ലാഭത്തിലേക്ക് കപ്പലോടിച്ച് കെഎസ്ഐഎൻസി
Mail This Article
കൊച്ചി∙ നഷ്ടക്കണക്കുകളിൽ നിന്ന് ലാഭത്തിലേക്ക് കയറി സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി). 2021–22 സാമ്പത്തിക വർഷത്തിലെ 5.6 കോടി രൂപയുടെ നഷ്ടക്കണക്കിൽ നിന്ന് 2022–23ൽ 1.8 കോടി രൂപയുടെ പ്രവർത്തന ലാഭം കെഎസ്ഐഎൻസി നേടി.
12.53 കോടി രൂപയുടെ വരുമാനത്തിലൂടെ ഏറ്റവും ലാഭം നേടിക്കൊടുത്തത് വിനോദ സഞ്ചാര ബോട്ടുകളാണ്. 2022–23 വർഷം ആകെ 1.17 ലക്ഷം ആളുകളാണ് കെഎസ്ഐഎൻസിയിലൂടെ കടൽ, കായൽ യാത്ര ആസ്വദിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയത് സാഗരറാണിയുടെ രണ്ടു കപ്പലുകളിൽ; 68,792 പേർ. എങ്കിലും യാത്രാനിരക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ലാഭം കൊണ്ടുവന്നത് 44,853 യാത്രക്കാരുമായി നെഫ്രറ്റിറ്റി എന്ന ആഡംബര നൗകയാണ്. വിനോദ സഞ്ചാര മേഖലയിൽ എറണാകുളം കേന്ദ്രീകരിച്ച് കെഎസ്ഐഎൻസിയുടെ 6 ബോട്ടുകളും ഒരു ക്രൂയിസ് കപ്പലുമാണ് സേവനം നടത്തുന്നത്.
6.35 കോടി രൂപയാണ് ബാർജ് സർവീസിൽ നിന്നുള്ള വരുമാനം. 2 പുതിയ ബാർജുകൾ ഉൾപ്പെടെ ആകെ 10 ബാർജുകൾ കെഎസ്ഐഎൻസിക്കുണ്ട്. രണ്ടു പുതിയ ബാർജുകളും സാഗരറാണി മാതൃകയിൽ ഒരു വിനോദ സഞ്ചാര ബോട്ടും വൈകാതെ ഇറക്കും.
സഞ്ചാരികൾക്കായി ബേപ്പൂരിൽ കടലിലേക്ക് ബോട്ട് യാത്ര ആരംഭിക്കാനുള്ള ആലോചനകളും പ്രാരംഭ ഘട്ടത്തിലാണെന്ന് മാനേജിങ് ഡയറക്ടർ ആർ. ഗിരിജ പറഞ്ഞു.