പേയ്ടിഎം ആപ്പിൽ തുടരണോ ? നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി
Mail This Article
ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന് എതിരെ റിസർവ് ബാങ്ക് നടപടി ഉണ്ടായെങ്കിലും പേയ്ടിഎം ആപ് 29ന് ശേഷവും നിലവിലുള്ളതു പോലെ പ്രവർത്തിക്കുമെന്നാണ് സ്ഥാപകൻ വിജയ് ശേഖർ ശർമ പറയുന്നത്. 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
എനിക്ക് പേയ്ടിഎമിന്റെ ബാങ്ക് അക്കൗണ്ടില്ല. പക്ഷേ വോലറ്റും ഫാസ്ടാഗും ഉപയോഗിക്കുന്നുണ്ട്. ആർബിഐ തീരുമാനം ബാധിക്കുമോ?
ബാധിക്കാം. പേയ്ടിഎമിന്റെ ഫാസ്ടാഗ്, വോലറ്റ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവ ഉപയോഗിക്കുന്നവരെങ്കിൽ 29 വരെ മാത്രമേ അതിലേക്ക് തുക നിക്ഷേപിക്കാനാവൂ. 29 വരെ കാർഡിലുള്ള തുക പിന്നീടും ഉപയോഗിക്കാം.
പേയ്ടിഎം ആപ്പിലെ യുപിഐ സേവനം?
യുപിഐ സേവനത്തിന് തടസ്സമുണ്ടാകാൻ ഇടയില്ല. എന്നാൽ പേയ്ടിഎം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള യുപിഐ ഐഡി ഉപയോഗിച്ച് 29ന് ശേഷം പണം സ്വീകരിക്കാൻ കഴിഞ്ഞേക്കില്ല. മറ്റ് അക്കൗണ്ടുകൾ ഉപയോഗിച്ച് യുപിഐ ഉപയോഗിക്കാം.
വോലറ്റിലെയും പേയ്ടിഎം ബാങ്ക് അക്കൗണ്ടിലെയും പണം എന്തുചെയ്യണം?
പരിഭ്രമിക്കേണ്ട. അതിലുള്ള തുക നഷ്ടപ്പെടില്ല. അതു തീരും വരെ ഉപയോഗിക്കാം. 29 വരെ ടോപ്–അപ്/ഡിപ്പോസിറ്റ് ചെയ്യുന്നതിനും തടസ്സമില്ല. മറ്റ് ബാങ്കുകളിലേക്ക് അക്കൗണ്ടുകൾ മാറ്റാനാണ് പേയ്ടിഎമിന്റെ ശ്രമം.
വാഹനത്തിലെ പേയ്ടിഎം ഫാസ്ടാഗ് മാറ്റേണ്ടി വരുമോ?
29 വരെ ഫാസ്ടാഗിൽ ലോഡ് ചെയ്യുന്ന പണം ഉപയോഗിച്ച് പിന്നീടും യാത്ര ചെയ്യുന്നതിന് തടസ്സമില്ല. 29 കഴിഞ്ഞ് റീചാർജ് ചെയ്യാൻ കഴിയാതെ വന്നാൽ ഫാസ്ടാഗ് മാറേണ്ടി വരാം. പരിഹാരത്തിനായി പേയ്ടിഎം ശ്രമിക്കുന്നുണ്ട്. പുതിയ ഫാസ്ടാഗ് വിതരണം ചെയ്യുന്നത് പേയ്ടിഎം നിർത്തിവച്ചു.
29ന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം?
പണം സ്വീകരിക്കാനായി പേയ്ടിഎം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ ഒഴിവാക്കുക. അതിലേക്ക് 29ന് ശേഷം പണം സ്വീകരിക്കാനാവില്ല.
ഓഹരി ഇടപാട്, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയ്ക്കുള്ള 'പേയ്ടിഎം മണി'യെ ബാധിക്കുമോ?
ഇല്ല. എന്നാൽ ഇടപാടുകൾക്കായി പേയ്ടിഎം ബാങ്കിന്റെ അക്കൗണ്ടാണ് നൽകിയിരിക്കുന്നതെങ്കിൽ 29ന് മുൻപ് അത് മാറ്റണം. പേയ്ടിഎം വഴിയുള്ള ഡിജിറ്റൽ ഗോൾഡ് ഇടപാടിനും തടസ്സമില്ല.
കടകളിലുള്ള പേയ്ടിഎം ക്യുആർ കോഡ് സൗണ്ട് ബോക്സ്, പിഒഎസ് മെഷീൻ എന്നിവ തടസ്സപ്പെടുമോ?
കടകളിലെ പേയ്മെന്റ് സംവിധാനങ്ങളെ തടസ്സപ്പെടില്ല എന്നാണ് പേയ്ടിഎമിന്റെ ഔദ്യോഗിക വിശദീകരണം. പുതിയ വ്യാപാരികൾക്ക് സൗണ്ട് ബോക്സ് നൽകുന്നതിനും തടസ്സമില്ല.