‘നെറ്റ്‍വർക് ഉപയോഗത്തിന് ന്യായമായ തുക തരണം’
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് കൂടുതൽ ഇന്റർനെറ്റ് ഉപയോഗത്തിന് കാരണമാകുന്ന നാലോ അഞ്ചോ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ അടിസ്ഥാനസൗകര്യം ഉപയോഗിക്കുന്നതിന് പണം നൽകണമെന്ന് ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) ഇതുസംബന്ധിച്ച് ധവളപത്രം പുറത്തിറക്കി. പ്ലാറ്റ്ഫോമുകളുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും വാട്സാപ്, നെറ്റ്‍ഫ്ലിക്സ്, മെറ്റ അടക്കമുള്ളവ ഇതിൽ വരുമെന്നാണ് സൂചന. എന്നാൽ ചെറിയ, ഇടത്തരം കമ്പനികൾ പണം നൽകേണ്ട.
അസ്വാഭാവികമായ ഇന്റർനെറ്റ് ട്രാഫിക്കിന് കാരണമാകുന്ന ഇത്തരം പ്ലാറ്റ്ഫോമുകൾ തങ്ങളുടെ ശൃംഖല വിപലീകരിക്കുന്നതിനും പരിപാലിക്കുന്നതിനും നിശ്ചിത തുക നൽകണമെന്നാണ് ആവശ്യം. നെറ്റ്‍വർക് അപ്ഗ്രഡേഷൻ അടക്കമുള്ളവയ്ക്കായുള്ള ചെലവിന്റെ ഭാരം ജനങ്ങളിലേക്ക് കൈമാറുന്നത് ശരിയല്ലെന്നും സിഒഎഐ ചൂണ്ടിക്കാട്ടി.
ദക്ഷിണ കൊറിയയിൽ നെറ്റ്‍ഫ്ലിക്സും എസ്കെ ടെലികോം കമ്പനിയും തമ്മിൽ പണം നൽകാൻ ധാരണയായിട്ടുണ്ടെന്നും സിഒഎഐ ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനും സമാനമായ നയം പരിഗണിക്കുന്നുണ്ട്.