കേന്ദ്ര അനുമതിയായില്ല; കേരളം കത്തെഴുത്ത് ‘നടപടി’ തുടരുന്നു
Mail This Article
പാലക്കാട് ∙ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതിയായില്ല. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് അനുമതി ലഭിച്ചില്ലെങ്കിൽ പദ്ധതി തകിടം മറിയും, കേരളത്തിനു വൻ നഷ്ടമാകും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലതവണ സംസ്ഥാന സർക്കാർ കത്തെഴുതിയിട്ടും അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്.
സംസ്ഥാന സർക്കാരും കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപറേഷനുമാണു വ്യവസായ ഇടനാഴി രൂപീകരണത്തിനു നേതൃത്വം നൽകുന്നത്. സംസ്ഥാനം ഭൂമി ഏറ്റെടുത്തു നൽകിയാൽ കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ട 1736 ഏക്കർ സ്ഥലത്തിൽ 85 ശതമാനത്തോളം ഏറ്റെടുത്തതായി കേന്ദ്രത്തെ കേരളത്തിന്റെ നോഡൽ ഏജൻസിയായ കിൻഫ്ര അറിയിച്ചു. 1758 കോടി രൂപ ചെലവു കണക്കാക്കുന്ന ഭൂമിയെടുപ്പിനായി 1333.93 കോടി രൂപ കിഫ്ബി വഴി സംസ്ഥാന സർക്കാർ ചെലവാക്കി. ഇത്രയും വേഗത്തിൽ ഭൂമിയെടുത്തു നൽകിയ കേരളത്തിന്റെ നടപടിയെ അഭിനന്ദിച്ചതിനൊപ്പം ഏറ്റെടുത്ത ഭൂമിയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 1789.82 കോടി രൂപ കേരളത്തിന് അനുവദിക്കാവുന്നതാണെന്നും നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (നിക്ഡിറ്റ്) കേന്ദ്ര സർക്കാരിനു ശുപാർശ നൽകി. എന്നാൽ, ഈ തീരുമാനം കഴിഞ്ഞ് വർഷം ഒന്നായെങ്കിലും കേന്ദ്ര മന്ത്രിസഭ ഈ വിഷയം ചർച്ച ചെയ്ത് അനുമതി നൽകിയിട്ടില്ല.