ശ്രീലങ്കയിലും മൊറീഷ്യസിലും യുപിഐ വഴി പണമടയ്ക്കാം
Mail This Article
ന്യൂഡൽഹി∙ ഇനി ശ്രീലങ്കയിലും മൊറീഷ്യസിലും യാത്ര ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് ഗൂഗിൾ പേ, പേയ്ടിഎം അടക്കമുള്ള യുപിഐ ആപ്പുകൾ വഴി വ്യാപാരസ്ഥാപനങ്ങളിൽ പണം നൽകാം. ഇതിനായി ഇന്ത്യയുടെ യുപിഐയും (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്) ശ്രീലങ്കയിലെയും മൊറീഷ്യസിലെയും സമാനമായ പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ചു. വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടിന് അനുമതിയില്ല.
മൊറീഷ്യസിലുള്ളവർക്ക് ഇന്ത്യയിലെത്തുമ്പോഴും വ്യാപാരസ്ഥാപനങ്ങളിലെ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം. ശ്രീലങ്കൻ പൗരന്മാർക്ക് ഈ സേവനം ലഭ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് കുമാർ ജുഗ്‍നാഥ് എന്നിവർ വെർച്വൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ശ്രീലങ്കയിലോ മൊറീഷ്യസിലോ പോകുന്നവർ യുപിഐ ആപ്പിലെ യുപിഐ ഗ്ലോബൽ/യുപിഐ ഇന്റർനാഷനൽ എന്ന ഓപ്ഷൻ ഇനേബിൾ ചെയ്യണം. (ഉദാ: ഗൂഗിൾ പേയിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രമെടുത്ത് Bank Account എന്ന ഓപ്ഷൻ തുറക്കുക. നിങ്ങളുടെ അക്കൗണ്ടിൽ ടാപ് ചെയ്യുമ്പോൾ 'മാനേജ് ഇന്റർനാഷനൽ പേയ്മെന്റ്സ്' കാണാം. ഇത് ഇനേബിൾ ചെയ്യുക. പേയ്ടിഎമിൽ യുപിഐ സെറ്റിങ്സിൽ 'യുപിഐ ഇന്റർനാഷനൽ' എടുക്കാം).
മൊറീഷ്യസിലെത്തുന്ന ഇന്ത്യക്കാർക്ക് റുപേയ് കാർഡ് ഉപയോഗിച്ച് എടിഎം വഴി പണമെടുക്കാനും കാർഡ് സ്വൈപ് (പിഒഎസ്) ചെയ്ത് പണമടയ്ക്കാനും കഴിയും.