ADVERTISEMENT

സൈബർ തട്ടിപ്പുകൾ വഴി പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ കൂടിയതോടെ കേന്ദ്ര ധനകാര്യ മന്ത്രാലയം, ബാങ്കുകൾ, സർക്കാർ ഉദ്യോഗസ്ഥർ, റിസർവ് ബാങ്ക്, ടെലികോം റെഗുലേറ്ററി അതോറിറ്റി എന്നിവരുടെ സംയുക്ത യോഗം അടുത്തയിടെ ഡൽഹിയിൽ നടത്തുകയുണ്ടായി. റിസർവ് ബാങ്കും വാണിജ്യ ബാങ്കുകളും ഇടപാടുകാർക്കായി നൽകിയിട്ടുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിച്ചിട്ടും തന്റേതല്ലാത്ത കാരണത്താൽ പണം നഷ്ടപ്പെടുകയാണെങ്കിൽ ബാങ്കുകൾ നഷ്ടം നികത്തണം എന്ന സംവിധാനം റിസർവ് ബാങ്ക് ഒരുക്കിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടു മൂന്ന് ദിവസത്തിനകമെങ്കിലും തന്റെ ബാങ്കിനെ വിവരം അറിയിക്കണമെന്ന് മാത്രം. ഇത് സംബന്ധിച്ച അറിയിപ്പ് 2017 ജൂലൈ 6നു തന്നെ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു. 

സാധാരണക്കാർക്ക് പണം നഷ്ടപ്പെടുന്നത് മാത്രമല്ല, തട്ടിയെടുക്കുന്ന പണം ലഹരി മരുന്ന്, ഭീകര പ്രവർത്തനങ്ങൾ മുതലായ നിയമവിരുദ്ധ കാര്യങ്ങൾക്കായി വിനിയോഗിപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനെല്ലാം തടയിടാനാണ് റിസർവ് ബാങ്ക് വളരെ വിശദമായ കെവൈസി (നോ യുവർ കസ്റ്റമർ) നിർദേശം ബാങ്കുകൾക്കും മറ്റെല്ലാ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങൾക്കും നൽകിയിട്ടുള്ളത്. 

കെവൈസി നിർദേശങ്ങൾ

തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുകയും, അവ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുകയും ചെയ്താൽ, അതിനു വഴിയൊരുക്കിയ ബാങ്കിന് ഉത്തരവാദിത്തം വരുന്നു എന്നതാണ് ശ്രദ്ധേയം. തട്ടിക്കപ്പെട്ട വ്യക്തി അശ്രദ്ധമൂലം തന്റെ വിവരങ്ങൾ തട്ടിപ്പുകാരുമായി പങ്കുവച്ചിട്ടുണ്ടെങ്കിൽ പോലും ബാങ്കിന് ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല.

ഡിജിറ്റൽ/സൈബർ തട്ടിപ്പുകളിൽ രണ്ടു ബാങ്ക് അക്കൗണ്ടുകളുണ്ടാവും. പണം പോയതും അത് തട്ടിക്കാനുപയോഗിച്ചതും. തട്ടിക്കാനായി ഉപയോഗിച്ച അക്കൗണ്ടുകൾ വ്യാജ രേഖകൾ സമർപ്പിച്ചായിരിക്കും തുടങ്ങിയിരിക്കുക. അല്ലെങ്കിൽ ഇതുമായി ഒരു ബന്ധവുമില്ലാത്ത സാധാരണക്കാരുടെ അക്കൗണ്ടുകൾ അവരെ തെറ്റിദ്ധരിപ്പിച്ച് ഉപയോഗിച്ചിട്ടുണ്ടാകാം. ആർബിഐ നിർദേശപ്രകാരം ഈ രണ്ടു സാഹചര്യത്തിലും തട്ടിക്കാനുപയോഗിച്ച ബാങ്കിന് ഉത്തരവാദിത്തം ഉണ്ട്. 

ഡിജിറ്റൽ/സൈബർ തട്ടിപ്പു വഴി പണം നഷ്ടപ്പെട്ട സാഹചര്യമേതായാലും  (ഒടിപി പങ്കുവയ്ക്കൽ പോലുള്ളവയുൾപ്പെടെ) ഇടപാടുകാർ അവരുടെ ബാങ്കിനോട്  തട്ടിക്കാനുപയോഗിച്ച അക്കൗണ്ട് തുടങ്ങിയ ബാങ്കിലേക്ക് ഒരു ‘ചാർജ് ബാക് ക്ലെയിം’ (പണം തിരിച്ചുപിടിക്കാനുള്ള ആവശ്യം) ഉന്നയിക്കാൻ ഉടനെ അഭ്യർഥിക്കണം. ആ അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചു പോയി എന്നായിരിക്കും മിക്കവാറും മറുപടി ലഭിക്കുക. പണം ബാക്കിയുണ്ടെങ്കിൽ തുക ബാങ്ക് മരവിപ്പിക്കും. പണം കിട്ടില്ല എന്ന മറുപടിയാണ് തട്ടിപ്പിന് ഇരയായ വ്യക്തിക്ക് സ്വന്തം ബാങ്കിൽ നിന്ന് ലഭിക്കുന്നതെങ്കിൽ അവർക്ക് റിസർവ് ബാങ്കിന്റെ ഓംബുഡ്സ്മാനെ സമീപിക്കാം. 

ഓംബുഡ്‌സ്മാന്റെ നടപടികൾ

ഓംബുഡ്‌സ്മാന്റെ നടപടികൾ ഇങ്ങനെയാകും: രണ്ടു ബാങ്കിനോടും വിശദീകരണം ചോദിക്കും. തട്ടിപ്പിന് വിധേയമായ അക്കൗണ്ടുള്ള  ബാങ്കിനോട് നിശ്ചിത സമയത്തിനകം തന്നെ എസ്എംഎസ് അടക്കമുള്ള സന്ദേശങ്ങൾ പോയത് കാണിച്ചുകൊണ്ടുള്ള രേഖകൾ ആവശ്യപ്പെടും. തട്ടിക്കാൻ ഉപയോഗിച്ച അക്കൗണ്ടുള്ള ബാങ്കിനോടാവട്ടെ അക്കൗണ്ട് തുടങ്ങാൻ സമർപ്പിച്ച രേഖകളും അവ ശരിയാണോ എന്ന് പരിശോധിച്ചുറപ്പിക്കാൻ ബാങ്ക് നടത്തിയ ശ്രമങ്ങളുടെ തെളിവും ഹാജരാക്കാൻ പറയും. 

മിക്കവാറും കേസുകളിൽ കെവൈസി പ്രമാണങ്ങൾ വ്യാജമാണെന്നോ അല്ലെങ്കിൽ ബാങ്ക് അവ നേരാം വണ്ണം പരിശോധിച്ചില്ല എന്നോ ഉള്ള വസ്തുതയായിരിക്കും പുറത്തു വരിക. കാരണം തട്ടിപ്പു നടത്തുന്നവരെ അവർ ബാങ്കിൽ കൊടുത്ത വിലാസത്തിൽ കണ്ടു പിടിക്കാൻ സാധിക്കില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ആളിന്റെ തിരിച്ചറിയൽ പൂർണമായും നടത്താതെയോ ആണ് തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ട് തുടങ്ങിയത് എന്ന് ഇതിലൂടെ സ്ഥാപിക്കാൻ കഴിയും.  ഇങ്ങനെ തെളിയുകയാണെങ്കിൽ ഓംബുഡ്സ്മാൻ, നഷ്ടപ്പെട്ട തുക പൂർണമായോ ഭാഗികമായോ ആ ബാങ്കിനോട് നൽകാൻ ഉത്തരവിടും. പല സൈബർ തട്ടിപ്പു കേസുകളിലും ഇങ്ങനെയുള്ള തീരുമാനങ്ങൾ രാജ്യത്തെ വിവിധ ഓംബുഡ്മാൻമാർ എടുത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

എന്നാൽ, ഡിജിറ്റൽ സൈബർ തട്ടിപ്പുകളിൽ നഷ്ടം വരുന്ന തുക നികത്താനുള്ള ബാധ്യത കെവൈസി പാളിച്ച വരുത്തിയ ബാങ്കിനുണ്ട്  എന്ന് റിസർവ് ബാങ്ക് ഇതേവരെ അസന്ദിഗ്ധമായി നിർദേശിക്കാത്ത  സാഹചര്യത്തിൽ ഓംബുഡ്സ്മാന്റെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കും തീരുമാനം. സൈബർ തട്ടിപ്പിൽ പണം പോയാൽ പോയി എന്ന് കണക്കാക്കി കയ്യും കെട്ടി നിൽക്കേണ്ട. നടപടിക്രമങ്ങൾ പാലിച്ച്  റിസർവ് ബാങ്ക്  ഓംബുഡ്സ്മാനോട് പരാതി ഉന്നയിക്കുക. ഇടപാടുകാർക്ക് അനുകൂലമായ നിലപാടായിരിക്കും അവർ എടുക്കുക എന്ന് പ്രതീക്ഷിക്കാം. 

English Summary:

The Ombudsman offers hope for compensation in cyber frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com