വ്യവസായ എസ്റ്റേറ്റ് സംരംഭകരെ പൂട്ടുന്ന ചട്ടങ്ങൾ ബാക്കി
Mail This Article
കൊച്ചി∙ പതിറ്റാണ്ടുകൾക്ക് മുൻപ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി അന്നു നിശ്ചയിച്ച പണം അടച്ച് വാങ്ങിയവർക്ക് പട്ടയം കൊടുക്കാനുള്ള വിജ്ഞാപനം ഇറങ്ങിയെങ്കിലും അതിൽ വ്യവസായിക്ക് ഒട്ടേറെ കുരുക്കുകൾ. കൈമാറ്റം ചെയ്യണമെങ്കിൽ പട്ടയം റദ്ദാക്കണമെന്നു മാത്രമല്ല ഭൂവിലയിൽ കാലാകാലങ്ങളിലുണ്ടായ മാറ്റം അനുസരിച്ചുള്ള അധിക തുക അടയ്ക്കേണ്ടതുമുണ്ട്. അലോട്ട് ചെയ്യുന്നതിനു മുൻപ് നിശ്ചയിച്ച വില അടച്ച് ഭൂമി സ്വന്തമാക്കിയ ശേഷവും വില പിന്നെയും വർധിപ്പിക്കാം.
നീണ്ട കാത്തിരിപ്പിനു ശേഷം വ്യവസായ എസ്റ്റേറ്റുകളിലെ പ്ലോട്ടുകൾക്കു പട്ടയം കൊടുക്കാനുള്ള ഗസറ്റ് വിജ്ഞാപനം ഡിസംബർ 21നാണ് ഇറങ്ങിയത്. പക്ഷേ അതിലെ ചട്ടങ്ങൾ പലതും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പ്രഖ്യാപനങ്ങൾ പൊള്ളയാണെന്നു തെളിയിക്കുന്നു.
പൂട്ടിയാൽ തുറക്കാൻ പിഴ
എസ്റ്റേറ്റിലെ ചെറുകിട വ്യവസായ യൂണിറ്റ് പൂട്ടിപ്പോയാൽ വീണ്ടും തുറക്കാൻ ഭൂമി വിലയുടെ 10% പലിശ (റിസംഷ്ൻ പലിശ) കൊടുക്കണം. അതായത് വ്യവസായിക്ക് പ്രതിസന്ധി വന്നാൽ സർക്കാർ സഹായിക്കുന്നതിനു പകരം പിഴ ചുമത്തുന്നു. 2006ലെ ചെറുകിട വ്യവസായ നിയമം അനുസരിച്ചുള്ള വ്യവസായങ്ങൾ മാത്രമേ എസ്റ്റേറ്റുകളിൽ അനുവദിക്കൂ. നിലവിൽ പ്രവർത്തിക്കുന്ന വാഹന സർവീസ് സ്റ്റേഷനുകൾ അതിൽ വരുന്നില്ലെന്നതിനാൽ അവർ ആശങ്കയിലാണ്.
ഉൽപന്നം മാറ്റിയാൽ പിഴ ഒരു ലക്ഷം
വ്യവസായത്തിന്റെ ഉടമസ്ഥതാ സ്വഭാവം മാറ്റണമെങ്കിൽ ഫീസ് 25000. ഒരു ഉൽപന്നം മാറ്റണമെങ്കിൽ 10000 രൂപ ഫീസ്. ഫീസ് അടയ്ക്കാതെ മാറ്റം വരുത്തിയാൽ ഒരു ലക്ഷം രൂപ പിഴ. കൈമാറ്റത്തിനും ഫീസ് കാൽ ലക്ഷം.
ഭൂമി മറ്റൊരു വ്യവസായിക്ക് കൈമാറ്റം ചെയ്താൽ 12 മാസത്തിനകം ഉൽപാദനം തുടങ്ങണം. ഇല്ലെങ്കിൽ പിന്നീട് ഓരോ ദിവസത്തിനും സെന്റിന് 100 രൂപ വീതം പിഴ. അലോട്ട് ചെയ്ത ഭൂമി സർക്കാർ ഏറ്റെടുത്താൽ അലോട്മെന്റ് കാലയളവ് വാടകക്കാലമായി കണക്കാക്കി ഭൂമി വിലയുടെ 10% വീതം വാടക ഓരോ വർഷത്തിനും ഈടാക്കും.
ബാങ്ക് വായ്പയ്ക്ക് ത്രികക്ഷി കരാർ
സ്ഥലത്തിന്റെ അലോട്മെന്റ് എടുത്ത് പണം അടച്ച് പട്ടയം കൈപ്പറ്റിയാലും സ്ഥലത്തിന്റെ ആദ്യ കൈകാര്യക്കാരൻ (ഫസ്റ്റ് ചാർജ്) ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരായിരിക്കും.
റവന്യു റജിസ്റ്ററിൽ പോക്ക് വരവ് ചെയ്ത ഭൂമി ഈട് വച്ച് ബാങ്ക് വായ്പ എടുക്കണമെങ്കിൽ സ്ഥലം ഉടമയും ബാങ്കുമായി മാത്രം കരാർ പോരാ. എസ്റ്റേറ്റ് അധികാരി കൂടി ഉൾപ്പെടുന്ന ത്രികക്ഷി കരാർ വേണം.
ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സംരംഭകനാണ്. പക്ഷേ അതിനു പണം ചെലവിട്ട ശേഷവും ഒഴിഞ്ഞു കിടക്കുന്ന ഇടമുണ്ടെങ്കിൽ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് അവിടെ വികസന പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടത്രെ.!