ജിഎസ്ടി അപ്പീൽ ഫയൽ ചെയ്യുന്നതില് വന്ന താമസം എങ്ങനെ പരിഹരിക്കാം
Mail This Article
സിമന്റ്, ഹാർഡ്‌വെയർ തുടങ്ങിയവ വിൽക്കുന്ന ഒരു വ്യാപാര സ്ഥാപനം ആണ് ഞങ്ങളുടേത്. കഴിഞ്ഞ മാസം ജിഎസ്ടിയുടെ പോർട്ടൽ പരിശോധിച്ചപ്പോൾ സെക്‌ഷൻ 73 പ്രകാരം ഉള്ള നോട്ടിസും അതിന്റെ ഓർഡറും കാണാൻ ഇടയായി. ഇതിൽ നിന്നു ഞങ്ങൾക്ക് മനസ്സിലായത് ഒരു എക്സ്പാർട്ടി ഓർഡർ ആണ് സൈറ്റിൽ ഉള്ളത് എന്നാണ്. ഡേറ്റ് ഓഫ് ഓർഡർ കാണിച്ചിരിക്കുന്നത് 2023 മാർച്ച് 12 ആണ്. ടാക്സ്, ഇന്ററസ്റ്റ്, പെനാലിറ്റി എന്നിങ്ങനെ 14 ലക്ഷം രൂപയാണ് ഇതിൽ കാണുന്നത്. എന്ത് തുടർ നടപടിയാണ് സ്വീകരിക്കേണ്ടത് ?
∙ഹമീദ്, കോഴിക്കോട്.
താങ്കളുടെ സ്ഥാപനം യഥാസമയം ജിഎസ്ടി പോർട്ടൽ പരിശോധിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഷോകോസ് നോട്ടിസിന് മറുപടി ലഭിക്കാതിരുന്നതിനാൽ പിന്നീട് ഓർഡർ ആക്കി ഓഫിസർ അപ്‌ലോഡ് ചെയ്തിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 107 പ്രകാരം അപ്പീൽ ഫയൽ ചെയ്യുക എന്നതാണ് പരിഹാരം. ഇതിന്റെ കാലാവധി മൂന്ന് മാസമാണ്. പ്രത്യേക സാഹചര്യങ്ങളിൽ നാലു മാസം വരെ. ഈ കാലാവധി തിട്ടപ്പെടുത്തേണ്ടത് ഓർഡർ കൈപ്പറ്റിയ ദിവസം മുതലാണ്. ജിഎസ്ടി നിയമ പ്രകാരം നിങ്ങളുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന തീയതി മുതൽ ഇത് ബാധകമാണ്. 2023 മാർച്ചിലെ ഓർഡർ ആയതു കൊണ്ട് 4 മാസം എന്ന പരിധി കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും 02.11.2023 ലെ നോട്ടിഫിക്കേഷൻ 50/2023 പ്രകാരം ജിഎസ്ടിയിൽ ഒരു ആംനസ്റ്റി സ്കീം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം മാർച്ച് 2023 ന് മുൻപുള്ള എല്ലാ ഓർഡറുകൾക്കും (Section 73 & 74) ഇപ്പോൾ അപ്പീൽ ഫയൽ ചെയ്യാം. ഇതിന്റെ കാലാവധി ജനുവരി 31, 2024 ൽ തീരും. ആയതിനാൽ എത്രയും വേഗം നിങ്ങൾ മേൽപറഞ്ഞ ഓർഡർ പരിശോധിച്ച് നിയമപരമായി ആനുകൂല്യം ലഭിക്കുന്ന കാര്യങ്ങൾ ആണെങ്കിൽ അതിനു വേണ്ട നടപടി അപ്പീൽ വഴി സ്വീകരിക്കേണ്ടതാണ്. ഇവിടെ പ്രധാനപ്പെട്ട കാര്യം, ഡിസ്പ്യൂട് ചെയ്യുന്ന ടാക്‌സിന്റെ മാത്രം 10% നികുതി അപ്പീലിൽ അടയ്ക്കേണ്ടതാണ്. എന്നാൽ ആംനസ്റ്റി സ്‌കീം പ്രകാരം അടയ്ക്കേണ്ട തുക 12.5% ആയി ഉയർത്തിയിരിക്കുകയാണ്. ഇതിൽ 2.5% നിർബന്ധമായി ക്യാഷ് ലെഡ്ജറിലൂടെയാണ് അടയ്ക്കേണ്ടത്.
സ്റ്റാൻലി ജയിംസ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി. (വ്യാപാരികൾക്കും വ്യവസായികൾക്കും ജിഎസ്ടി നിയമത്തെ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം. ബിസിനസ് മനോരമയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഉത്തരം നൽകും. bpchn@mm.co.in എന്ന ഇ–മെയിലിൽ ചോദ്യങ്ങൾ അയയ്ക്കാം.)