പൊതുമേഖലയുടെ പുനരുജ്ജീവനത്തിന് കേരളം ചെലവാക്കുന്നത് 279 കോടി
Mail This Article
തിരുവനന്തപുരം∙ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് 279.1 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. 2017–18 മുതൽ 2021–22 വരെയുള്ള കാലത്തു തുടങ്ങിയതും പൂർത്തിയാക്കാൻ കഴിയാത്തതുമായ പദ്ധതികളുടെ പൂർത്തീകരണത്തിനാകും തുക വിനിയോഗിക്കുക. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അടുത്ത സാമ്പത്തികവർഷം തുടങ്ങുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചു. നിലവിൽ 16 എണ്ണത്തിനാണു പെർമിറ്റ് നൽകിയത്. കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിക്ക് ഈ വർഷവും 200 കോടി രൂപ വകയിരുത്തി.
വ്യവസായ മേഖലയ്ക്കായി 1729.13 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ 469.47 കോടി രൂപ അധികം.
എല്ലാ സ്വയം തൊഴിൽ പദ്ധതികളും സംയോജിപ്പിക്കുന്ന സംരംഭക സഹായ പദ്ധതിക്കായി 58.50 കോടി
ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ വായ്പ ബന്ധിത പ്രോജക്ടുകൾക്കു മാർജിൻ മണി ഗ്രാന്റ് 17.06 കോടി
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു 43 കോടി. ഗുണഭോക്താക്കളിൽ 20 ശതമാനം വനിതകൾ
30 കോടിയുടെ കശുവണ്ടി പുനരുജ്ജീവന പദ്ധതി
കാഷ്യൂ ബോർഡിന് 40.81 കോടിയുടെ റിവോൾവിങ് ഫണ്ട്
കെഎസ്ഐഡിസിക്കു 127.5 കോടി. നിക്ഷേപം ആകർഷിക്കുന്നതിന് 22 കോടി. വ്യവസായ പാർക്കുകൾക്കു 14 കോടി
സംരംഭകത്വ പാക്കേജിന് 18.02 കോടി
നവകേരള കർമപദ്ധതിക്ക് 9.20 കോടി
നവകേരള കർമ പദ്ധതി–2ന്റെ നടത്തിപ്പിനു 9.20 കോടി രൂപ നീക്കിവച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ അടങ്കൽ തുക കഴിഞ്ഞ വർഷത്തെ 904.83 കോടിയിൽനിന്ന് 1000 കോടി രൂപയായി ഉയർത്തി. കേരള സ്റ്റേറ്റ് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലി(കെ ഡിസ്ക്)ന് 23 കോടി രൂപയും വകയിരുത്തി.
സ്വകാര്യ നിക്ഷേപകരെ ക്ഷണിക്കുന്നത് സ്വാഗതാർഹം
വ്യവസായം ഉൾപ്പെടെ എല്ലാ മേഖലയിലും സ്വകാര്യ നിക്ഷേപകരെക്കൂടി ക്ഷണിക്കുന്നുവെന്നതു സ്വാഗതാർഹമാണ്. സംരംഭകർക്കു ഗുണകരമായ അന്തരീക്ഷമുണ്ടാക്കാൻ ബജറ്റിലൂടെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ വലിയ മാനുഫാക്ചറിങ് കമ്പനികളെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങളില്ല. കഴിഞ്ഞവർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളിൽ തുക ചെലവിട്ടതു കുറവാണെന്നു കാണാനാകും.
- വിവേക് കൃഷ്ണ ഗോവിന്ദ് (വൈസ് പ്രസിഡന്റ്, ടൈ കേരള)