ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്
Mail This Article
ചോദ്യം: കഴിഞ്ഞ സാമ്പത്തിക വർഷത്തെ എന്റെ ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് (AIS) എടുത്തപ്പോൾ ഒരു പ്രൈവറ്റ് ബാങ്ക് എനിക്ക് 3176 രൂപ പലിശ തന്നതായി കാണുന്നു. പ്രസ്തുത സംഖ്യയും ചേർത്താണ് എന്റെ വരുമാനം കാണിച്ചത്. അതുപ്രകാരമാണ് ടാക്സ് കൊടുത്തത്. എനിക്ക് മേൽപറഞ്ഞ ബാങ്കിൽ അക്കൗണ്ട് ഇല്ല. അതുകൊണ്ട് തന്നെ ഡിപ്പോസിറ്റും ഇല്ല. ഇതിന് എവിടെയാണ് പരാതിപ്പെടേണ്ടത്?
–എം.എം.ശങ്കരൻ
ഉത്തരം: ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിൽ (AIS) പറഞ്ഞിരിക്കുന്ന ഏതെങ്കിലും വിവരങ്ങൾ താങ്കളെ സംബന്ധിക്കുന്നതല്ല എങ്കിൽ അതിനെ സംബന്ധിച്ച പ്രതികരണം അറിയിക്കുന്നതിനുള്ള സംവിധാനം വെബ്സൈറ്റിൽ തന്നെ ഉണ്ട്. ഇതിനായി ആദായ നികുതി പോർട്ടലിലെ എഐഎസ് പേജിൽ കയറുക. താങ്കളുടേതല്ല എന്ന് അവകാശപ്പെടുന്ന പലിശയുടെ തുക കാണിച്ചിരിക്കുന്നതിന്റെ വലതുഭാഗത്തായി 'ഫീഡ്ബാക്ക്' എന്നു കാണാം. അതിനടിയിൽ 'ഓപ്ഷനൽ' എന്ന ഒരു ബട്ടണും കാണാം. ഇവിടെ ക്ലിക്ക് ചെയ്താൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മെനു ഉണ്ട്. ഈ മെനുവിൽ നിന്ന് പലിശ വരുമാനം താങ്കളുടേതല്ല എന്ന് അറിയിക്കുന്ന പ്രതികരണം തിരഞ്ഞെടുത്തു സബ്‌മിറ്റ് ചെയ്യാം. മേൽപറഞ്ഞ രീതിയിൽ എഐഎസിൽ കാണുന്ന പലിശ വരുമാനം നിഷേധിച്ചുകൊണ്ടുള്ള പ്രതികരണം സമർപ്പിക്കുന്നത് കൂടാതെ താങ്കളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ റിട്ടേൺ റിവൈസ് ചെയ്തു ഫയൽ ചെയ്യുകയും വേണം. റിട്ടേൺ റിവൈസ് ചെയ്യുന്നതിനുള്ള അവസാന തീയതി 31 ഡിസംബർ 2023 ആണ്. താങ്കളുടേതല്ലാത്ത പലിശ വരുമാനം റിവൈസ്ഡ് റിട്ടേണിൽ ഉൾപ്പെടുത്താതിരിക്കാം. ആ പലിശ വരുമാനം ആദ്യം ഫയൽ ചെയ്ത റിട്ടേണിൽ ഉൾപ്പെടുത്തിയത് മൂലം കൂടുതലായി അടച്ച നികുതി റീഫണ്ട് ആയി റിവൈസ് ചെയ്ത റിട്ടേണിൽ അവകാശപ്പെടാം. ആ പലിശ വരുമാനത്തിന്റെ ടിഡിഎസ് തുക ക്രെഡിറ്റ് ആയി അവകാശപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.
പ്രശാന്ത് ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി.
വായനക്കാരുടെ നികുതി സംബന്ധമായ ചോദ്യങ്ങൾ bpchn@mm.co.in എന്ന ഇ–മെയിലിൽ അയയ്ക്കാം.