PLAY WITH ഇന്ത്യൻ ഫുട്ബോൾ ടീം
Mail This Article
ലോക ഫുട്ബോൾ ഭൂപടത്തിൽ മികച്ച സ്ഥാനം ഉറപ്പിക്കാൻ പോരാടുന്ന ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം, ഫുട്ബോൾ ഗെയിമുകളിലും സ്ഥിര സാന്നിധ്യമാകുന്നു. കായിക ഗെയിമുകളിൽ ഒട്ടേറെ ആരാധകരുള്ള ഇ–ഫുട്ബോൾ (പഴയ പെസ്–PES) വിഡിയോ ഗെയിമിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ലൈസൻസ്ഡ് വേർഷൻ ഉടൻ വരും. ടീമിന്റെ ഔദ്യോഗിക ജഴ്സികൾ ഉൾപ്പെടെയുള്ള (ഹോം–നീല, എവേ–ഓറഞ്ച്) അപ്ഡേഷനുകളുമായാണ് ഗെയിമിൽ ഇന്ത്യ പുത്തൻ വരവറിയിക്കുക. ഖത്തർ ആതിഥ്യം വഹിക്കുന്ന, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ഗെയിമിങ് അവകാശം ഇ–ഫുട്ബോളിന്റെ നിർമാതാക്കളായ ജാപ്പനീസ് കമ്പനി കൊനാമി ഡിജിറ്റൽ എന്റർടെയ്ൻമെന്റ് സ്വന്തമാക്കിയതോടെയാണിത്.
ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, മലയാളി താരങ്ങളായ ആഷിക് കരുണിയൻ, സഹൽ അബ്ദുൽ സമദ്, പ്രതിരോധ താരങ്ങളായ സന്ദേശ് ജിങ്കാൻ, പ്രീതം കോട്ടാൽ, മധ്യ–മുന്നേറ്റ നിര താരങ്ങളായ മൻവിർ സിങ്, സുരേഷ് സിങ് എന്നിവർ ഇതിനകം ഏഷ്യൻ കപ്പ് സ്പെഷൽ ഗെയിമിലുണ്ട്.