ADVERTISEMENT

നൂതനമായ ഒരാശയം...അത് കഴിഞ്ഞ് പിച്ചിങ്...സംതൃപ്തരാകുന്ന ഏഞ്ചല്‍ ഫണ്ട്, വിസി ഫണ്ട് നിക്ഷേപകര്‍...കാശ് വരുന്നു, വാല്യുവേഷന്‍ കുതിക്കുന്നു, ഫണ്ടിങ് റൗണ്ടുകള്‍ ആവര്‍ത്തിക്കുന്നു...ഇതിനിടയില്‍ പ്രോഫിറ്റബിലിറ്റി അഥവാ ലാഭക്ഷമതയെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമില്ലായിരുന്നു പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും. എന്നാല്‍ 2023 നവസംരംഭകര്‍ പാഠം പഠിച്ച വര്‍ഷമായിരുന്നു. വെഞ്ച്വര്‍ കാപ്പിറ്റല്‍ (വിസി) സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും തിരിച്ചറിവ് ലഭിച്ച വര്‍ഷം. 

കഠിനം, പക്ഷേ...

വിസി ഫണ്ടിങ് മേഖലയില്‍ കടുത്ത ദാരിദ്ര്യമായിരുന്നു 2023ല്‍. നിക്ഷേപം ഇല്ലാതെ അതിജീവനം സാധ്യമാകുമോയെന്ന വലിയ പരീക്ഷണമായിരുന്നു നവസംരംഭകര്‍ നേരിട്ടത്. മികച്ച സാധ്യതകള്‍ കല്‍പ്പിക്കപ്പെട്ട പല സ്റ്റാര്‍ട്ടപ്പുകളും ഫണ്ടിങ് ഇല്ലാത്തതിനെത്തുടര്‍ന്നും ബിസിനസ് മോഡലിന്റെ അഭാവത്തെത്തുടര്‍ന്നും പ്രവര്‍ത്തനം അവസാനിപ്പിച്ചു. സെലിബ്രിറ്റീസ് വരെ ഭാഗമായിരുന്ന ഹോബി ലേണിങ്, കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായിരുന്ന ഫ്രന്റ്‌റോ 2023 ജൂലൈ മാസത്തിലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ശ്രദ്ധേയ ഓട്ടോ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പായ കാര്‍ദേഖോയ്ക്കും പൂട്ടിപ്പോകേണ്ടി വന്നു. ഓണ്‍ലൈന്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡന്‍സോയെ പോലുള്ള നിരവധി സംരംഭങ്ങളുടെ ഭാവി തുലാസിലുമാണ്. 

വമ്പന്‍ ഇടിവ്

2023ല്‍ ഇന്ത്യയിലെ ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമാഹരിക്കാനായത് കേവലം 7 ബില്യണ്‍ ഡോളര്‍ മാത്രമാണ്. 2022ല്‍ സമാഹരിച്ചത് 25 ബില്യണ്‍ ഡോളറായിരുന്നു. അതായത് 73 ശതമാനത്തോളം ഇടിവ് വിസി ഫണ്ടിങ്ങിലുണ്ടായി. കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ഫണ്ടിങ്ങാണ് 2023ലേത്. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 957 മില്യണ്‍ ഡോളര്‍ മാത്രമാണ് സമാഹരിക്കാനായത്. 2016 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മോശം പാദമാണിത്. 100 മില്യണ്‍ ഡോളറിലധികം വരുന്ന ആകെ 17 നിക്ഷേപങ്ങള്‍ മാത്രമാണ് 2023ല്‍ നടന്നത്. മുന്‍വര്‍ഷം ഇത് 55 ആയിരുന്നു. ലെന്‍സ്‌കാര്‍ട്ട്, ഫോണ്‍പെ, പെരിഫോസ്, സെപ്‌റ്റോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ കാര്യമായ ഫണ്ട് സമാഹരിക്കാന്‍ സാധിച്ചുള്ളൂ. ഫാമീസി, ഉഡാന്‍ പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ പ്രഥമ ഓഹരി വില്‍പ്പന പോലും നീട്ടിവച്ചു. 

വിസികള്‍ ട്രാക്ക് മാറ്റിപ്പിടിച്ചു എന്നതാണ് ശ്രദ്ധേയം. വലിയ വളര്‍ച്ചാസാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ ഓടുന്നതിന് പകരം ലാഭക്ഷമത കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ അവര്‍ ഫണ്ടിറക്കുന്നത്. അതിന്റെ ഫലമായി രാജ്യത്ത് 2023ല്‍ ആകെ രണ്ട് യൂണികോണ്‍ സംരംഭങ്ങളേ പിറവിയെടുത്തുള്ളൂ. ഇന്‍ക്രെഡ് ഫിനാന്‍സും ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്‌റ്റോയും. 

മാനദണ്ഡങ്ങള്‍ മാറി

ഉപയോക്താക്കളുടെ എണ്ണം, അതിലുണ്ടാകുന്ന പ്രതിമാസ വളര്‍ച്ച തുടങ്ങിയവ കണക്കിലെടുത്തായിരുന്നു നേരത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ വിസി കമ്പനികള്‍ നിക്ഷേപം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴവര്‍ നോക്കുന്നത് ഓപ്പറേറ്റിങ് മാര്‍ജിന്‍, റവന്യൂ, പ്രോഫിറ്റബിലിറ്റി തുടങ്ങിയ ഘടകങ്ങളാണ്. ഇതോടെ കുട്ടിക്കളി വിട്ട് സ്റ്റാര്‍ട്ടപ്പുകളും ലാഭക്ഷമതയെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമെല്ലാം കാര്യമായി ചിന്തിക്കാന്‍ തുടങ്ങി.  

ഫണ്ടിങ് നിന്നതോടെ സ്റ്റാര്‍ട്ടപ്പുകളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പ്രവര്‍ത്തനശൈലി മാറ്റിയ അവര്‍ എങ്ങനെയെങ്കിലും മണിഫ്‌ളോ ഉണ്ടാക്കാനാണ് നോക്കുന്നത്. അടുത്തിടെ ഇലവേഷന്‍ കാപ്പിറ്റല്‍ നടത്തിയ സര്‍വേ അനുസരിച്ച് 18 ശതമാനത്തോളം സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അവകാശപ്പെട്ടത് തങ്ങള്‍ ലാഭമുണ്ടാക്കാന്‍ തുടങ്ങിയെന്നാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം പേര്‍ പറഞ്ഞത് അധികം വൈകാതെ തങ്ങളുടെ സംരംഭങ്ങള്‍ക്ക് ലാഭത്തിലെത്താന്‍ സാധിക്കുമെന്നാണ്. ഇതിനായി പല നവസംരംഭങ്ങളും തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നുമുണ്ട്. ഏകദേശം 20,000 പേര്‍ക്കാണ് സ്റ്റാര്‍ട്ടപ്പ് രംഗത്ത് തൊഴില്‍ നഷ്ടപ്പെട്ടത്. അനാവശ്യമായ ബ്രാന്‍ഡ് പ്രൊമോഷന്‍, മാര്‍ക്കറ്റിങ് ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ഇവര്‍ തയാറാകുന്നു. 

ബൈജൂസ് പോലുള്ള സ്റ്റാര്‍ട്ടപ്പ് ഭീമന്മാരുടെ മൂല്യത്തില്‍ വന്‍ഇടിവ് നേരിട്ടതും 2023ലായിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അധികമൂല്യമാണ് കല്‍പ്പിക്കപ്പെടുന്നതെന്നും അതനുസരിച്ച് വലിയ തോതില്‍ നിക്ഷേപമിറക്കുന്നത് യുക്തിരഹിതമായ കാര്യമാണെന്നുമുള്ള ബോധ്യം ശക്തമായത് ബൈജൂസിന്റെ തകര്‍ച്ചയോടെയാണ്. ലാഭക്ഷമതയില്‍ ഫോക്കസ് ചെയ്യാതെ, ഉപയോക്താക്കളുടെ എണ്ണത്തിലും ഭാവിയില്‍ ലഭിച്ചേക്കാവുന്ന ലാഭത്തെക്കുറിച്ചുള്ള പെരുപ്പിച്ച കണക്കുകളിലും ഊന്നിയുള്ള മോഡല്‍ ഇനിയുള്ള കാലത്ത് വിലപ്പോവില്ലെന്നത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. 

റെഡ്സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്സ് പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് യൂണികോണുകളില്‍ ഒരെണ്ണം വീതം 2027 ആകുമ്പോഴേക്കും പൂട്ടിപ്പോകുകയോ ഏറ്റെടുക്കലിന് വിധേയമാകുകയോ ചെയ്യും. ലാഭക്ഷമതയില്‍ ഫോക്കസ് ചെയ്യുന്ന യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

English Summary:

Startups Facing Funding Problems in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com