അഡ്വാൻസ്ഡ്' എന്ന പുതിയ പതിപ്പും ഗൂഗിൾ അവതരിപ്പിക്കും.
ഗൂഗിൾ സേർച്ച്, ക്രോം അടക്കം മിക്ക സേവനങ്ങളിലും വരുംനാളുകളിൽ ജെമിനിയുടെ 'മാജിക്' കാണാം.