സ്വകാര്യവൽക്കരണത്തിന് കേരളത്തിലും പച്ചക്കൊടി, 'കമ്മ്യൂണിസമല്ല, ക്യാപിറ്റലിസമാണ് നല്ലത്' എന്ന് പറയാതെ പറഞ്ഞ ബജറ്റ്
Mail This Article
സർക്കാർ നയം മാറ്റുന്ന കാര്യം ഇന്നത്തെ ബജറ്റിൽ വളരെ വ്യക്തമായിരുന്നു. സ്വകാര്യ വൽക്കരണത്തെ എതിർത്തിരുന്ന കമ്മ്യൂണിസ്റ്റ് നയങ്ങളെ മാറ്റി എല്ലാ മേഖലയും തുറന്നു കൊടുക്കുന്ന നയം പ്രഖ്യാപിച്ചു എന്ന രീതിയിൽ ഇന്നത്തെ ബജറ്റ് അവതരണം വ്യത്യസ്തമായി. സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതു വികസന മാതൃകകൾ കേരളത്തിൽ കൊണ്ടുവരും എന്ന് ബജറ്റിൽ ആവർത്തിച്ചു പറഞ്ഞു.
വിദ്യാഭ്യാസം
വിദേശത്തേക്ക് പഠിക്കാനായി കൂട്ടത്തോടെ കുട്ടികൾ ഒഴുകുന്ന നാടെന്ന നിലയ്ക്ക് ഇവിടെ തന്നെ കുട്ടികളെ പിടിച്ചു നിർത്താൻ സാധിക്കുന്ന രീതിയിൽ വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കും എന്ന് ബജറ്റിൽ പറഞ്ഞിരുന്നു. വര്‍ഷങ്ങളോളം എതിർത്ത നയങ്ങൾ തെറ്റാണെന്നു തിരിച്ചറിഞ്ഞു മാറ്റാൻ ശ്രമിക്കുന്നത് ഈ ബജറ്റിൽ കാണാനായി. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാർത്ഥികളെ അടക്കം ആകർഷിക്കുന്ന രീതിയിൽ പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പടെയുള്ളവയിൽ മാറ്റം വരുത്തും എന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആകർഷിക്കുന്ന പദ്ധതികൾ കൊണ്ടുവരും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ സർവകലാശാലകളെയും, സ്വകാര്യ സർവകലാശാലകളെയും കേരളത്തിൽ സെന്ററുകൾ തുടങ്ങാൻ പ്രേരിപ്പിക്കും.
സിയാൽ മോഡൽ വികസനം
സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച് വൻ വിജയമായ സിയാൽ മോഡൽ വികസനത്തിന് സർക്കാർ പിന്തുണ നൽകും എന്ന പ്രഖ്യാപനവും ഇന്നത്തെ ബജറ്റിൽ ഉണ്ടായിരുന്നു. ഇതിനായി പുതിയ നിയമ നിർമാണം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം മോഡൽ പൂർത്തിയാകുന്നതും സർക്കാരിനെ ഇത്തരം പദ്ധതികൾ തുടങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. ചൈനയുടെ വികസന മാതൃക കേരളത്തിലും നടപ്പിലാക്കും എന്നൊരു ധീരമായ പ്രഖ്യാപനം ബജറ്റിൽ ധനമന്ത്രി നടത്തി.
പുതു നിക്ഷേപ മാതൃക
ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, ഹൈബ്രിഡ് ആന്വിറ്റി മോഡൽ തുടങ്ങിയ പുതുതലമുറ നിക്ഷേപ മാതൃകകൾ കേരളത്തിലും സ്വീകരിക്കും എന്ന പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായി. മെല്ലെപോക്കിൽ നിന്നും, പിന്തിരിപ്പൻ ആശയങ്ങളിൽ നിന്നും മാറി നിക്ഷേപം ഉയർത്താൻ ആവശ്യമായ നിയമപരവും, നയപരവുമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ബജറ്റിൽ പറഞ്ഞു. സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ അനുമതികൾ വേഗത്തിൽ നടപ്പിലാക്കുമെന്നും ധനമന്ത്രി സൂചിപ്പിച്ചു.
ടൂറിസം, വിവര സാങ്കേതിക വിദ്യ
വിനോദ സഞ്ചാരം, ഐ ടി അധിഷ്ഠിത വ്യവസായങ്ങൾ, സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം എന്നിവയിലും സ്വകാര്യ പങ്കാളിത്തത്തിന് സർക്കാർ ഊന്നൽ കൊടുക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകും. ദേശീയ രാജ്യാന്തര പരിപാടികൾ നടത്താൻ കൺവെൻഷൻ സെന്ററുകളും കേരളത്തിൽ തുടങ്ങും. അടുത്ത 3 വർഷത്തിൽ 10000 ഹോട്ടൽ മുറികൾ കേരളത്തിൽ കൂടുതലായി വേണ്ടി വരും എന്ന കണക്കും സർക്കാർ അവതരിപ്പിച്ചു.
കെയർ ഇക്കണോമി
വിശ്രമ ജീവിതത്തിനായി തിരഞ്ഞെടുക്കാവുന്ന ഒരു 'കെയർ ഹബായി' കേരളത്തെ മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. അതിനാൽ ഈ മേഖലയിലും സ്വകാര്യ മൂലധന നിക്ഷേപത്തിന് ധാരാളം സാധ്യത ഉണ്ടെന്നു ധനമന്ത്രി പറഞ്ഞു.
ചുരുക്കത്തിൽ സ്വകാര്യ വൽക്കരണത്തെ എതിർക്കുക എന്ന നയത്തിൽ നിന്ന് സ്വകാര്യ വൽക്കരണത്തിനു കൂടുതൽ പ്രാധാന്യം നൽകി സമ്പദ് വ്യവസ്ഥ കൂടുതൽ വളരാൻ സഹായിക്കുക എന്ന നയത്തിന് പ്രാധാന്യം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യൽ ഇക്കണോമിക് സോണുകളിലൂടെയുള്ള ' ചൈനയുടെ വികസന മാതൃക' സ്വീകരിക്കാം എന്നൊരു കാര്യവും ബജറ്റിൽ എടുത്തു പറഞ്ഞു.