ഹരിത വൈദ്യുതിക്ക് ഇന്ധന സർചാർജ് ഇല്ല
Mail This Article
തിരുവനന്തപുരം∙ ഹരിത വൈദ്യുതിയിലേക്കു മാറുന്നവർക്ക് കെഎസ്ഇബിയുടെ ഇന്ധന സർചാർജ് ബാധകമാകില്ല. ജനുവരിയിൽ കെഎസ്ഇബി നേരിട്ടു നിശ്ചയിച്ച 10 പൈസ ഉൾപ്പെടെ 19 പൈസയാണ് യൂണിറ്റിന് ഇന്ധന സർചാർജ് ഈടാക്കുന്നത്. ഹരിത വൈദ്യുതിയിലേക്കു (ഗ്രീൻ എനർജി) മാറുന്ന ഉപയോക്താക്കൾക്ക് സാധാരണ വൈദ്യുതി ബില്ലിനു മേൽ ഗ്രീൻ താരിഫ് ആയി യൂണിറ്റിന് 77 പൈസ അധികം ഈടാക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. 2024 ജൂൺ 30 വരെയാണ് ഈ നിരക്ക് ബാധകമാകുക. തുടർന്ന് റെഗുലേറ്ററി കമ്മിഷൻ ഗ്രീൻ താരിഫ് പുതുക്കി നിശ്ചയിക്കും.
നിലവിൽ ടാറ്റ കൺസൽറ്റൻസി സർവീസ് (ടിസിഎസ്), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങൾ ഹരിത വൈദ്യുതി വേണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചിട്ടുണ്ട്. കെഎസ്ഇബിയിൽ നിന്നോ മറ്റു ചെറുകിട ലൈസൻസികളിൽ നിന്നോ ഹരിത വൈദ്യുതി വാങ്ങുന്ന എല്ലാ ഉപയോക്താക്കൾക്കും ഗ്രീൻ താരിഫ് ബാധകമാകും. വൈദ്യുതി നിരക്ക് കുടിശികയുള്ള ഉപയോക്താക്കൾക്ക് ഹരിത ഊർജ പദവി നൽകുകയോ തുടരുകയോ ചെയ്യില്ല.
ഹരിത വൈദ്യുതിയിലേക്കു മാറാൻ ഉപയോക്താക്കൾ പ്രത്യേകം അപേക്ഷ നൽകണം. ഗ്രീൻ താരിഫിലേക്കു മാറാനോ ഗ്രീൻ താരിഫിൽ നിന്നു പിന്മാറാനോ ഫീസ് ഈടാക്കില്ല. ഒരിക്കൽ ഗ്രീൻ താരിഫിലേക്കു മാറിയാൽ കുറഞ്ഞത് ഒരു വർഷം ലോക്ക് ഇൻ പീരിയഡ് ആയിരിക്കും. ഈ സമയത്ത് ഗ്രീൻ താരിഫിൽ നിന്നു പിന്മാറാൻ കഴിയില്ല. ലോക്ക് ഇൻ പീരിയഡ് കഴിഞ്ഞ് ഗ്രീൻ താരിഫിൽ നിന്നു മാറണമെങ്കിൽ മൂന്നു മാസം മുൻപ് അറിയിപ്പു നൽകണം. ഗ്രീൻ താരിഫിലേക്കു മാറാനുള്ള അപേക്ഷ അംഗീകരിക്കാനാകില്ലെങ്കിൽ വിതരണ ഏജൻസി 7 ദിവസത്തിനുള്ളിൽ ഉപയോക്താവിനെ വിവരം അറിയിക്കണം.
ഗ്രീൻ താരിഫിലേക്കു മാറിയാൽ തൊട്ടടുത്ത മാസം മുതലുള്ള ബില്ലിങ്ങിൽ ഗ്രീൻ താരിഫ് ഉൾപ്പെടുത്തും. അതിനു മുൻപുള്ള മാസത്തിലെ അവസാന ദിവസം മീറ്ററിലെ കട്ട് ഓഫ് റീഡിങ് എടുക്കും. ഗ്രീൻ താരിഫിലേക്കു മാറുകയും ബില്ല് 100% അടയ്ക്കുകയും ചെയ്യുന്ന ഉപയോക്താക്കൾക്ക് കെഎസ്ഇബി ഹരിതോർജ സർട്ടിഫിക്കറ്റ് നൽകും.
കുടിശിക വരുത്തുന്ന ഉപയോക്താക്കളിൽ നിന്നു സപ്ലൈ കോഡ് പ്രകാരമുള്ള പലിശ ഈടാക്കും. ഉപയോക്താവ് റദ്ദാക്കിയില്ലെങ്കിൽ അടുത്ത വർഷം ഗ്രീൻ താരിഫ് സ്വമേധയാ പുതുക്കപ്പെടും.