ഗോ...WoW..
Mail This Article
തിരുവനന്തപുരം∙ ഇലക്ട്രോണിക് മ്യൂസിക്കിന്റെ ലഹരിയിൽ മുഴുകി ന്യൂഇയർ ആഘോഷിക്കാൻ അവസരം; അതും ആഘോഷത്തിന്റെ രാവൊതുങ്ങാത്ത ഗോവയിൽ. ഡിസംബർ അവസാനിക്കാനിരിക്കെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലായ സൺബേൺ ഫെസ്റ്റിവലിന്റെ ആവേശത്തിലാണ് ഗോവ. ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ ഉഷാറായി മുന്നോട്ടു പോകുമ്പോൾ ‘ഗോവയ്ക്ക് വിട്ടാലോ’ എന്ന പ്ലാനിലാണ് ഒട്ടേറെ മലയാളികൾ. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ഡിസംബർ അവസാനത്തേക്ക് ഗോവയിലേക്കുള്ള ട്രെയിൻ–വിമാന ടിക്കറ്റുകൾ ഏറക്കുറെ തീർന്നിട്ടുണ്ട്. സീസൺ ആയതിനാൽ ഗോവയിൽ സാധാരണയിലും ചെലവ് കൂടും. എങ്കിലും ഒരു ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പ് പ്ലാൻ ചെയ്യാം.
കേരളം ടു ഗോവ
28 മുതൽ 31 വരെയാണ് ഗോവയിലെ വഗാറ്റോർ ബീച്ചിൽ സൺബേൺ ഫെസ്റ്റിവൽ അരങ്ങേറുന്നത്. സംസ്ഥാനത്തിന്റ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്ലീപ്പർ ക്ലാസിൽ 505 രൂപ മുടക്കിയാൽ ശരാശരി 16 മണിക്കൂറിൽ ഗോവയിൽ എത്താം. തേർഡ് എസി ടിക്കറ്റിന് 1355 രൂപയും സെക്കൻഡ് എസി ടിക്കറ്റിന് 1945 രൂപയുമാണ്. നിലവിൽ ജനറൽ ടിക്കറ്റുകൾ തീർന്നതിനാൽ 200 രൂപ മുതൽ 500 രൂപ വരെ കൂടുതൽ മുടക്കി തൽക്കാൽ ടിക്കറ്റുകൾ എടുക്കേണ്ടി വരും. ഈ മാസം തുടക്കത്തിൽ 5000 രൂപ നിരക്കിൽ ലഭിച്ചിരുന്ന വിമാന ടിക്കറ്റുകൾ നിലവിൽ 10000 രൂപ വരെ വർധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്ക് നിലവിൽ ബസ് സർവീസ് ഇല്ല.
താമസം @ 500
ഗോവയിൽ ബാച്‌ലേഴ്സ് ഹോസ്റ്റലുകളിൽ 500 രൂപ നിരക്കിൽ താമസിക്കാം. ഓഫ് സീസണിൽ 100 രൂപയായിരുന്നു. ഇതേ നിരക്കിൽ ഡോമെട്രികളും ലഭ്യമാണ്. ഫാമിലി റൂമുകൾ 2500 രൂപ നിരക്ക് മുതൽ പല ബുക്കിങ് സൈറ്റുകളിലുമുണ്ട്. രാവിലത്തെ ഭക്ഷണം കൂടി ഉൾപ്പെടുത്തിയാണ് മിക്ക ഹോട്ടലുകളും റൂം നൽകുന്നത്. എന്നാൽ ബീച്ചിനോട് ചേർന്നുള്ള ഹോട്ടലുകളിൽ ഈ നിരക്ക് ആയിരിക്കില്ല. ഫെസ്റ്റ് നടക്കുന്ന വഗാറ്റോർ ബീച്ചിൽ ആയതിനാൽ നോർത്ത് ഗോവയിലെ മിക്ക സ്ഥലങ്ങളിലും വരും ദിവസങ്ങളിൽ നിരക്ക് കൂടിയേക്കും.
റെന്റ് ബൈക്ക്
താമസം കുറച്ച് മാറിയാണെങ്കിലും വിഷമിക്കേണ്ട. വാടകയ്ക്ക് സ്കൂട്ടറുകൾ ലഭിക്കും. ഐഡി കാർഡ് മാത്രം നൽകിയാൽ മതി. സ്കൂട്ടറുകൾ 350 രൂപ നിരക്കിലാണ് ലഭിച്ചിരുന്നതെങ്കിലും ഇപ്പോൾ 700 മുതൽ 1000 രൂപ വരെ ആയിട്ടുണ്ട്. പെട്രോൾ സ്വയം അടിക്കണം. ഗോവയിൽ ഒരു നേരത്തേ ഭക്ഷണത്തിന് ഒരാൾക്ക് 100-150 രൂപ വരെ ഏറ്റവും കുറഞ്ഞത് ആയേക്കും. ട്രെയിൻ യാത്രയിൽ ഒരു നേരം 80–100 രൂപ നിരക്കിൽ ഭക്ഷണം ലഭിക്കും.
സൺബേൺ പ്രവേശനം...
സംഗീതം, നൃത്തം, മത്സരങ്ങൾ, അഡ്വഞ്ചർ ഇവന്റുകൾ തുടങ്ങി ഒരു ഫുൾ അൺലിമിറ്റഡ് എന്റർടെയ്ൻമെന്റ് സോണാണ് സൺബേൺ വേദികൾ. വഗാറ്റോർ ബിച്ചിലെ 7 വേദികളിലായി പരിപാടികൾ അവതരിപ്പിക്കാനായി എത്തുന്നത് 120ലേറെ ആർട്ടിസ്റ്റുകൾ. ഹാർഡ്‌വെൽ, അലേസോ, ടിമ്മി ട്രംഫെറ്റ് തുടങ്ങി ഒട്ടേറെ രാജ്യാന്തര താരങ്ങളുമുണ്ട് ഇതിൽ. ഒരു ദിവസത്തെ പ്രവേശനത്തിന് 3000 രൂപയാണ് നിരക്ക്. വിഐപി പാസിന് 4500 രൂപയും ഫാൻപിറ്റ് പാസിന് 6000 രൂപയുമാണ്. വേദിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പുറത്തിറങ്ങാൻ പാടില്ല.
ഗോവയിൽ പുതുവത്സരത്തോട് അനുബന്ധിച്ച് ചെലവു കുറഞ്ഞ് ഒട്ടേറെ പാർട്ടികൾ മറ്റു ബീച്ചുകളിലും നടക്കുന്നുണ്ട്.