'ഇന്ത്യക്കാർക്ക് ഉള്ളതല്ലെന്ന്' പോളണ്ട് കമ്പനി, എന്നാൽ ഒരുകൈ നോക്കാമെന്ന് വിനയ് കുമാറും; 'തൂശൻ' പിറന്ന കഥ
Mail This Article
കൊച്ചിയിൽ നിന്നുള്ള വിനയ് കുമാർ ബാലകൃഷ്ണൻ 2018ൽ മൗറീഷ്യസ് ആസ്ഥാനമായുള്ള ഒരു ഇൻഷുറൻസ് കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്യുമ്പോൾ ദുബായിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തു. അവിടെ ഭക്ഷണം വിളമ്പിയ പ്ലേറ്റ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഗോതമ്പ് തവിട് കൊണ്ട് നിർമ്മിച്ച ബയോഡീഗ്രേഡബിൾ (പ്രകൃതിയിൽ അലിഞ്ഞു ചേരുന്ന) പ്ലേറ്റുകൾ അങ്ങനെയായിരുന്നു ആദ്യമായി അദ്ദേഹം കണ്ടത്. ആ 'കണ്ടുമുട്ടൽ' പിന്നീടുള്ള അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചു.
ആ പ്ലേറ്റുകൾ അദ്ദേഹത്തിൽ ആദ്യം കൗതുകവും പിന്നീട് ഒരു ബിസിനസ് ആശയവും ഉണർത്തി; ഇന്ത്യൻ റെയിൽവേ, രണ്ട് ബാങ്കുകൾ, മൂന്ന് ഇൻഷുറൻസ് കമ്പനികൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ അദ്ദേഹം അതിനകം ജോലി ചെയ്തിരുന്നു.
അന്നത്തെ പാർട്ടിയിൽ ഉപയോഗിച്ച പ്ലേറ്റുകൾ പോളണ്ടിലെ ഒരു കമ്പനി നിർമിച്ചതാണെന്ന് കണ്ടെത്തി. അദ്ദേഹം അവർക്ക് ഒരു അനുമോദന സന്ദേശം എഴുതി. ഒരുതരത്തിൽ ഒരു ബിസിനസ് ക്ഷണം കൂടിയായിരുന്നു അത്. കമ്പനിയുടെ പ്രധാന അസംസ്‌കൃത വസ്തുക്കളായ തവിടും പുല്ലും പോലുള്ള കാർഷിക ഉപോൽപ്പന്നങ്ങൾ ധാരാളമായി ലഭ്യമാകുന്ന ഇന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിച്ചു കൂടെയെന്ന് അദ്ദേഹം കമ്പനിയോട് ആവശ്യപ്പെട്ടു. പക്ഷെ കമ്പനിയിൽ നിന്നുള്ള മറുപടി അദ്ദേഹത്തെ നിരാശപ്പെടുത്തുക മാത്രമല്ല വേദനിപ്പിക്കുകയും ചെയ്തു.
“ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർക്ക് വേണ്ടിയുള്ളതല്ല എന്നതായിരുന്നു അവരുടെ മറുപടിയുടെ ചുരുക്കം. അതെന്നെ രോഷാകുലനാക്കി. ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാനും അത്തരം പ്ലേറ്റുകൾ നിർമ്മിക്കുന്ന ഒരു കമ്പനി ആരംഭിക്കാനും ഞാൻ തീരുമാനിച്ചു,” വിനയ് കുമാർ പറഞ്ഞു.
മുറിപ്പെട്ട ദേശാഭിമാനം
അങ്കമാലി ആസ്ഥാനമായുള്ള വിഐആർ നാച്ചുറൽസിൻ്റെയും 'തൂശൻ' എന്ന പേരിലുള്ള അതിൻ്റെ ബയോഡീഗ്രേഡബിൾ പ്ലേറ്റുകളുടെയും സ്‌ട്രോയുടെയും തുടക്കം അവിടെ നിന്നായിരുന്നു.
മുറിപ്പെട്ട ദേശാഭിമാനം റിസ്‌ക് ഏറെയുള്ള ഒരു ബിസിനസ് സംരംഭത്തിന് കാരണമായ ഒരപൂർവനിമിഷമായിരുന്നു അത്.
സ്വകാര്യ പാർട്ടികൾ, ആഡംബര ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ തുടങ്ങി കുമരകത്ത് നടന്ന ജി 20 സമ്മേളനത്തിൽ പോലും നിരവധി തീന്മേശകളിൽ 'തൂശൻ' ഇടം കണ്ടെത്തിയത് പിന്നത്തെ ചരിത്രം.
ഗോതമ്പ് തവിട് കൊണ്ടുണ്ടാക്കിയ ഡിന്നർ പ്ലേറ്റുകളും അരിപ്പൊടി കൊണ്ടുള്ള ഡ്രിങ്ക് സ്ട്രോകളുമാണ് തൂശൻ്റെ പ്രധാന ഉൽപ്പന്നങ്ങൾ. സ്ട്രോ ഭക്ഷ്യയോഗ്യമാണ്. അതേസമയം തൂശൻ പ്ലേറ്റുകൾ കഴിക്കുകയോ സസ്യങ്ങൾക്ക് ജൈവവളമായി ഉപയോഗിക്കുകയോ ചെയ്യാം. കമ്പനിയുടെ വരാനിരിക്കുന്ന ഉൽപ്പന്നം അരിയുടെ തവിടും ബയോപ്ലാസ്റ്റിക്കും കൊണ്ട് നിർമ്മിച്ച ഫോർക്ക് ആണ്.
“തൂശനെ ബയോഡീഗ്രേഡബിൾ പ്ലേറ്റുകളുടെയും കട്ട്ലറികളുടെയും പര്യായമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് ശ്രമം. ഭാവി തലമുറയ്ക്കായി എന്തെങ്കിലും ചെയ്യുന്നുവെന്ന സംതൃപ്തിയുണ്ട്,” വിനയ് കുമാർ പറഞ്ഞു. ബാങ്കിലെ ജോലി ഉപേക്ഷിച്ച് ഭാര്യ ഇന്ദിരയും തൂശനൊപ്പം ചേർന്നിട്ടുണ്ട്. വിനയ് കുമാർ കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ്, ഇന്ദിര സഹസ്ഥാപകയും.
ക്ലബ് മഹീന്ദ്രയും 'ഇക്കോ വെഡ്ഡിങ്ങും' പാർട്ടികളും നടത്തുന്ന ഇവൻ്റ് മാനേജർമാരും തൂശന്റെ ഉപഭോക്താക്കളാണ്. “വഴിയോര ഭക്ഷണശാലകളിൽ നിന്ന് ധാരാളം ഓർഡറുകൾ ലഭിക്കുന്നുണ്ട്. ജ്യൂസ് കടകളാണ് ഞങ്ങളുടെ സ്‌ട്രോയുടെ പ്രധാന ഉപഭോക്താക്കൾ,” ഇന്ദിര പറഞ്ഞു.
ഓസ്‌ട്രേലിയ, കാനഡ, ഹംഗറി, മെക്സിക്കോ, യുഎഇ എന്നിവിടങ്ങളിലേക്ക് തൂശൻ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
കമ്പനി ആരംഭിക്കാൻ തീരുമാനിച്ചതിന് ശേഷം, ആവശ്യമായ സാങ്കേതിക വിദ്യ സജ്ജീകരിക്കുന്നതിനായി വിനയ് കുമാർ കൗൺസിൽ ഓഫ് സയൻ്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചുമായി (സിഎസ്ഐആർ) സഹകരിച്ചു. മൂന്ന് വർഷം കൊണ്ട് ആവശ്യമായ സാങ്കേതികവിദ്യ സൃഷ്ടിക്കാൻ കഴിഞ്ഞു. കമ്പനി അടുത്തിടെ നിർമാണ യൂണിറ്റ് കളമശേരിയിൽ നിന്നും കോയമ്പത്തൂരേക്ക് മാറ്റി.
പോളിഷ് കമ്പനിയിൽ നിന്നേറ്റ അപമാനം വിനയ് കുമാർ ഇതുവരെ മറന്നിട്ടില്ല. എന്നാൽ സാധ്യമായ സഹകരണം തേടി അതേ കമ്പനി അദ്ദേഹത്തെ ബന്ധപ്പെട്ടുവെന്നത് തൂശന്റെ കഥയിലെ മധുര പ്രതികാരമെന്നു വേണമെങ്കിൽ പറയാം.
വിനയ് കുമാർ ഏതായാലും അവർക്ക് മറുപടി കൊടുക്കാൻ പോയില്ല.
“പോളണ്ടിലെ കമ്പനി പോലെയല്ല. ഞങ്ങളുടെ സാങ്കേതികവിദ്യ ആവശ്യമുള്ള ആരുമായും പങ്കിടാൻ ഞാൻ തയ്യാറാണ്. ഇതിനകം റഷ്യ, യുകെ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങൾ ഞങ്ങളെ സമീപിച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
ഏപ്രിലോടെ കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന, ഉമിയിൽ നിന്ന് നിർമിക്കുന്ന പ്ളേറ്റുകൾ പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഫോർക്ക്, നൈഫ്, സ്പൂൺ, ടേക്ക് എവേയ് കണ്ടെയ്നർ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റുൽപ്പന്നങ്ങൾ.
പ്രധാനമന്ത്രി കിസാൻ സമ്മേളനത്തിനായി കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ച് കമ്പനികളിൽ ഒന്നാണ് തൂശൻ. യുഎൻഡിപി, ഫിക്കി, സ്റ്റാർട്ടപ് മിഷൻ, കേരള സർക്കാർ, ഇവൈ എന്നിവരിൽ നിന്ന് കമ്പനി വിവിധ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.