വരും, ആശയങ്ങളില്‍ നിന്ന് ലാഭകരമായ ഒട്ടേറെ വ്യവസായങ്ങള്‍
Mail This Article
ടെക്നോളജി രംഗത്ത് നമ്മുടെ സംസ്ഥാനം മുന്‍നിരയിലാണെന്ന് സൂചിപ്പിക്കുന്നതാണ് 2024ലെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ഐടി വ്യവസായത്തിനും അതിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും ധാരാളം പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ടെക്നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും സൈബര്‍പാര്‍ക്കിനുമുള്ള പ്രഖ്യാപനങ്ങള്‍ ഐടിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. കേരളത്തിലെ ടെക് കമ്പനികള്‍ക്ക് വളരാന്‍ അനുയോജ്യമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റിന് കഴിയും.
ബൗദ്ധിക, മാനുഷിക വിഭവശേഷികള്‍ കേരളത്തില്‍ നിന്ന് ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഐടി രംഗത്ത് 507 കോടി നിക്ഷേപിക്കാനുള്ള തീരുമാനം നിര്‍ണായകമാണ്. കഴിവും വൈദഗ്ധ്യവുമുള്ള ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാനും കൂടുതലാളുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും കഴിയും. ഐടി രംഗം വളര്‍ന്നാല്‍ കൂടുതല്‍ വിദേശനിക്ഷേപവും നമുക്ക് പ്രതീക്ഷിക്കാം. മറ്റ് മേഖലകളിലെയും ഉൽപാദനശേഷി കൂട്ടാന്‍ അത് സഹായകരമാകും.
വിനോദസഞ്ചാര രംഗത്ത് 351.42 കോടി വകയിരുത്തിയ നടപടിയും ഐടി രംഗത്തിന് പരോക്ഷനേട്ടമാണ്. ഉയര്‍ന്ന ജീവിതനിലവാരവും ഉല്ലാസത്തിനും വിനോദത്തിനും പ്രാധാന്യം കൊടുക്കുന്നവര്‍ കേരളത്തില്‍ ജോലി ചെയ്യാന്‍ തയാറാകും. അങ്ങനെ കഴിവുള്ളവരെ കേരളത്തില്‍ തന്നെ പിടിച്ചുനിര്‍ത്താനും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ഈ തീരുമാനം സഹായിക്കുമെന്ന് ഉറപ്പാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൂടുതല്‍ ഫണ്ട് വകയിരുത്തിയത് പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ ഉത്തേജനമാകും. ആശയങ്ങളില്‍ നിന്ന് ലാഭകരമായ വ്യവസായങ്ങളായി മാറാന്‍ ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമാകും..
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സംവിധാനമായ ഫണ്ട് ഓഫ് ഫണ്ട്‌സ് ഇനത്തില്‍ 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഫണ്ട് ഓഫ് ഫണ്ട്‌സ് മുഖേന 46.10 കോടി രൂപയാണ് ഇതിനകം നിക്ഷേപിച്ചിട്ടുള്ളത്.
ലേഖകൻ ആക്‌സിയ ടെക്നോളജീസ് സ്ഥാപക സിഇഒ ആണ്