ചിട്ടിയിൽ പണം അടയ്ക്കുമ്പോൾ ജിഎസ്ടി ബാധകമാണോ?
Mail This Article
കെഎസ്എഫ്ഇ ചിട്ടി തുകയ്ക്ക് ജിഎസ്ടി കൊടുക്കേണ്ടതുണ്ടോ? മാസത്തവണ അടയ്ക്കുമ്പോൾ ജിഎസ്ടി അടയ്ക്കുന്നുണ്ട്. ഇത് കൂടാതെ ചിട്ടി തുകയ്ക്കും ജിഎസ്ടി വേണോ?
സിന്ധു മാധവൻ
ജിഎസ്ടി നിയമത്തിന്റ സെക്‌ഷൻ 2(52) പ്രകാരം മണി, സെക്യൂരിറ്റി തുടങ്ങിയവയ്ക്ക് ജിഎസ്ടി ബാധകമല്ല. ഇത് പ്രകാരം കെഎസ്എഫ്ഇയിൽ മാസത്തവണയായി ചിട്ടിക്കു വേണ്ടി പണം അടയ്ക്കുമ്പോൾ ജിഎസ്ടി കൊടുക്കേണ്ടതില്ല. ഇവിടെ ചിട്ടിപ്പണം ലേലത്തിലൂടെ ആയാലും, നറുക്കെടുപ്പിലൂടെ കിട്ടിയാലും, അതല്ല കാലാവധി തികയുന്ന മുറയ്ക്ക് പിൻവലിച്ചാലും പണം കൈപ്പറ്റുന്ന സന്ദർഭത്തിലാണ് ജിഎസ്ടി നൽകേണ്ടത്. കെഎസ്എഫ്ഇ തരുന്ന സേവനത്തിനായി ഫോർമാൻ'സ് കമ്മിഷൻ അവർക്കു കൊടുക്കേണ്ടതുണ്ട്. നിലവിൽ ചിട്ടി തുകയുടെ 5% ആണ് ഫോർമാൻ'സ് കമ്മിഷൻ. ഈ തുകയുടെ മുകളിൽ 18% ജിഎസ്ടി ആണ് ബാധകം. ജിഎസ്ടി നിയമപ്രകാരം 12% ആയിരുന്ന നികുതി (Notification No. 3/2022 – date 13.07.2022), ഇപ്പോൾ 18% ആക്കി ഉയർത്തിയിട്ടുണ്ട്. ഇതിനു പുറമേ ബാങ്ക്, മുതലായ ധനകാര്യസ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും ജിഎസ്ടിയുടെ പരിധിയിൽ വരുന്നില്ല. പക്ഷെ, ഇക്കൂട്ടർ നൽകുന്ന സേവനങ്ങൾക്ക് മാത്രമേ ജിഎസ്ടി ബാധകമാകൂ എന്നുള്ള കാര്യം പ്രസക്തമാണ്. ഉദാഹരണമായി ബാങ്ക് ചാർജ്, ഡിഡി കമ്മിഷൻ തുടങ്ങിയവ ജിഎസ്ടി പരിധിയിൽ വരുന്നു.
സ്റ്റാൻലി ജയിംസ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി. ( ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in )