‘മാലദ്വീപ് ചർച്ചകൾ ഇന്ത്യൻ ടൂറിസത്തിന് ഗുണകരം’
Mail This Article
കൊച്ചി ∙ മാലദ്വീപും ലക്ഷദ്വീപും തമ്മിൽ ടൂറിസം രംഗത്തെ താരതമ്യം ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ചർച്ച ഇന്ത്യയുടെ ടൂറിസം രംഗത്തിന് ഗുണം ചെയ്യുമെന്ന് പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദലി. ഇന്ത്യയുടെ ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ ശുചിത്വമുള്ളതാകാൻ ‘പോസിറ്റീവ്’ നീക്കങ്ങൾക്കും ചർച്ച വഴിയൊരുക്കും. മാലദ്വീപിൽ 2023 ൽ ആധുനിക റിസോർട്ട് തുറന്ന മുഹമ്മദലി, പുതിയ വിവാദങ്ങൾ മാലദ്വീപിലേക്കുള്ള യാത്രികരുടെ ഒഴുക്കിനെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
‘‘ മാലദ്വീപിൽ വർഷങ്ങളായി താജിന് 2 റിസോർട്ടുകളുണ്ട്. 2013 ലാണ് ഞങ്ങളുടെ റിസോർട്ടിന്റെ നിർമാണം ആരംഭിച്ചത്. കോവിഡ് കാലത്താണ് തുറന്നത്. മാലദ്വീപിലേക്ക് കൂടുതലും റഷ്യൻ സഞ്ചാരികളും ചൈനക്കാരുമാണ് വന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം 10 ശതമാനമായി. ടൂറിസം സപ്ലൈ ചെയിൻ രംഗത്ത് 15000 ലേറെ ഇന്ത്യക്കാരുണ്ട്. ഇതിൽ മലയാളികളാണ് കൂടുതൽ.
‘മാലദ്വീപിൽ മൊത്തം ചെലവാക്കുന്ന തുകയിൽ ടൂറിസ്റ്റുകളുടെ കണക്കെടുത്താൽ ഇന്ത്യക്കാർ ചെലവിടുന്നത് 5 ശതമാനമാണ്. മാലദ്വീപും ലക്ഷദ്വീപും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. രണ്ടും സുന്ദരമായ നാടുകളാണ്. മാലദ്വീപിലെ ടൂറിസം വികസനം 1973–ൽ ആരംഭിച്ചതാണ്. 1000 കിലോമീറ്റർ കടൽത്തീരം, 2000 ദ്വീപുകൾ എന്നിവ മാലദ്വീപിന്റെ പ്രത്യേകതയാണ്. ഏറ്റവും കൂടുതൽ ചാർട്ടേഡ് ഫ്ലൈറ്റുകൾ വരുന്ന വിമാനത്താവളവും ഇവിടെയാണ്. ടൂറിസം ഒരു പ്രീമിയം ഉൽപ്പന്നമായി മാലദ്വീപ് വിൽക്കുകയാണ്.’’– മുഹമ്മദലി പറയുന്നു.
ഇന്ത്യയുടെ സഹായം കാര്യമായി ലഭിക്കുന്ന രാജ്യമാണ് മാലദ്വീപ്. പാലം പണിയുന്നതിനും ശുദ്ധജല വിതരണത്തിനുമൊക്കെ സഹായമുണ്ട്. ഇന്ത്യ വല്യേട്ടനായി മാലദ്വീപിനെ ചേർത്തുപിടിക്കണം. സഹായം നൽകി ആധിപത്യം സ്ഥാപിക്കുന്ന ചൈനീസ് നയമാണ് പ്രശ്നങ്ങൾക്ക് കാരണം. ശ്രീലങ്കയിൽ ചൈന അനുവർത്തിച്ച അതേ നയമാണ് ഇതെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടുന്നു.