സൂപ്പർ ബ്ലാസ്റ്റ് ബൂസ്റ്റർ ചായ
Mail This Article
ആലപ്പുഴ∙ കോളജിൽ പഠിക്കുമ്പോൾ ചായ കുടിക്കാൻ മിക്കവരും തട്ടുകടകളിൽ പോകാറില്ലേ, എന്നാൽ കോളജിൽ പഠിക്കുമ്പോൾ തട്ടുകട ബിസിനസിൽ പുതിയൊരു ട്രെൻഡ് ഉണ്ടാക്കുകയും അതിനെ ഒരു ബ്രാൻഡ് ആക്കി ഹിറ്റ് ആക്കുകയും ചെയ്തു ഈ സഹോദരങ്ങൾ. അതാണ് ബൂസ്റ്റർ ചായ!
2020ൽ പത്തനംതിട്ട കോന്നിയിലാണു കട്ടച്ചിറ പുതുവേൽ വീട്ടിൽ മുബീദയും സഹോദരൻ മുബീനും ബൂസ്റ്റർ ചായ എന്നു പേരിട്ട ആദ്യ ടീ ഷോപ്പ് തുടങ്ങിയത്. ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 43 കടകളായി. നൂറിലേറെ ജീവനക്കാരും.
ബൂസ്റ്റർ ചായ മാത്രമല്ല, 10 രൂപ മുതൽ 200 രൂപ വരെ വിലയുള്ള പലതരം ചായകൾ ഈ കടകളിൽ കിട്ടും. പ്രീമിയം ചായ, വെറും ചായ, ചോക്ലേറ്റ് ചായ... എങ്കിലും ബൂസ്റ്റർ ടീ എന്ന സ്വന്തം ചായയ്ക്കാണ് ഏറ്റവും ഡിമാൻഡ് എന്നു മുബീൻ പറയുന്നു. ആദ്യ ഷോപ്പിന്റെ ഡിസൈനും പെയിന്റിങ്ങുമൊക്കെ ഇവർ തന്നെയാണു ചെയ്തത്.
കോളജ് വിദ്യാർഥികൾ ഉൾപ്പെടെ യുവജനങ്ങളാണ് ഔട്‌ലെറ്റുകളുടെ നടത്തിപ്പുകാർ. ബൂസ്റ്റർ ഗേൾസ്, ബൂസ്റ്റർ ബോയ്സ് എന്നിങ്ങനെയാണ് ഇവരെ വിളിക്കുക. കിയോസ്കുകളും അവയുടെ ഇന്റീരിയറും ഉൾപ്പെടെ ചെയ്താണു ഫ്രാഞ്ചൈസികൾക്കു നൽകുന്നത്.
എറണാകുളത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർ നടത്തുന്ന ഔട്‌ലെറ്റ് ഉടൻ തുടങ്ങും. ആലപ്പുഴയിൽ സ്വന്തമായി കഫേയും തുടങ്ങി. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും ഉടൻ ഔട്‌ലെറ്റുകൾ തുറക്കും.