ADVERTISEMENT

കൊച്ചി ∙ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി പ്രതിവർഷം 10,000 കോടി രൂപ മുടക്കുമ്പോൾ 2500 കോടിയുടെ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന പദ്ധതികൾ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു. 60 മെഗാവാട്ട് ഉൽപാദനശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമും 30 വർഷമായിട്ടും പൂർത്തിയാകാത്ത വഞ്ചിയം പദ്ധതിയും (3 മെഗാവാട്ട്) ഉൾപ്പെടെ 127 പ്രോജക്ടുകൾ ഇതിൽപെടുന്നു. ഇവയുടെ മൊത്തം പ്രതിദിന ഉൽപാദനശേഷി 783 മെഗാവാട്ട് . 2016 ൽ പൂർത്തിയാക്കേണ്ടിയിരുന്ന ഭൂതത്താൻകെട്ട് പദ്ധതി തീർക്കാൻ 12 കോടി രൂപ മതിയെങ്കിൽ ഇത് ഇഴയുന്നതിനാലുള്ള ഉൽപാദനനഷ്ടം പ്രതിവർഷം 32 കോടിയാണ്.

തുലാമഴ കുറഞ്ഞ് ഡാമുകളിൽ ജലനിരപ്പു താഴ്ന്നതിനാൽ ആഭ്യന്തര ഉൽപാദനം കുറച്ചിരിക്കുകയാണ്. 

വേനൽ കടുത്തതോടെ ഉപയോഗം കുതിച്ചുയരുന്നതിനാൽ പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത് ഇനിയും കൂടും. ഏപ്രിൽ , മേയ് കാലയളവിൽ ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുമെന്നാണു കണക്കുകൂട്ടൽ. വർഷം മുഴുവനുള്ള കണക്കെടുത്താൽ പ്രതിദിനം ശരാശരി 75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. ഇതിൽ 50 ദശലക്ഷവും പുറത്തുനിന്നു വാങ്ങുന്നു. 2021 ൽ 8577 കോടി രൂപയ്ക്കാണു വൈദ്യുതി വാങ്ങിയതെങ്കിൽ കഴിഞ്ഞവർഷം 10,000 കോടി കടന്നു.

783 മെഗാവാട്ട് എന്നാൽ 20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പള്ളിവാസൽ, തൊട്ടിയാർ, പന്നിയാർ തുടങ്ങിയ പദ്ധതികളിൽ വർഷം മുഴുവൻ ഉൽപാദനം നടത്താമെങ്കിലും ഭൂരിഭാഗം ചെറുകിട പദ്ധതികളിലും 7 മാസം മാത്രമേ സാധ്യമാകൂ. 

kseb

യൂണിറ്റിന് 7 രൂപ കണക്കാക്കിയാൽ, ഇൗ ഉൽപാദന നഷ്ടത്തിന്റെ വിലയാണ് 2500 കോടി രൂപ.‌ യൂണിറ്റിന് 8–12 രൂപ നൽകിയാണ് ഉപയോഗം കൂടുതലുള്ള സമയത്ത് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്.

മുടങ്ങിക്കിടക്കുന്ന പ്രധാന പദ്ധതികൾ

∙ പള്ളിവാസൽ: 60 മെഗാവാട്ട്

∙ ഭൂതത്താൻകെട്ട്: 24 മെഗാവാട്ട്

∙ തൊട്ടിയാർ: 40 മെഗാവാട്ട്

∙ ചെങ്കുളം: 24 മെഗാവാട്ട്

∙ അപ്പർ ചെങ്കുളം: 24 മെഗാവാട്ട്

∙ മാങ്കുളം: 40 മെഗാവാട്ട്

∙ പാമ്പാർ: 40 മെഗാവാട്ട്

∙ കക്കാടംപൊയിൽ: 20 മെഗാവാട്ട്

∙ വക്കലാർ: 24 മെഗാവാട്ട്

∙ ചിന്നാർ: 24 മെഗാവാട്ട്

∙ കീഴാർകുത്ത്: 15 മെഗാവാട്ട്

∙ കരിക്കയം: 15 മെഗാവാട്ട്

∙ വഞ്ചിയം: 3 മെഗാവാട്ട്

English Summary:

Power generation projects are stalled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com