ലുലു ഐപിഒ: ബാങ്ക് വഴി 8300 കോടി സമാഹരിക്കും
Mail This Article
ദുബായ്∙ ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് താൽപര്യപത്രം ക്ഷണിച്ചു. ബാങ്കുകൾ വഴി 100 കോടി ഡോളർ (8300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. യുഎഇയിലെയും സൗദിയിലെയും ബാങ്കുകളുടെ ക്വട്ടേഷൻ ലുലു ഗ്രൂപ്പ് ക്ഷണിച്ചതായാണ് വിവരം. (എല്ലാ ബാങ്കുകൾക്കും ഒരു നിശ്ചിത തുക, സ്വന്തം നിക്ഷേപ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഓഹരി വിൽപനയ്ക്കു കമ്പനികൾ ഒരുങ്ങുമ്പോൾ, ആദ്യ ഘട്ടത്തിൽ ബാങ്ക് കൺസോർഷ്യങ്ങൾ വഴി പരമാവധി തുക ഓഹരി നിക്ഷേപമായി സ്വീകരിക്കും).
ഗൾഫ് മേഖലയിലെ രണ്ടു രാജ്യങ്ങളിൽ ഒരേ സമയം ഓഹരി വിറ്റഴിച്ചു കൊണ്ടാകും ഐപിഒയിലേക്കുള്ള ലുലുവിന്റെ രംഗപ്രവേശം എന്നും റിപ്പോർട്ടുണ്ട്. അബുദാബിയിലും റിയാദിലുമാണ് ലുലുവിന്റെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നത്. ഇരു സ്ഥലങ്ങളിലെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലുലുവിന്റെ ഓഹരി ലിസ്റ്റ് ചെയ്യും. എന്നാൽ, ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ ലുലു ഗ്രൂപ്പ് തയാറായിട്ടില്ല. ഈ വർഷം അവസാനത്തോടെ ലുലു ഓഹരി വിൽപനയിലേക്കു കടക്കുമെന്നാണ് വിവരം. ഓഹരി വിൽപനയ്ക്കു മുന്നോടിയായി 250 കോടി ഡോളറിന്റെ (20750 കോടി രൂപ) വായ്പ ലുലു ഗ്രൂപ്പ് റീ ഫിനാൻസ് ചെയ്തു. ഇത് ഇക്വിറ്റി ഷെയറുകളായി റീ ഫിനാൻസ് ചെയ്തുവെന്നാണ് വിവരം.
ഗൾഫ് മേഖലയിൽ ഏതെങ്കിലും ഒരു റീട്ടെയ്ൽ ഗ്രൂപ്പ് രണ്ടു രാജ്യങ്ങളിലെ ഓഹരി വിപണികളിൽ ഐപിഒ ഇറക്കുന്നത് അപൂർവ സംഭവമാണ്. നേരത്തെ കെഎഫ്സി, പീത്‌സ ഹട്ട് ഉടമസ്ഥരായ അമേരിക്കാന ഗ്രൂപ്പാണ് ഇത്തരത്തിൽ മധ്യപൂർവ മേഖലയിൽ രണ്ടു സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഐപിഒ ഇറക്കിയത്.