ഡിജിറ്റൽ സ്വർണം വാങ്ങാം; 16 വരെ അപേക്ഷിക്കാം
Mail This Article
റിസർവ് ബാങ്കിന്റെ ഈ വർഷത്തെ ആദ്യ ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന തുടങ്ങി. 16 വരെ അപേക്ഷിക്കാം. സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. ലോഹരൂപത്തിലുള്ള സ്വർണത്തിന്റെ അതേ മൂല്യം തന്നെയാണിതിനും. പണിക്കൂലി, പണിക്കുറവ്, തേയ്മാനം എന്നിവയെ പേടിക്കേണ്ട. ഭൗതിക രൂപത്തിൽ സ്വർണം സൂക്ഷിച്ചുവയ്ക്കുന്ന ‘റിസ്കും’ ഒഴിവാക്കാം. സ്വർണത്തിന്റെ അന്നത്തെ വിപണി വില മച്യുരിറ്റി തുകയായി ലഭിക്കുന്നതിനു പുറമേ, പ്രതിവർഷം 2.5% പലിശയും ലഭിക്കും. ഒരു ഗ്രാമെങ്കിലും കുറഞ്ഞത് വാങ്ങണം. ഗ്രാമിന് 6263 രൂപയാണ് ബോണ്ടിന്റെ ഇഷ്യൂ വില. ഓൺലൈനായി വാങ്ങുമ്പോൾ 50 രൂപ ഇളവ്. 8 വർഷമാണ് ബോണ്ടുകളുടെ കാലാവധി. അഞ്ചാം വർഷം മുതൽ നിക്ഷേപം പിൻവലിക്കാം. 8 വർഷം കഴിഞ്ഞു പിൻവലിച്ചാൽ ആദായനികുതി നൽകേണ്ട. ഇന്ത്യൻ പൗരത്വമുള്ള ആർക്കും ഗോൾഡ് ബോണ്ട് വാങ്ങാം. വ്യക്തികൾക്ക് ഒരു വർഷം 4 കിലോഗ്രാം വരെ സ്വർണം വാങ്ങാം. ട്രസ്റ്റുകൾക്ക് 20 കിലോഗ്രാം വരെയും. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, സ്റ്റോക് എക്സ്ചേഞ്ചുകൾ, പോസ്റ്റ് ഓഫിസുകൾ എന്നിവ വഴി ബോണ്ട് വാങ്ങാം.