കളിപ്പാട്ടത്തിലെ ആ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പിന്നാലെ വന്‍ ബിസിനസ് അവസരങ്ങള്‍
Mail This Article
2017ലായിരുന്നു കളിപ്പാട്ട വിപണിയില്‍ ഒരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' നടന്നത്. ഇന്ത്യന്‍ കളിപ്പാട്ട വിപണി അടക്കി ഭരിച്ചിരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നിയന്ത്രണം വീണു. ഇതോടെ കര്‍ണാടകയിലെ ചെറുകിട വുഡന്‍ ടോയ് നിര്‍മാതാക്കളും നോയ്ഡയിലെ ടോയ് ക്ലസ്റ്ററുകളുമെല്ലാം പച്ചപിടിച്ചു. അവരുടെ ലാഭം കൂടി. കളിപ്പാട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സംരംഭക അവസരങ്ങളും തൊഴിലവസരങ്ങളും രാജ്യത്തുണ്ടായി. നിശബ്ദമായ വലിയ മാറ്റത്തിലേയ്ക്കാണ് കളിപ്പാട്ട വിപണി നടന്നുകയറിയത്.
നിശബ്ദ വിപ്ലവം
ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) നിര്‍ദേശിച്ചതനുസരിച്ച് അടുത്തിടെയാണ് ഐഐഎം ലക്നൗ ഒരു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്ത്യന്‍ കളിപ്പാട്ട വ്യവസായത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചായണ് അത് അടയാളപ്പെടുത്തിയത്.
കളിപ്പാട്ട ഇറക്കുമതിയില്‍ 52 ശതമാനം ഇടിവും കയറ്റുമതിയില്‍ 239 ശതമാനം വര്‍ധനവുമാണ് ഇന്ത്യ രേഖപ്പെടുത്തിയത്. 2014-15 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി 2022-23 വര്‍ഷത്തിലെത്തിയപ്പോഴുള്ള മാറ്റമാണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആഭ്യന്തര കളിപ്പാട്ട വിപണിയില്‍ നിരവധി സംരംഭങ്ങളാണ് ഉയര്‍ന്നുവന്നത്. ഉല്‍പ്പാദന യൂണിറ്റുകളില്‍ ഇരട്ടി വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കളിപ്പാട്ടങ്ങള്‍ക്കായുള്ള സമഗ്ര ദേശീയ കര്‍മ പദ്ധതി (നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ടോയ്‌സ്), കസ്റ്റംസ് ഡ്യൂട്ടിയിലെ വര്‍ധന, ഓരോ ഇംപോര്‍ട്ട് കണ്‍സൈന്‍മെന്റിനും സാംപിള്‍ ടെസ്റ്റിങ് ഏര്‍പ്പെടുത്താനുള്ള നീക്കം, 2020ല്‍ പുറപ്പെടുവിച്ച ടോയ്‌സിനായുള്ള ക്വാളിറ്റി കണ്‍ട്രോണ്‍ ഓര്‍ഡര്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഇന്ത്യയുടെ കളിപ്പാട്ട ഉല്‍പ്പാദനം കൂട്ടുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും നിര്‍ണായകമായി.
ചൈനീസ് ടോയ്‌സിന്റെ വീഴ്ച്ച
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി പകുതിയായി കുറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 451.7 മില്യണ്‍ ഡോളറിന്റെ ചൈനീസ് കളിപ്പാട്ടങ്ങളായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ അത് 218.9 മില്യണ്‍ ഡോളറായി കുറഞ്ഞു. മൊത്തത്തിലുള്ള കളിപ്പാട്ട ഇറക്കുമതി 645.6 മില്യണ്‍ ഡോളറില്‍ നിന്ന് 380.1 മില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. കയറ്റുമതി 291.8 മില്യണ്‍ ഡോളറില്‍ നിന്ന് 422 മില്യണ്‍ ഡോളറിന്റേതായി കൂടുകയും ചെയ്തു.
വാള്‍മാര്‍ട്ട് വരെ ആവശ്യക്കാര്‍
വാള്‍മാര്‍ട്ട് പോലുള്ള വന്‍കിട റീട്ടെയ്ല്‍ ഭീമന്മാര്‍ ഇന്ത്യയില്‍ നിന്നുള്ള കളിപ്പാട്ടങ്ങള്‍ക്ക് ആവശ്യകത അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 10 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് യുഎസ് റീട്ടെയ്ല്‍ ഭീമന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം കളിപ്പാട്ടങ്ങളും ഉള്‍പ്പെടും. ചൈനയും വിയറ്റ്‌നാമുമാണ് നിലവില്‍ ലോകത്തെ പ്രധാന കളിപ്പാട്ട നിര്‍മാണ ഹബ്ബുകള്‍. വൈകാതെ ഈ നിരയിലേക്ക് ഇന്ത്യ വരവറിയിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
വലിയ വിപണി, വലിയ അവസരങ്ങള്‍
നിലവില്‍ 300 ബില്യണ്‍ ഡോളറിന്റേതാണ് ആഗോള കളിപ്പാട്ട വ്യവസായം. ഇന്ത്യയുടേതാകട്ടെ 1.5 ബില്യണ്‍ ഡോളറിന്റേതും. 2028 ആകുമ്പോഴേക്കും 3 ബില്യണ്‍ ഡോളറിന്റേതായി ഇന്ത്യന്‍ ടോയ്‌സ് മാര്‍ക്കറ്റ് വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ രാജ്യത്തെ 90 ശതമാനം കളിപ്പാട്ട നിര്‍മാതാക്കളും അസംഘടിത മേഖലയിലാണ്. 4,000ത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹി എന്‍സിആര്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കളിപ്പാട്ട നിര്‍മാണം നടക്കുന്നത്.
സംരംഭക സാധ്യതകള്‍
'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന നയം മുന്‍നിര്‍ത്തി ആഭ്യന്തര കളിപ്പാട്ട നിര്‍മാണ കമ്പനികള്‍ക്ക് ഭാവിയിലും വലിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചെറുകിട സംരംഭകര്‍ക്ക് ഉപയോഗപ്പെടുത്താം. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മികച്ച സാധ്യതകളുള്ളത് ഡോള്‍സ്, സോഫ്റ്റ് ടോയ്‌സ്, ബോര്‍ഡ് ഗെയിംസ് വിഭാഗങ്ങളിലാണ്.
എന്തുകൊണ്ട് കളിപ്പാട്ട സംരംഭം?
കളിപ്പാട്ട നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത രാജ്യത്ത് കൂടുതലാണ്. പ്ലാസ്റ്റിക്, പേപ്പര്‍ ബോര്‍ഡുകള്‍, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയവയെല്ലാം മികച്ച വിലയില്‍ ലഭ്യമാകും. തടികൊണ്ടുള്ള ടോയ്‌സിന് ഇപ്പോള്‍ കൂടുതല്‍ ആവശ്യകതയുണ്ട്. ഈ രംഗത്തേക്ക് കൂടുതല്‍ പേര്‍ പ്രവേശിക്കുന്നുമുണ്ട്.
ആനുകൂല്യങ്ങള്‍ നിരവധി
വിവിധ സംസ്ഥാനങ്ങള്‍ കളിപ്പാട്ട നിര്‍മാതാക്കള്‍ക്ക് കാര്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. നിര്‍മാണ ചെലവിന്റെ 30 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
ഉല്‍പ്പാദന ക്ലസ്റ്ററുകള്‍: 60ലധികം ടോയ് ക്ലസ്റ്ററുകളാണ് തദ്ദേശീയ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയില്‍ 400 ഏക്കറില്‍ ടോയ് ക്ലസ്റ്റര്‍ പ്രവര്‍ത്തിക്കുന്നു. ഉത്തര്‍ പ്രദേശില്‍ 100 ഏക്കറില്‍ കളിപ്പാട്ട നിര്‍മാണ ക്ലസ്റ്റര്‍ പുരോഗമിച്ചുവരികയാണ്.