ഗൂഗിളിൽ പിരിച്ചുവിടൽ
Mail This Article
സാൻഫ്രാൻസിസ്കോ∙ ചെലവുചുരുക്കലിന്റെ ഭാഗമായി ഗൂഗിളിൽ പിരിച്ചുവിടൽ. ഹാർഡ്‌വെയർ, വോയ്സ് അസിസ്റ്റന്റ്സ്, എൻജിനീയറിങ് വിഭാഗങ്ങളിൽനിന്നായി നൂറുകണക്കിനു പേരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തിൽ കൂടുതൽ പേരെ പിരിച്ചുവിടുമെന്ന സൂചനയും ഗൂഗിൾ നൽകി. ഓഗ്‌മെന്റഡ് റിയാലിറ്റി ഹാർഡ്‌വെയർ വിഭാഗത്തിൽനിന്ന് കുറച്ചുപേരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ചെലവുചുരുക്കലിനായി 12000 പേരെ പിരിച്ചുവിടുമെന്ന് ഒരു വർഷം മുൻപാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ആമസോണും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പ്രൈം വിഡിയോ വിഭാഗത്തിൽനിന്നായിരുന്നു അത്. ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്വിച്ചിൽ നിന്ന് 500 പേരെയും ഉടൻ പിരിച്ചുവിടും.
ഗൂഗിളിലെ പിരിച്ചുവിടലിനെതിരെ മാതൃസ്ഥാപനമായ ആൽഫബെറ്റിലെ ജീവനക്കാരുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പുതിയ ഉൽപന്നങ്ങൾക്കായി ജീവനക്കാർ കഠിനാധ്വാനം ചെയ്യുമ്പോൾ സ്ഥാപനം അതു പരിഗണിക്കാതെ അടിസ്ഥാനരഹിതമായി പിരിച്ചുവിടൽ തുടരുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ അവർ ആരോപിച്ചു.