ADVERTISEMENT

ശക്തമായ സാമ്പത്തിക വളര്‍ച്ച, അതില്‍ നിന്നു നവോന്മേഷം ഉള്‍ക്കൊണ്ട്‌ രാജ്യത്തേക്ക്‌ പ്രവഹിക്കപ്പെടുന്ന വിദേശ നിക്ഷേപം, ഉല്‍പ്പാദനക്ഷമതയിലൂന്നുന്ന നയങ്ങളുടെ തുടര്‍ച്ച, ഭരണതലത്തിലെ സ്ഥിരത- ഈ സവിശേഷതകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ബജറ്റായിരിക്കും ഫെബ്രുവരി ഒന്നിന്‌ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്‌. സര്‍ക്കാരിന്റെ ടേം അവസാനിക്കുന്ന വര്‍ഷമായതിനാല്‍ `വോട്ട്‌ ഓണ്‍ അക്കൗണ്ട്‌' ആണ്‌ അവതരിപ്പിക്കപ്പെടുന്നതെങ്കിലും വീണ്ടും ഭരണത്തിലെത്തുമെന്ന പ്രതീക്ഷ ശക്തമായതിനാല്‍ ഒരു പൂര്‍ണ ബജറ്റിന്റെ പ്രതീതി നിലനിര്‍ത്താനുള്ള ശ്രമമുണ്ടാകും.
 

രാജ്യം ശക്തമായ വളര്‍ച്ചയുടെ പാതയിലാണെന്നും അതിന്‌ കാരണമായത്‌ തങ്ങളുടെ സാമ്പത്തിക നയങ്ങളുടെ വ്യക്തതയും ദീര്‍ഘവീക്ഷണവും മൂലമാണെന്നും വ്യക്തമാക്കാനുള്ള ഒരു വേദിയായി ബജറ്റ്‌ ദിനത്തെ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ അവസരം ഒരുങ്ങുമ്പോള്‍ കേരളം എവിടെ നില്‍ക്കുന്നുവെന്ന ചോദ്യം അതീവ പ്രസക്തമാണ്‌. രാജ്യത്തിലേക്ക്‌ വന്‍തോതില്‍ നിക്ഷേപം എത്തുമ്പോഴും അതിന്റെ ഗുണഭോക്താവ്‌ ആകാന്‍ കേരളത്തിന്‌ സാധിക്കുന്നില്ല. വളര്‍ച്ചയോട്‌ മുഖം തിരിഞ്ഞുനില്‍ക്കുന്ന നമ്മള്‍ ഫലത്തില്‍ രാജ്യം കൈവരിക്കുന്ന പുരോഗതിയുടെ ബസ്‌ മിസ്‌ ചെയ്‌തിരിക്കുകയാണ്‌.
 

kerala-budget-2024-image

അതില്‍ കയറാനുള്ള അവസരങ്ങള്‍ പല വട്ടം നമുക്ക്‌ ലഭിച്ചതാണ്‌. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക്‌ സ്ഥാപിതമായ കേരളത്തിന്‌ ഐടി സേവനത്തിന്റെ ഒരു ഹബ്‌ ആയി മാറാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നിട്ടും വികലമായ നയങ്ങള്‍ മൂലം ആ അവസരം നാം കളഞ്ഞുകുളിച്ചു. കേരളത്തിന്‌ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ തുറന്നുകിടക്കുന്ന വിനോദസഞ്ചാര മേഖലയിലും നാം പിന്നോക്കം പോയി. മറ്റ്‌ സംസ്ഥാനങ്ങളും ശ്രീലങ്ക പോലുള്ള അയല്‍രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങള്‍ നമുക്ക്‌ അസൂയയോടെ നോക്കി കാണാമെന്ന്‌ മാത്രം. രാജ്യത്തിന്റെ വളര്‍ച്ചയുടെ ഗുണഭോക്താക്കളായി മാറിയ ഉത്തരേന്ത്യക്കാരാണ്‌ ഇന്ന്‌ കേരളത്തിന്റെ ടൂറിസ്റ്റ്‌ മേഖലയിലേക്ക്‌ പ്രധാനമായും വരുമാനം എത്തിക്കുന്നത്‌.
 

ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ വന്‍തോതില്‍ നിക്ഷേപം എത്തുമ്പോള്‍ മനുഷ്യവിഭവശേഷിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്‌ അതിന്റെ ഗുണഭോക്താവ്‌ ആകാന്‍ സാധിക്കേണ്ടതായിരുന്നു. പക്ഷേ സംരംഭ സൗഹൃദപരമല്ലാത്ത നമ്മുടെ നയങ്ങളും നിലപാടുകളും കാരണം സംസ്ഥാനത്തിന്റെ സമ്പത്തായ മനുഷ്യവിഭവശേഷി മറ്റ്‌ രാജ്യങ്ങളിലേക്ക്‌ മാറ്റപ്പെടുന്നതാണ്‌ നാമിപ്പോള്‍ കാണുന്നത്‌. കേരളത്തിലെ തൊഴില്‍ മേഖല പുതിയ തലമുറയെ ഒട്ടും ആകര്‍ഷിക്കാത്തതു കൊണ്ടാണ്‌ അവര്‍ യൂറോപ്പിലേക്കും കാനഡയിലേക്കുമൊക്കെ സ്ഥിരമായ പറിച്ചുനടല്‍ ലക്ഷ്യമിട്ട്‌ നീങ്ങുന്നത്‌.
 

Share-Market

രാജ്യം കൈവരിക്കുന്ന വളര്‍ച്ചയുടെ പ്രതിഫലനമെന്ന നിലയില്‍ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ കുതിക്കുമ്പോള്‍ അതു വഴി സമ്പത്ത്‌ വളര്‍ത്തുന്ന നിക്ഷേപകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. അവിടെയും കേരളം അവസരങ്ങള്‍ വിനിയോഗിക്കാന്‍ വിമുഖത കാട്ടുകയാണ്‌ ചെയ്യുന്നത്‌. യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ കാണാന്‍ കഴിയുന്ന നിക്ഷേപകര്‍ക്ക്‌ ഇനിയും നമുക്ക്‌ മുന്നിലുള്ള സാധ്യതകള്‍ വിനിയോഗിക്കാന്‍ സാധിക്കും.
 

രാജ്യം കൈവരിക്കുന്ന വളര്‍ച്ച, അതിനെ മുന്‍നിര്‍ത്തി പുതിയ വികസന പന്ഥാവിലേക്ക്‌ നീങ്ങാനായി ഒരുക്കപ്പെടുന്ന ബജറ്റ്‌, ഉയരങ്ങളിലേക്ക്‌ കുതിക്കുന്ന ഓഹരി വിപണി- ഇതൊക്കെ കേരളത്തെ ഓര്‍മിപ്പിക്കുന്നത്‌ നമ്മുടെ സമീപനത്തിലെ പാളിച്ചകളെ കുറിച്ചാണ്‌.
 

(ഹെഡ്‌ജ്‌ ഗൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമാണ്‌ ലേഖകന്‍)

English Summary:

Union budget and Kerala Government's stand; Pre Budget analysis by Alex K babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com