ADVERTISEMENT

പാലക്കാട് ∙ പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പ വിതരണത്തിൽ (കിസാൻ ക്രെഡിറ്റ് കാർഡ്) കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കു കേന്ദ്രം നൽകുന്ന പലിശയിളവു ലഭിക്കണമെങ്കിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നതും വായ്പാ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കെസിസി – ഐഎസ്എസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നതും നിർബന്ധമാക്കി.

പല സംഘങ്ങളും മാനദണ്ഡങ്ങൾ ലംഘിച്ചു കാർഷിക വായ്പ നൽകുന്നുണ്ടെന്ന നബാർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അനർഹരെ ഒഴിവാക്കുന്നതിനും കർഷകർക്കു കൃത്യമായി പലിശയിളവ് ഉറപ്പാക്കാനുമാണു നടപടിയെന്നു കേന്ദ്രം പറയുന്നു.

6% പലിശയുള്ള കാർഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുമ്പോൾ 3% ഇളവു നൽകുന്ന പദ്ധതിയിൽ, ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ പലിശയിളവു നൽകുകയുള്ളൂ. കൃത്യമായി തിരിച്ചടയ്ക്കുമ്പോൾ നൽകേണ്ട 3% പലിശയിളവ് സംഘങ്ങൾ മുൻകൂറായി കർഷകർക്കു നൽകണം. പിന്നീട്, കേരള ബാങ്ക് മുഖേന നബാർഡിൽ നിന്നു സംഘങ്ങൾക്ക് ഈ തുക കൈപ്പറ്റാം.

കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ, വിള, വായ്പ തോത് തുടങ്ങി എല്ലാ വിവരങ്ങളും സംഘങ്ങൾ കൃത്യമായി സൂക്ഷിക്കണം. ഓരോ വിളയ്ക്കും നൽകാവുന്ന വായ്പാ പരിധി സൂചിപ്പിക്കുന്ന സംസ്ഥാനതല ടെക്നിക്കൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ വായ്പ തുക കണക്കാക്കാവൂ. കാർഷികവായ്പ എടുക്കുന്ന ഭൂമിയിലെ വിളകൾക്കു നിർബന്ധമായും ഇൻഷുറൻസ് എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിബന്ധനകൾ നടപ്പാക്കണമെന്നു സഹകരണ റജിസ്ട്രാർ സംഘങ്ങൾക്കു നിർദേശം നൽകി. 

English Summary:

Strict control for agricultural loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com