കേരളത്തിൽ നിന്നുള്ള പ്രത്യക്ഷ നികുതി: 5 വർഷത്തിനിടെ വർധന 45 ശതമാനം
Mail This Article
ന്യൂഡൽഹി∙ കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിയിൽ (ഡയറക്ട് ടാക്സ്) 5 വർഷത്തിനിടെ 45 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക്.
2017–18ൽ 16,427 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 23,983 കോടിയായി ഉയർന്നു. രാജ്യമാകെ ഇക്കാലയളവിൽ 65 ശതമാനത്തിന്റെ വർധനയുണ്ടായി. ആദായനികുതിയും കോർപറേറ്റ് നികുതിയുമാണ് പ്രത്യക്ഷ നികുതിയുടെ നല്ല പങ്കും. കഴിഞ്ഞ വർഷം 8.33 ലക്ഷം കോടി രൂപയാണ് രാജ്യമാകെ ആദായനികുതിയായി പിരിച്ചെടുത്തത്. കോർപറേറ്റ് നികുതി 8.25 ലക്ഷം കോടിയും. 2000ൽ ആദായനികുതി പിരിച്ചെടുത്ത് 31,764 കോടി രൂപ മാത്രമായിരുന്നു.
പ്രത്യക്ഷനികുതി കലക‍്ഷൻ പട്ടികയിൽ 5 വർഷമായി കേരളം 12–ാം സ്ഥാനത്താണ്. മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളാണ് മൊത്തം പ്രത്യക്ഷ നികുതിയുടെ 65 ശതമാനവും സംഭാവന ചെയ്യുന്നത്. കേരളത്തിന്റെ വിഹിതം 1.44% മാത്രമാണ്. തമിഴ്നാടും ഗുജറാത്തുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
2013–14ൽ വ്യക്തിഗത നികുതിദാതാക്കൾ 4.95 കോടിയായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 8.9 കോടിയായി.