ഇന്ത്യൻ ഉൽപന്നങ്ങൾ വൻതോതിൽ സംഭരിക്കാൻ വാൾമാർട്ട്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിലെ സംരംഭകരുടെ ഉൽപന്നങ്ങൾ വൻതോതിൽ സംഭരിക്കാൻ ലക്ഷ്യമിട്ട് രാജ്യാന്തര റീട്ടെയ്ൽ ഭീമനായ വാൾമാർട്ട്. 'മെയ്ഡ് ഇൻ ഇന്ത്യ' ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനായി വാൾമാർട്ട് ആദ്യമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ഉച്ചകോടി ആരംഭിച്ചു. ഓൺലൈനായി അപേക്ഷ നൽകിയ നൂറുകണക്കിന് സംരംഭകർ ഇന്നും നാളെയുമായി അവരുടെ ഉൽപന്നങ്ങൾ വാൾമാർട്ട് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിക്കും (പിച്ചിങ്). തിരഞ്ഞെടുക്കപ്പെടുന്നവ വാൾമാർട്ടിന്റെ ശൃംഖലയിലൂടെ ലോകമാകെ വിൽക്കും.
നിലവിൽ പല ഇന്ത്യൻ ഉൽപന്നങ്ങളും വാൾമാർട്ട് അവരുടെ മാർട്ടുകളിലൂടെയും ഇ–കൊമേഴ്സ് പോർട്ടൽ വഴിയും വിൽക്കുന്നുണ്ട്. 2027 ആകുമ്പോഴേക്കും പ്രതിവർഷം 1,000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ സംഭരിക്കാനാണ് വാൾമാർട്ട് ലക്ഷ്യമിടുന്നത്. യുഎസിനു പുറത്ത് ഇന്ത്യയിൽ മാത്രമാണ് വാൾമാർട്ട് ഇത്തരമൊരു ലക്ഷ്യമിട്ടിരിക്കുന്നത്.